Flash News

ജനരക്ഷായാത്ര നടത്തുന്നവര്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചവര്‍ ; ആര്‍എസ്എസ് ഇരകളല്ല: വൃന്ദ കാരാട്ട്‌



ന്യൂഡല്‍ഹി: ആര്‍എസ്എസ് ആക്രമണങ്ങളില്‍ കേരളത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ എണ്ണമെടുത്താല്‍ ആര്‍എസ്എസ് രാഷ്ട്രീയ സംഘട്ടനത്തിന്റെ ഇരകളല്ലെന്ന് വ്യക്തമാവുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആരംഭിച്ച ജനരക്ഷാ യാത്രയ്ക്കിടെ അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ സിപിഎമ്മിനെതിരേ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍. 2000 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ പ്രകാരം സിപിഎം നേതാക്കള്‍ പ്രവര്‍ത്തകര്‍, അനുഭാവികള്‍ ഉള്‍പ്പെടെ 85 പേരെ ആര്‍എസ്എസ് കേരളത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ട്. സാഹചര്യം ഇതാണെന്നിരിക്കെയാണ് ബിജെപി നേതാക്കള്‍ സംഘപരിവാര പ്രവര്‍ത്തകരെ ഇരകളാക്കി ഉയര്‍ത്തിക്കാട്ടുന്നതെന്നും വൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. ഇക്കാര്യം കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമാണ്. സംസ്ഥാനത്തെ സൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ് നീക്കം ജനങ്ങള്‍ തടയുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ അക്രമങ്ങള്‍ക്കെതിരേ നടത്തിവരുന്ന ജനരക്ഷായാത്രയുടെ നേതൃത്വത്തിലുള്ളവര്‍ രാജ്യത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചവരില്‍ വിദഗ്ദരാണെന്നും വൃന്ദ കാരാട്ട് ആരോപിച്ചു.ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വൃന്ദ കാരാട്ട് വിമര്‍ശിച്ചു. ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്‌സിജന്‍ നല്‍കാതെ കുട്ടികള്‍ മരിക്കാനിടയായ സംഭവം അവര്‍ ചൂണ്ടിക്കാട്ടി. യോഗി കേരളത്തിലെ ആശുപത്രികളെ കുറിച്ച് പഠിക്കുന്നത് സംസ്ഥാനത്തെ ആരോഗ്യ നിലവാരത്തെകുറിച്ചും, ആശുപത്രി സംവിധാനത്തെപറ്റിയും മനസ്സിലാക്കാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it