Flash News

ജനപ്രതിനിധികള്‍ക്കെതിരായ കേസ് : പ്രത്യേക കോടതി വേണം - സുപ്രിംകോടതി

ന്യൂഡല്‍ഹി: പാര്‍ലമെന്റ്, നിയമസഭാ അംഗങ്ങള്‍ക്ക് എതിരായ കേസുകളില്‍ അതിവേഗ വിചാരണ നടത്താന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്ന് സുപ്രിംകോടതി. ഇത്തരത്തില്‍ കോടതി സ്ഥാപിക്കാനുള്ള നടപടിക്രമങ്ങളെ കുറിച്ച് അറിയിക്കാന്‍ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും നവീന്‍ സിന്‍ഹയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് ജീവിതകാലം മുഴുവനും വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി വക്താവും അഭിഭാഷകനുമായ അശ്വിനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. നിലവില്‍ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിച്ചാല്‍ ആറു വര്‍ഷം വരെയാണ് മല്‍സര വിലക്കുള്ളത്. ഈ നിയമം ഭേദഗതി ചെയ്യണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. ജീവിതകാലം മുഴുവന്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനും കോടതിയില്‍ നിലപാടറിയിച്ചിട്ടുണ്ട്.മുമ്പ് ഇതുസംബന്ധിച്ച ഹരജികളില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, വേണം അല്ലെങ്കില്‍ വേണ്ട എന്നൊരു നിലപാട് സ്വീകരിക്കാന്‍ കോടതി ഇന്നലെ കമ്മീഷനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ രാജ്യത്തെ തിരഞ്ഞെടുപ്പു കമ്മീഷനാണ്. ഇവിടെയിതാ ക്രിമിനലുകള്‍ക്ക് ജീവിതാന്ത്യം വരെ മല്‍സരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹരജി വന്നിരിക്കുന്നു. എന്താണ് നിങ്ങളുടെ നിലപാട്- ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കമ്മീഷനോട് ചോദിച്ചു. ഇതോടെയാണ് ജീവിതകാലം മുഴുവന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തണമെന്ന് കമ്മീഷന്‍ അറിയിച്ചത്.  ക്രിമിനല്‍ കേസുകള്‍ നേരിടുന്ന രാഷ്ട്രീയനേതാക്കള്‍ക്കെതിരായ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്ന തങ്ങളുടെ ഉത്തരവ് നടപ്പായോ എന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി ആരാഞ്ഞു. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ കണക്ക് എത്രയാണെന്നും രാഷ്ട്രീയക്കാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാക്കപ്പെടുന്ന സാഹചര്യം എന്തുകൊണ്ടാണ് വര്‍ധിക്കുന്നതെന്നും കോടതി ചോദിച്ചു. ഇതിനൊരു അവസാനമില്ലേ എന്ന് ആരാഞ്ഞ കോടതി, ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുകയോ വിചാരണ നേരിടുകയോ ചെയ്യുന്ന രാഷ്ട്രീയനേതാക്കളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ നല്‍കിയ വിവരമനുസരിച്ച് വിവിധ രാഷ്ട്രീയക്കാര്‍ക്കെതിരേ 1,581 കേസുകളാണ് നിലവിലുള്ളത്.
Next Story

RELATED STORIES

Share it