kannur local

ജനരക്ഷാ യാത്ര; ജില്ല സംഘര്‍ഷ ഭീതിയില്‍



കണ്ണൂര്‍: സിപിഎമ്മിനെയും മുസ്‌ലിം സംഘടനകളെയും കടന്നാക്രമിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും സംഘര്‍ഷഭീതി ഒഴിയുന്നില്ല. പ്രധാനമായും സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലൂടെയാണ് പദയാത്ര കടന്നുപോവുക. ബിജെപി ദേശീയ അധ്യക്ഷന് പുറമെ പാര്‍ട്ടിയുടെ മുഴുവന്‍ സംസ്ഥാന അധ്യക്ഷന്മാരും കേന്ദ്രമന്ത്രിമാരും എംപിമാരും അണിനിരക്കും. എന്നാല്‍ അമിത്ഷായും സംഘവും പങ്കെടുക്കുന്ന ജനരക്ഷായാത്ര കണ്ണൂരില്‍ പോലിസിന് കടുത്ത തലവേദനയാവുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. കാസര്‍കോട്, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലൂടെയാണ് ജനരക്ഷാ യാത്രയുടെ പ്രയാണം. എന്നാല്‍, മറ്റു ജില്ലകളില്‍ ഒരുദിവസം വീതം മാത്രം പരിപാടി നടത്തുമ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലുദിവസത്തെ പര്യടനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അതും ദേശീയ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും അകമ്പടിയോടെ. ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലിസ് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരും. സിപിഎം പാര്‍ട്ടി കേന്ദ്രങ്ങളായ പയ്യന്നൂര്‍-പിലാത്തറ (ഒന്നാം ദിനം), കീച്ചേരി-കണ്ണൂര്‍ (രണ്ടാം ദിനം), മമ്പറം-പിണറായി-തലശ്ശേരി (മൂന്നാം ദിനം), പാനൂര്‍-കൂത്തുപറമ്പ് (നാലാം ദിനം) ഇപ്രകാരമാണ് കണ്ണൂര്‍ ജില്ലയിലെ ജാഥാ റൂട്ട്. സിപിഎം അക്രമങ്ങള്‍ക്കെതിരേ ശക്തമായ വാക്ശരങ്ങള്‍ ബിജെപി നേതാക്കളില്‍നിന്ന് ഉണ്ടാവുകയും ചെയ്യും. ഇത് സിപിഎം കേന്ദ്രങ്ങളെ പ്രകോപിപ്പിക്കാന്‍ ഇടയുണ്ടെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കാതെ യാത്രയ്ക്ക് വഴിയൊരുക്കുക പോലിസിന് വെല്ലുവിളിയാവും. ആകെ 42 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കണ്ണൂരിലെ പദയാത്രയില്‍ 21 കിലോ മീറ്റര്‍ അമിത്ഷാ സഞ്ചരിക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം. മറ്റു ജില്ലകളില്‍ പദയാത്രയും വാഹനയാത്രയും കൂടിയാണെങ്കില്‍ കണ്ണൂരില്‍ പദയാത്ര മാത്രമായിരിക്കും. കേന്ദ്രമന്ത്രിമാരായ അല്‍ഫോണ്‍സ് കണ്ണന്താനം, അര്‍ജുന്‍ മേഗ്‌വാള്‍, ശിവപ്രസാദ് ശുക്ല എന്നിവര്‍ക്ക് പുറമെ ബിജെപി നേതാക്കളായ എച്ച് രാജ, സുരേഷ് ഗോപി, നളീന്‍കുമാര്‍ കട്ടീല്‍, ബി എല്‍ സന്തോഷ്, മനോജ് തിവാരിയും പങ്കെടുക്കുന്നുണ്ട്. കേരളത്തെ ദേശീയരാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം. ക്രമസമാധാന പാലനം സമ്മര്‍ദത്തിലാഴ്ത്തുന്ന ഇത്തരം രാഷ്ട്രീയ പരിപാടികള്‍ പോലിസിന് സൃഷ്ടിക്കുന്ന തലവേദന ചെറുതല്ല. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്താന്‍ ആഭ്യന്തരവകുപ്പ് ഇതിനകം തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായ അമിത്ഷാക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിവരുന്നത്. അര്‍ധസൈനിക വിഭാഗത്തിലെ 25 സിആര്‍പിഎഫ് കമാന്റോകള്‍ അദ്ദേഹത്തിനൊപ്പമുണ്ട്. ഇതുപ്രകാരം കണ്ണൂരിലെ ജനരക്ഷാ യാത്രയുടെ നിയന്ത്രണം പൂര്‍ണമായും ബ്ലാക്ക് കാറ്റിനും ദ്രുതകര്‍മ സേനയ്ക്കുമായിരിക്കും. ഈ ദിവസങ്ങളില്‍ ഗതാഗതതടസ്സത്തിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പദയാത്ര സഞ്ചരിക്കുന്ന റോഡുകള്‍ ഒഴിവാക്കി ഇതര റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
Next Story

RELATED STORIES

Share it