kozhikode local

ജനപ്രതിനിധികള്‍ വികസന രാഷ്ട്രീയത്തിനായി ഒന്നിക്കണം: ജോയ് ഇളമണ്‍

കോഴിക്കോട്: വികസനത്തില്‍ രാഷ്ട്രീയം മറന്ന് വികസന രാഷ്ട്രീയമെന്ന ഏക മാര്‍ഗം ജനപ്രതിനിധികള്‍ സ്വീകരിക്കണമെന്ന് കില ഡയറക്ടര്‍ ജോയ് ഇളമണ്‍. ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികളിലെ തുക എത്ര ചെലവാക്കി എന്നതിലല്ല ഓരോ പദ്ധതികള്‍ കൊണ്ടും നാടിന് എത്രത്തോളം നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നു എന്നതാണ് പ്രധാനം. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ ഉള്‍ക്കൊണ്ട് അവരെ കൂടി പരിഗണിച്ചു വേണം പദ്ധതികള്‍ നടപ്പാക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷനായി. പ്രവാസികള്‍, ട്രാന്‍സ്‌ജെന്റര്‍, തീരദേശ വികസനം, മലയോര വികസനം, കാര്‍ഷിക മേഖല തുടങ്ങിയവയ്ക്ക് പദ്ധതിയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെ ജില്ലയുടെ മൊത്തം വികസനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ജലാശങ്ങളുടെ സംരക്ഷണത്തിനായി കുറ്റിയാടി പുഴ, രാമന്‍പുഴ മഞ്ഞന്‍പുഴ, പൂളയന്‍കര ചാലി എന്നീ ജലാശയങ്ങളുടെ സംരക്ഷണം, വനിതകള്‍ക്ക് തൊഴില്‍ പരിശീലനം, വയോജന പദ്ധതികള്‍, മെഡിക്കല്‍ കോളജിന് വെന്റിലേറ്ററുകള്‍ എന്നിവ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
മികച്ച പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ്, ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച നാടക രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ സുലൈമാന്‍ കക്കോടി, രണ്ടാം സ്ഥാനത്തിനര്‍ഹനായ സുനില്‍ നാഗമ്പാറ എന്നിവരെയും 2017ലെ മികച്ച ഗ്രാമപ്പഞ്ചായത്തായി തിരഞ്ഞെടുത്ത നാദാപുരം പഞ്ചായത്തിനെയും ചടങ്ങില്‍ ആദരിച്ചു.
Next Story

RELATED STORIES

Share it