thrissur local

ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചൊല്ലി

ചാവക്കാട്: വിവിവധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ചാവക്കാട് നഗരസഭയില്‍ വരണാധികാരിയായ ആര്‍ഡിഒ പി മോഹനന്‍ കൗണ്‍സിലിലെ മുതിര്‍ന്ന അംഗം പി വിശ്വംഭരന് സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഒന്നു മുതല്‍ 32 വരേയുള്ള വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ക്ക് പി ഐ വിശ്വംഭരന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. എല്‍ഡിഎഫ് സ്വതന്ത്ര അംഗം സലീം പനന്തറയും യുഡിഎഫ് അംഗങ്ങളും ഒഴികേയുള്ള മുഴുവന്‍ എല്‍ഡിഎഫ് അംഗങ്ങളും ദൃഢപ്രതിജ്ഞയെടുത്താണ് സത്യവാചകം ചൊല്ലിയത്.
ഇക്കഴിഞ്ഞ കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗം പി എം സുലൈമുവിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. കെ വി അബ്ദുല്‍ ഖാദര്‍, മുന്‍ ചെയര്‍മാന്‍ എ കെ സതീരത്‌നം, എം ആര്‍ രാധാകൃഷ്ണന്‍ സംസാരിച്ചു.
കടപ്പുറം പഞ്ചായത്തില്‍ വരണാധികാരി രാജന്‍ വര്‍ഗീസ് മുതിര്‍ന്ന അംഗം എം കെ ഷണ്‍മുഖന് സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഒന്നു മുതല്‍ 16 വരേയുള്ള വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് ഷണ്‍മുഖന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഴുവന്‍ അംഗങ്ങളും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. അനുമോദന യോഗത്തില്‍ തെക്കരകത്ത് കരീം ഹാജി, സി കാദര്‍, കെ വി അഷറഫ് സംസാരിച്ചു.
ഒരുമനയൂര്‍ പഞ്ചായത്തില്‍ വരണാധികാരി കെ ജി മഹേന്ദ്രന്‍ മുതിര്‍ന്ന അംഗം കെ വി രവീന്ദ്രന് സത്യ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് ഒന്നു മുതല്‍ 13 വരേയുള്ള വാര്‍ഡുകളിലെ അംഗങ്ങള്‍ക്ക് കെ വി രവീന്ദ്രന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഎമ്മിലെ രണ്ട് അംഗങ്ങള്‍ ഒഴികെ മുഴുവന്‍ അംഗങ്ങളും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ വരണാധികാരി വി കെ മോഹന്‍ദാസ് മുതിര്‍ന്ന അംഗം എന്‍ വി ഹൈദരാലിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് 13 ഡിവിഷനുകളിലെ അംഗങ്ങള്‍ക്ക് എന്‍ വി ഹൈദരാലി സത്യവാചകം ചൊല്ലിക്കൊടുത്തു. സിപിഎം അംഗങ്ങളായ മൂന്ന് പേര്‍ ഒഴികെ എല്ലാവരും ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
Next Story

RELATED STORIES

Share it