Flash News

ജനരക്ഷാ യാത്രയില്‍ വിഷലിപ്ത പ്രസ്താവനകളുമായി നേതാക്കള്‍



കണ്ണൂര്‍: ജനരക്ഷാ യാത്രയിലൂടെ കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കവുമായി ബിജെപി. സിപിഎമ്മിനെയും മുസ്‌ലിം സംഘടനകളെയും അതിരൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചുകൊണ്ടാണ് പദയാത്രയുടെ പ്രയാണം. വിഷംചീറ്റുന്ന പ്രസ്താവനകളുമായി രാജ്യത്തെ തീവ്രഹിന്ദുത്വ നിലപാടുകളുള്ള നേതാക്കളും ജാഥയിലുണ്ട്. ഹിന്ദുത്വ കാര്‍ഡുകള്‍ ഇറക്കി കേരളത്തിലെ സാമുദായികാന്തരീക്ഷം കലുഷിതമാക്കാനാണ് ഇവരുടെ ശ്രമം. ഇതിനായി മുസ്‌ലിംകളെയും കമ്മ്യൂണിസ്റ്റുകളെയും പ്രകോപിപ്പിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുത്ത ജനരക്ഷാ യാത്രയുടെ ഒന്നാംദിന പര്യടനത്തിലുടനീളം സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും വിമര്‍ശിക്കുന്ന കാഴ്ചയായിരുന്നു. വിമര്‍ശനത്തിന്റെ സ്വരം പലപ്പോഴും ഭീഷണിയുടെ ധ്വനിയിലായി. പയ്യന്നൂര്‍ ടൗണ്‍ സ്‌ക്വയറിലെ ഉദ്ഘാടന പ്രസംഗത്തില്‍ അമിത്ഷാ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്തു പറഞ്ഞാണ് കുറ്റപ്പെടുത്തിയത്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മും ബിജെപിയും തുല്യ ഉത്തരവാദിയാണെന്നിരിക്കെ, ഇവയുടെ പാപഭാരം മുഴുവന്‍ സിപിഎമ്മിനു മേല്‍ കെട്ടിവയ്ക്കുന്ന പ്രസ്താവനകളാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. വര്‍ഗീയ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ബിജെപിയുടെ തീവ്രമുഖവും കലാപം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥാണ് ജനരക്ഷാ യാത്രയുടെ രണ്ടാംദിവസത്തെ മുഖ്യാതിഥി. ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ 100 മുസ്‌ലിം പെണ്‍കുട്ടികളെ മതംമാറ്റുമെന്നും ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നമ്മള്‍ 100 മുസ്‌ലിംകളെ കൊല്ലുമെന്നും തുടങ്ങിയ വിവാദപ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ഇദ്ദേഹം ജനരക്ഷാ യാത്രയിലും സമാനമായ പ്രസ്താവനകളാണു നടത്തിയത്. കോടതികളും അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലൗജിഹാദ് കേരളത്തില്‍ ഉണ്ടെന്നാണ് ആദിത്യനാഥിന്റെ ആരോപണം. ഹൈക്കോടതിയുടെ വിചിത്രമായ ഉത്തരവിന്റെ ബലിയാടായി വീട്ടുതടങ്കലില്‍ കഴിയുന്ന ഡോ. ഹാദിയയുടെ കേസ് പരാമര്‍ശിച്ച അദ്ദേഹം, ചില ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തുകയും ചെയ്തു. ഹാദിയയെ തടവിലിടാന്‍ പിതാവിന് അവകാശമില്ലെന്നും കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന ഉത്തരവ് പുനപ്പരിശോധിക്കുമെന്നും കഴിഞ്ഞ ദിവസം സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, കേരളത്തില്‍ ലൗജിഹാദിന്റെ സാന്നിധ്യം സുപ്രിംകോടതി കണ്ടെത്തിയെന്നാണ് യോഗിയുടെ വാദം. ഹാദിയ വിഷയം വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര നേതാക്കളാണ് ഇതിനു പിന്നില്‍. ജനരക്ഷാ യാത്രയ്ക്കു മുന്നോടിയായി ഹാദിയയുടെ പിതാവ് അശോകനെ കുമ്മനം രാജശേഖരന്‍ സന്ദര്‍ശിച്ചതും ഇതിന്റെ ഭാഗമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍, സഹാറന്‍പൂര്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഗുണംചെയ്‌തെന്നു ബിജെപി നേതൃത്വം നേരത്തേ വിലയിരുത്തിയിരുന്നു.  അതിനാല്‍, കേരളത്തിലും എന്തുവില കൊടുത്തും വര്‍ഗീയ ധ്രുവീകരണത്തിലൂടെ ആധിപത്യം നേടുക എന്നതാണ് ബിജെപിയുടെ തന്ത്രം.
Next Story

RELATED STORIES

Share it