kannur local

ജനരക്ഷായാത്രയ്ക്ക് മറുപടിയുമായി സിപിഎം സത്യഗ്രഹം ഇന്ന്



കണ്ണൂര്‍: ജനരക്ഷായാത്രയിലൂടെ ബിജെപി നടത്തുന്ന വിദ്വേഷപ്രചാരണങ്ങള്‍ക്ക് കണ്ണൂരില്‍തന്നെ സിപിഎം മറുപടി നല്‍കുന്നു. ആര്‍എസ്എസ്-ബിജെപി അക്രമത്തിന് ഇരയായവരെ അണിനിരത്തിയുള്ള സത്യഗ്രഹം ഇന്നു രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കും. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ആര്‍എസ്എസ് അക്രമത്തില്‍ പരിക്കേറ്റവരും ബഹുജന കൂട്ടായ്മയില്‍ പങ്കെടുക്കും. ഒരുദിവസം നീളുന്ന സത്യഗ്രഹവും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയും ഒരുക്കാനാണ് തീരുമാനം. രാവിലെ 10ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലാകാരന്മാര്‍ ഫാഷിസ്റ്റ് വിരുദ്ധ ചിത്രരചന, കവിതകള്‍, കഥകള്‍ എന്നിവ അവതരിപ്പിക്കും. സമാപന സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ജനരക്ഷായാത്രയിലെ ആരോപണങ്ങളെ ദേശീയതലത്തില്‍ പ്രതിരോധിക്കാനാണ് പാര്‍ട്ടി തീരുമാനം. മൂന്നു സംസ്ഥാനത്തു മാത്രം സജീവമായ സിപിഎമ്മിനെ 17 സംസ്ഥാനങ്ങളില്‍ അധികാരമുള്ള ബിജെപി ദേശീയ നേതാക്കളെ അണിനിരത്തി പ്രതിരോധിക്കുന്നുണ്ടെങ്കില്‍ അതു രാഷ്ട്രീയവിജയമാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്ത ല്‍. സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചാണ് കണ്ണൂരില്‍ സിപിഎം പാര്‍ട്ടിഗ്രാമങ്ങളിലൂടെ ജനരക്ഷായാത്ര കടന്നുപോയത്. എന്നാല്‍, പിണറായി ഗ്രാമത്തിലൂടെയുള്ള യാത്രയെ ഹര്‍ത്താ ല്‍ നടത്തി പ്രതിരോധിക്കാന്‍ സിപിഎമ്മിനായി. സംഘാടനത്തിലെ പിഴവ് മൂലം പിണറായി യാത്രയില്‍നിന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയത് ബിജെപിക്ക് വരുത്തിയ ക്ഷീണം ചെറുതല്ല.  ഇതും സിപിഎമ്മിന് അനുകൂലമായി. കേരളത്തിലെ ആശുപത്രികളെ കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശം ദേശീയതലത്തില്‍ യാത്രയ്ക്ക് മങ്ങലേല്‍പ്പിച്ചു. കൂടാതെ, ഇല്ലാത്ത ലൗ ജിഹാദ് ചൂണ്ടിക്കാട്ടി മുസ്‌ലിംകളെ കടന്നാക്രമിച്ചതും ബിജെപിക്ക് വിനയായി. സംസ്ഥാനത്തുടനീളം രാഷ്ട്രീയാക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിലേറെയും സിപിഎം പ്രവര്‍ത്തകരാണെന്ന് കണക്കുനിരത്തി സിപിഎം പ്രതിരോധിച്ചിട്ടുണ്ട്. ഇതോടൊപ്പം അക്രമത്തിനിരയായവരുടെ ദൈന്യത പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നുകാട്ടാനാണ് സത്യഗ്രഹത്തിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it