malappuram local

ജനപ്രതിനിധികള്‍ ആരും എത്തിയില്ല; രോഷാഗ്‌നിയില്‍ ദുരിതബാധിതര്‍

പൊന്നാനി: കടലാക്രമണം ദുരന്തം വിതച്ച പൊന്നാനിയില്‍ ജനപ്രതിനിധികള്‍ എത്തിനോക്കാത്തതില്‍ ദുരിതബാധിതര്‍ കടുത്ത അമര്‍ഷത്തില്‍. കഴിഞ്ഞ പത്ത് കൊല്ലത്തിനിടയില്‍ ഉണ്ടായിട്ടില്ലാത്ത കനത്ത നാശനഷ്ടമാണ് നാലുദിവസത്തെ കടലാക്രമണത്തില്‍ പൊന്നാനിയിലും വെളിയങ്കോടും ഉണ്ടായത്. എന്നാല്‍ സ്ഥലം എംഎല്‍ എ കൂടിയായ നിയമസഭാ സ്പീക്കര്‍ ഇനിയും ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ചിട്ടില്ല.
ഡിസ്‌കിന് തകരാറ് സംഭവിച്ച് ഒരാഴ്ചയിലധികമായി കോയമ്പത്തൂരില്‍ ചികില്‍സയില്‍ കഴിയുകയാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഇനിയും ഒരാഴ്ച കൂടി കഴിഞ്ഞാലെ ചികില്‍സ പൂര്‍ത്തിയാകൂ. വരാന്‍ കഴിയാത്തതില്‍ വിശദീകരണവുമായി സ്പീക്കര്‍ ഫേസ് ബുക്കില്‍ കുറിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇക്കാര്യം ദുരിതബാധിതരെ അറിയിച്ചിട്ടുണ്ട്.
ചെറിയ കാര്യങ്ങള്‍ക്കുപോലും പൊന്നാനിയില്‍ ഓടിയെത്തുന്ന ജനപ്രതിനിധിയെ കാണാത്തതിലുള്ള വിഷമം നാട്ടുകാര്‍ പങ്കുവക്കുന്നുണ്ടെങ്കിലും ആശുപത്രിയിലായതിനാ ല്‍ ദുരിതബാധിതരും നിസ്സഹായരായി. സ്ഥലം എംപിയായ ഇ ടി മുഹമ്മദ് ബഷീറും ഇനിയും ദുരിതബാധിത പ്രദേശത്ത് എത്തിയിട്ടില്ല. ഉത്തരേന്ത്യന്‍ പര്യടനത്തിലായതിനാലാണ് എംപിക്ക് വരാന്‍ കഴിയാതെ പോയത്. എംപി വരാന്‍ കഴിയാത്തതിനെതിരെ ഇടതു പ്രവര്‍ത്തകരും എംഎല്‍എ വരാത്തതിനെതിരെ വലതുപക്ഷക്കാരും പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജില്ലയിലെ ഏക മന്ത്രിയും പൊന്നാനിയുടെ തൊട്ടടുത്ത മണ്ഡലത്തിലെ ജനപ്രതിനിധിയുമായ മന്ത്രി കെ ടി ജലീല്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കാത്തതില്‍ പാര്‍ട്ടി പ്രവര്‍ത്തര്‍ക്കിടയിലും രൂക്ഷമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൊന്നാനി ചമ്രവട്ടത്ത് കടയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി തൊട്ടടുത്തുള്ള ദുരിതബാധിത പ്രദേശങ്ങളോ ദുരിതാശ്വാസ ക്യാംപുകളോ സന്ദര്‍ശിക്കാതെ തിരിച്ചുപോയത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കൊണ്ടു പോയില്ലെന്നാണ് ഇക്കാര്യത്തില്‍ മന്ത്രിയുടെ വിശദീകരണം. മന്ത്രിയുടെ ഉദ്ഘാടനത്തിനായുള്ള വരവ് തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി ഘടകങ്ങളുടെ മറുപടി.
നേരത്തേ പാര്‍ട്ടി ഘടകങ്ങളെ അറിയിക്കാതെ ഉദ്ഘാടനങ്ങളടക്കമുള്ള ചടങ്ങുകളില്‍ സംബന്ധിക്കുന്നതിനെതിരെ പാര്‍ട്ടി ഘടകങ്ങളില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. വികസന കാര്യങ്ങള്‍ പലപ്പോഴും പാര്‍ട്ടിപ്രവര്‍ത്തകര്‍ അറിയുന്നത് പത്രങ്ങളിലൂടെയാണന്നാണ് കീഴ്ഘടകങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിച്ച വിമര്‍ശനം.
പൊന്നാനിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും പ്രധാനപ്പെട്ട ആരും ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് നാട്ടുകാര്‍ പ്രതികരിക്കുന്നത്. ദുരിതബാധിതരെ എത്രനാള്‍ ആശ്വസിപ്പിക്കും എന്ന സങ്കടത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
Next Story

RELATED STORIES

Share it