ജനരക്ഷാ യാത്രയ്ക്ക് തുടക്കം

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കുമ്പള: കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര കാസര്‍കോട് കുമ്പളയില്‍ നിന്ന് തുടങ്ങി. കഴിഞ്ഞ 28ന് തിരുവനന്തപുരത്ത് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് 29ന് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആഭ്യന്തരമന്ത്രിയും നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഗ്രൂപ്പ് വിവാദം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ കോണ്‍ഗ്രസ്സിലെ വിഭാഗീയത അവസാനിപ്പിച്ച് ഭരണത്തുടര്‍ച്ച ലക്ഷ്യം വച്ചാണ് ഇന്നലെ വൈകീട്ട് നാലിന് കുമ്പളയില്‍ നിന്ന് ജനരക്ഷാ യാത്ര ആരംഭിച്ചത്.
ജാഥ നയിക്കുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന് പാര്‍ട്ടി പതാക കൈമാറി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജാഥ ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലി മണ്ഡലങ്ങളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജാഥ ഫെബ്രുവരി ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കും. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഭരണത്തിന്റെ പിന്തുടര്‍ച്ച ലക്ഷ്യമിട്ടാണ് യാത്ര നടത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരള സര്‍ക്കാരിന്റെ മദ്യനയത്തിന് സുപ്രിംകോടതി ശുദ്ധിപത്രം നല്‍കിയതോടെ സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഗുജറാത്ത് മോഡല്‍ പരീക്ഷിക്കാന്‍ ശ്രമിച്ച വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടിയെ ജനങ്ങള്‍ തള്ളിക്കളഞ്ഞതായി പ്രസ്‌ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസില്‍ സുധീരന്‍ പറഞ്ഞു.
വെള്ളാപ്പള്ളിയിലൂടെ സംഘപരിവാരം കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ലക്ഷ്യമിടുകയായിരുന്നു. എന്നാല്‍ മതേതരത്വത്തില്‍ വിശ്വസിക്കുന്ന കേരള ജനത ഇതിനെ തുടക്കത്തില്‍ തന്നെ തള്ളിയതായും അദ്ദേഹം പറഞ്ഞു.
സമാധാന ശ്രമങ്ങളുടെ പേരില്‍ സിപിഎമ്മും ആര്‍എസ്എസ്സും തമ്മില്‍ ചര്‍ച്ച നടത്തുന്നത് രഹസ്യ അജണ്ടയാണെന്നും 1977ലെ അനുഭവം സിപിഎമ്മിന് ഇത് സമ്മാനിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. പക്ഷെ 77ല്‍ ജനസംഘവുമായി ചേര്‍ന്ന് സിപിഎം മല്‍സരിച്ചപ്പോള്‍ 110 സീറ്റ് നേടി യുഡിഎഫ് അധികാരത്തിലേറിയ കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it