thiruvananthapuram local

ജനപ്രതിനിധികള്‍ മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു : മുഖ്യമന്ത്രി



തിരുവനന്തപുരം: മാലിന്യം നിറഞ്ഞ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ വിധിക്കപ്പെട്ട  ജനപ്രതിനിധികള്‍ മാലിന്യകൂമ്പാരങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യകേരളം പദ്ധതിയുടെ  ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ നടത്തിയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമായിരുന്നുവെങ്കിലും പലസ്ഥലങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ തൃപ്തികരമായ ഇടപെടലുകള്‍  ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ മുക്കുംമൂലയും വൃത്തിയായിരിക്കുക പരമപ്രധാനമാണ്.  അതിന് ജനപ്രതിനിധികളുടെ ഇടപെടലുകള്‍ അത്യാവശ്യമാണ്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ലക്ഷ്യം ശുചിത്വവത്കരണമായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശുചിത്വവല്‍കരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ധാരാളം പരിപാടികള്‍ നടക്കുന്നുണ്ട്.  എന്നാല്‍ ചിലര്‍ ഒന്നും ശ്രദ്ധിക്കുന്നില്ല. ഈ കുറവ് പരിഹരിക്കാന്‍ ശ്രമമുണ്ടാവണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനാധികാരികള്‍ ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെകെ ശൈലജ, കെ രാജു സംബന്ധിച്ചു.  കൊല്ലം ജില്ലാ പഞ്ചായത്താണ് സംസ്ഥാനതലത്തില്‍ ഒന്നാം സമ്മാനമായ പത്ത് ലക്ഷം രൂപയ്ക്ക് അര്‍ഹമായത്.  രണ്ടാം സമ്മാനമായ  അഞ്ച് ലക്ഷം രൂപയ്ക്ക് മലപ്പുറം ജില്ലാപഞ്ചായത്തും, മൂന്നാം സമ്മാനമായ മൂന്ന് ലക്ഷം രൂപയ്ക്ക് കാസര്‍കോഡ് ജില്ലാ പഞ്ചായത്തും അര്‍ഹമായി.
Next Story

RELATED STORIES

Share it