kozhikode local

ജനമൈത്രി പോലിസ് തുണച്ചു; കാടിന്റെ മക്കള്‍ നഗരക്കാഴ്ചകള്‍ കണ്ടു മടങ്ങി

വാണിമേല്‍: ജനമൈത്രി പോലിസ് തുണയായപ്പോള്‍ കാടിന്റെ മക്കള്‍ നഗരത്തിലെത്തി. മലയോര മേഖലയായ വിലങ്ങാട്ടെ ആദിവാസി കോളനികളില്‍ നിന്ന് പോലിസ് വാഹനത്തില്‍ കോഴിക്കോട് എത്തിയതാണ് 35 പേരടങ്ങുന്ന ആദിവാസി വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും. വിലങ്ങാട് അടുപ്പില്‍ കെട്ടില്‍ കോളനികളിലെ അഞ്ചു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് കോഴിക്കോട് നഗരം കാണാനെത്തിയത്.
റൂറല്‍ എസ്പി എം കെ പുഷ്‌ക്കരന്‍, ഡിവൈഎസ്പി വി കെ രാജു എന്നിവര്‍ മുന്‍ കൈയെടുത്താണ് ജനമൈത്രീ പോലിസിന്റെ സഹായത്തോടെ കോഴിക്കോട് ടൗണും പരിസരവും സന്ദര്‍ശിക്കാന്‍ എത്തിയത്. ഇന്നലെ രാവിലെ ഏഴര മണിക്ക് വിലങ്ങാട് നിന്നും പോലിസ് ബസ്സിലാണ് 22 പെണ്‍കുട്ടികളും 13 ആണ്‍കുട്ടികളും വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈ സ്‌കൂളിലെ രണ്ടു അധ്യാപകര്‍ക്കൊപ്പം യാത്ര തിരിച്ചത്.
മലയോര മേഖലയിലെ ഉള്‍ഭാഗങ്ങളില്‍ കാടിന്റെയും കാട്ടരുവികളുടെയും സംഗീതം ശ്രവിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്തിരുന്ന കുട്ടികള്‍ക്ക് ടൗണിന്റെ പകിട്ടും ആരവവും തിരക്കും വാഹനങ്ങളും, വലിയ കെട്ടിടങ്ങളും പ്ലാനറ്റേറിയത്തിലെ നക്ഷത്ര ലോകവും  ദീപാലംകൃതമായ കോഴിക്കോട് നഗരവും എല്ലാം തികഞ്ഞ കൗതുകം തന്നെയായിരുന്നു. ബേപ്പൂര്‍ തുറമുഖം, പ്ലാനറ്റോറിയം, കടല്‍ത്തീരം എന്നിവിടങ്ങളില്‍ എത്തിയ കുട്ടികള്‍ അക്ഷരാര്‍ത്ഥത്തില്‍ മതിമറന്ന് ആര്‍ത്തുല്ലസിക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവര്‍ ബീച്ചില്‍ എത്തിയത്. മണല്‍പ്പരപ്പില്‍ ചാടിക്കളിച്ചും കടലിലേക്കിറങ്ങി തിരമാലകളെ തലോടിയും ചില കുട്ടികള്‍ ആഹ്ലാദം പങ്കിട്ടപ്പോള്‍ മറ്റു ചിലര്‍ക്ക് പരിഭ്രമമായിരുന്നു.
Next Story

RELATED STORIES

Share it