Flash News

ജനരക്ഷാ യാത്രയ്ക്കു പിന്നാലെ കണ്ണൂര്‍ വീണ്ടും അശാന്തിയില്‍

ജനരക്ഷാ യാത്രയ്ക്കു പിന്നാലെ കണ്ണൂര്‍ വീണ്ടും അശാന്തിയില്‍
X


സമദ് പാമ്പുരുത്തി

കണ്ണൂര്‍: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോള്‍ കണ്ണൂര്‍ ജില്ല വീണ്ടും രാഷ്ട്രീയ അശാന്തിയിലേക്ക്. ഇക്കഴിഞ്ഞ മൂന്നിനായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാന്‍ അമിത് ഷാ പയ്യന്നൂരിലെത്തിയത്. പിലാത്തറ വരെ പദയാത്രയില്‍ സംബന്ധിച്ച അദ്ദേഹം ഡല്‍ഹിയിലേക്കു മടങ്ങിയതാവട്ടെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ അതിരൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചും. തുടര്‍ന്ന് മൂന്നാംദിനത്തിലെ പിണറായി യാത്രയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അണികളുടെ പങ്കാളിത്തം കുറവായതിനാല്‍ അവസാനനിമിഷം പിന്‍മാറി. എന്നാല്‍, ജനരക്ഷാ യാത്ര കണ്ണൂര്‍ വിട്ടതിനു ശേഷം ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ പരക്കെ അക്രമം അഴിച്ചുവിടുകയാണ്. പ്രത്യേകിച്ച് സിപിഎം, ബിജെപി ശക്തികേന്ദ്രങ്ങളായ തലശ്ശേരി, പാനൂര്‍ ഭാഗങ്ങളില്‍. സംഘപരിവാരത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ പരസ്യമായി വധഭീഷണി മുഴക്കാനും മറന്നില്ല. കഴിഞ്ഞ ദിവസം വൈകീട്ട് പാനൂര്‍ കൈവേലിക്കലില്‍ സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ സിഐ ഉള്‍പ്പെടെ 14 പേര്‍ക്കാണു പരിക്കേറ്റത്. സിപിഎമ്മിന്റേതു മാത്രമല്ല, സിപിഐ സമ്മേളനങ്ങളുടെ പ്രചാരണ സാമഗ്രികളും പരക്കെ നശിപ്പിച്ചു. കടമ്പൂരില്‍ കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു. ഇതിനു പിന്നാലെയാണ് ഇന്നലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു സമീപത്തുനിന്ന് വാള്‍ ഉള്‍പ്പെടെ മാരകായുധങ്ങള്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ആഗസ്തില്‍ കണ്ണൂരില്‍ ഉള്‍പ്പെടെ സിപിഎം-ബിജെപി ഉഭയകക്ഷി ചര്‍ച്ച നടത്തി അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ധാരണയിലെത്തിയിരുന്നു. പ്രാദേശിക ഉഭയകക്ഷി ചര്‍ച്ചകളും നടത്തി. എന്നാല്‍ അതിനുശേഷമുണ്ടായ സംഘര്‍ഷം ജനരക്ഷാ യാത്രയോടെ പലയിടത്തും മൂര്‍ച്ഛിച്ചിരിക്കുകയാണ്. അനിഷ്ടസംഭവങ്ങളെ അപലപിക്കുന്നതിനു പകരം അവയെ ന്യായീകരിക്കുന്ന നിലപാടിലാണ് ബിജെപി നേതൃത്വം.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയ സ്ഥലങ്ങളിലെല്ലാം കലാപം ഉണ്ടായിട്ടുണ്ടെന്നും കലാപത്തിന്റെ മറപിടിച്ചാണ് ബിജെപി അധികാരം നേടിയതെന്നും വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് മുസ്‌ലിംകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കുമെതിരേ വിഷംതുപ്പുന്ന പ്രസ്താവനകളാണ് ജനരക്ഷാ യാത്രയിലുടനീളം നടത്തുന്നത്. കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പ്രവര്‍ത്തകരെ പ്രേരിപ്പിക്കുക എന്നതാണ് അമിഷ് ഷായുടെ ലക്ഷ്യമെന്നാണ് സിപിഎം നേതൃത്വത്തിന്റെ ആരോപണം.
നേരത്തെ കൊച്ചിയില്‍ നടന്ന ബിജെപി യോഗത്തില്‍, കേരളത്തില്‍ ഏതുവിധേനയും അധികാരത്തിലെത്തുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചെറുപാര്‍ട്ടികളെ ഉള്‍പ്പെടുത്തി എന്‍ഡിഎ വിപുലപ്പെടുത്താനും നീക്കമുണ്ട്.
Next Story

RELATED STORIES

Share it