thrissur local

ജനപ്രതിനിധികള്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ശക്തം

മാള: ജലനിധി പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികളും എം എല്‍ എയും ഇടപെട്ട് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ശക്തം. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന അവസരത്തില്‍ അടിയന്തിരമായി മള്‍ട്ടി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുന്നതിന് വേണ്ടി അഡ്വ വി ആര്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ അടിയന്തിരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നാണ് ശക്തമായി ഉയരുന്ന ആവശ്യം.
വെള്ളക്കരം നിശ്ചയത്തിന്റെയും മറ്റു പ്രവര്‍ത്തനങ്ങളുടെയും അപാകതകള്‍ വിശദമായി പഠിക്കാന്‍ ഒരു കമ്മിറ്റിയ നിശ്ചയിക്കണമെന്നും സംഘടനകളും ജനങ്ങളും ആവശ്യപ്പെടുന്നു. മാള, പൊയ്യ, കൂഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന മള്‍ട്ടി ഗ്രാമപഞ്ചായത്ത് ജലനിധി പദ്ധതി ജന ചൂഷണ പദ്ധതിയായി മാറിയെന്നാണ് ഉയരുന്ന ആരോപണം.
പഞ്ചായത്തുകളെയും വാട്ടര്‍ അതോറിറ്റിയെയും ഉപഭോക്താക്കളെയും പങ്കാളികളാക്കികൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ചാലക്കുടി പുഴയില്‍ നിന്നാണ് വാട്ടര്‍ അതോറിറ്റി വെള്ളം പമ്പ് ചെയ്ത് നല്‍കുന്നത്. കേരളത്തില്‍ രണ്ടാംഘട്ട ജലനിധി പദ്ധതിയുടെ ഭാഗമായി 117 പഞ്ചായത്തുകളിലായി 1022 കോടി രൂപയുടെ പദ്ധതി ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്നു. സര്‍ക്കാരില്‍ നിന്നും 75 ശതമാനവും പഞ്ചായത്തുകള്‍ 15 ശതമാനവും ഉപഭോക്താക്കള്‍ 10 ശതമാനവുമാണ് പദ്ധതി വിഹിതം. കേരള ഗ്രാമീണ ശുദ്ധജല വിതരണ ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ജലനിധി പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഏകദേശം 64 കോടിയില്‍പരം രൂപ ചിലവു ചെയ്താണ് ആറ് പഞ്ചായത്തുകളില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. 2012 ല്‍ മുന്‍ എം എല്‍ എ ടി എന്‍ പ്രതാപനാണ് ഈ പദ്ധതി പഴയ മാള മണ്ഡലത്തില്‍ കൊണ്ടുവന്നത്. ജലനിധി പദ്ധതിയുടെ നടത്തിപ്പിനായി ഒരോ പഞ്ചായത്തിലും സ്‌കിം ലെവല്‍ കമ്മറ്റികള്‍ രൂപീകരിച്ച് ചാരിറ്റബിള്‍ ആക്ട് പ്രകാരം ജില്ലാ റജിസ്ടാര്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്മറ്റികളാണ് വാട്ടര്‍ അതോറിറ്റിയില്‍ നിന്നും വെള്ളം വിലയ്ക്ക് വാങ്ങി വിതരണം നടത്തുന്നതും വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതും. എല്ലാ ഗ്രാമപഞ്ചായത്തുകളിലേയും സ്‌കിം ലെവല്‍ കമ്മറ്റികളുടെ ഭരണകാലാവധി മാര്‍ച്ച് 31ന് അവസാനിക്കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുറഞ്ഞ വിലയ്‌ക്കോ വാട്ടര്‍ അതോറിറ്റിയുടെ നിരക്കിനോ 24 മണിക്കൂറും വെള്ളം നല്‍കാമെന്ന വാഗ്ദാനത്തിലാണ് ഉപഭോക്താക്കളെ ഈ പദ്ധതിയില്‍ സ്‌കിം ലെവല്‍ ഭാരവാഹികള്‍ ചേര്‍ത്തത്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ കാറ്റില്‍പറത്തി ഭീമമായ വെള്ളക്കരമാണ് ഈടാക്കുന്നത്. ഒരു മാസം വെള്ളക്കരം അടയ്ക്കാന്‍ വൈകിയാല്‍ രണ്ട് ശതമാനം പിഴപലിശ വാട്ടര്‍ അതോറിറ്റി ഈടാക്കുമ്പോള്‍ ജലനിധിക്കാര്‍ 25 ശതമാനമാണ് പിഴപ്പലിശ ഇടാക്കുന്നത്. ഗാര്‍ഹികേതര കണക്ഷനുകള്‍ക്ക് പതിനഞ്ചായിരം ലിറ്റര്‍ വരെ 150 രൂപയും തുടര്‍ന്നുവരുന്ന ഒരോ ആയിരം ലിറ്ററിന് 21 രൂപ പ്രകാരവുമാണ് വാട്ടര്‍ അതോറിറ്റി വെള്ളക്കരം ഈടാക്കുന്നത്. എന്നാല്‍ ജലനിധി പദ്ധതിയില്‍ പതിനായിരം ലിറ്റര്‍ വരെ നൂറ്റമ്പതും തുടര്‍ന്ന് 15000 ലിറ്റവരെ ഒരോ ആയിരം ലിറ്ററിന് നൂറ് വീതവും പിന്നീടുവരുന്ന ആയിരം ലിറ്ററിന് 250 രൂപ വീതവുമാണ് വെള്ളക്കരം.  ജലനിധി പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളുടെ ചുറ്റുമുള്ള പഞ്ചായത്തുകളില്‍ ചാലക്കുടി പുഴയില്‍ നിന്നുള്ള വെള്ളം തന്നെയാണ് മിതമായ വിലയ്ക്ക് വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നതാണ് ഇതിലെ വിരോധാഭാസം. ജലനിധി പദ്ധതി പ്രകാരം വെള്ളം വിതരണം നടത്തുന്നതിനായി അഞ്ച് പഞ്ചായത്തുകളിലും വാട്ടര്‍ ടാങ്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി ബള്‍ക്ക് മീറ്റര്‍ പദ്ധതി പ്രകാരം ഒരോ പഞ്ചായത്തിലെയും ടാങ്കുകളിലേയ്ക്ക് ശുദ്ധീകരിച്ച വെള്ളം എത്തിച്ചു നല്‍കുകയെന്ന ഉത്തരവാദിത്വം മാത്രമാണ് ചെയ്യുന്നത്. അവിടെ സ്ഥാപിച്ചിരിക്കുന്ന മീറ്ററില്‍ കാണുന്ന വെള്ളത്തിന്റെ അളവിലുള്ള വിലയാണ് ജലനിധി കൊടുക്കേണ്ടതായി വരുന്നത്. പലയിടങ്ങളിലും തുടര്‍ച്ചയായി പൈപ്പുകള്‍ പൊട്ടുന്നത് ഇതുമൂലമാണെന്ന് നാട്ടുകാര്‍ ചൂണ്ടികാണിക്കുന്നു. വാട്ടര്‍ അതോറിറ്റി ആയിരം ലിറ്റര്‍ വെള്ളത്തിന് ആറ് രൂപ എന്ന നിരക്കിലാണ് നല്‍കുന്നത്. ഇങ്ങനെ ലഭിക്കുന്ന വെള്ളം കൂടുതല്‍ വിലയ്ക്ക് വിറ്റ് ലാഭം ഉണ്ടാക്കാനുള്ള തന്ത്രപാടിലാണ് ഒരോ സ്‌കിം ലെവല്‍ കമ്മറ്റികളും.
വിവരവകാശ രേഖകള്‍ പ്രകാരം തൃശൂര്‍ ജില്ലാ റജിസ്ട്രാര്‍ ഓഫീസില്‍ മാള പഞ്ചായത്ത് സ്‌കിം ലെവല്‍ കമ്മറ്റിയൊഴികെ മറ്റു അഞ്ച് പഞ്ചായത്ത് സ്‌കിം ലെവല്‍ കമ്മറ്റികള്‍ ഫയല്‍ ചെയ്ത കണക്കുകള്‍ അവ്യക്തത നിറഞ്ഞതാണെന്ന് ആക്ഷേപമുണ്ട്. മാള സ്‌കിം ലെവല്‍ കമ്മറ്റി ഇതുവരെ ഒരു കണക്കുകളും ഫയല്‍ ചെയ്തിട്ടില്ല. ഇതുമൂലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഴിമതിയ്ക്ക് വഴിയാരുക്കും. നിലവില്‍ ചുരുങ്ങിയ വിലയ്ക്ക് വെള്ളം ലഭിച്ചിരുന്ന വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കളെയും ജലനിധി പദ്ധതിയിലേയ്ക്ക് വാട്ടര്‍ അതോറിറ്റി തളളിവിടുന്നതുമൂലം ഭീമമായ സംഖ്യ ഈ ഉപഭോക്താക്കളും അടയ്ക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിനെതിരെ ഉപഭോക്താക്കള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
Next Story

RELATED STORIES

Share it