Districts

ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: ഒക്‌ടോബര്‍ 31നും നവംബര്‍ അഞ്ചിനും ഭരണസമിതിയുടെ കാലാവധി അവസാനിച്ച തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രാവിലെ 10 മണിക്കും കോര്‍പറേഷനുകളില്‍ രാവിലെ 10.30നുമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിക്കുക. സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കുന്നവര്‍ക്കു മാത്രമേ ഈ മാസം 18,19 തിയ്യതികളില്‍ നടക്കുന്ന അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

തിരഞ്ഞെടുക്കപ്പെടുന്ന തിയ്യതി മുതല്‍ 30 ദിവസത്തിനകം പ്രസിഡന്റ്, ചെയര്‍പേഴ്‌സണ്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കാത്തപക്ഷം അവരുടെ അംഗത്വം നഷ്ടമാവും. നിശ്ചിത ദിവസത്തിനുള്ളില്‍ മതിയായ കാരണങ്ങളില്ലാതെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്തു സ്ഥാനം ഏറ്റെടുക്കാത്തപക്ഷം അയാള്‍ തന്റെ സ്ഥാനം സ്വമേധയാ ഒഴിഞ്ഞതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് അതത് വരണാധികാരികളാണ്. മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ ജില്ലാ കലക്ടര്‍മാര്‍ക്കാണ് ഈ ചുമതല. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായംകൂടിയ അംഗത്തെയാണ് ആദ്യം പ്രതിജ്ഞ ചെയ്യിക്കേണ്ടത്. മറ്റ് അംഗങ്ങളെ ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം സത്യപ്രതിജ്ഞ ചെയ്യിക്കണം.
ത്രിതല പഞ്ചായത്തുകളില്‍ 1994ലെ കേരള പഞ്ചായത്തീരാജ് നിയമം രണ്ടാം പട്ടികയിലെ ഫോറത്തിലും മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 1994ലെ കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം പട്ടികയിലെ ഫോറങ്ങളിലും വേണം പുതിയ അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തശേഷം ഒപ്പിട്ടു കൊടുക്കേണ്ടത്. സത്യപ്രതിജ്ഞാ രജിസ്റ്ററിലും കക്ഷിബന്ധ രജിസ്റ്ററിലും അംഗങ്ങള്‍ ഒപ്പുവയ്ക്കണം. രജിസ്റ്ററുകള്‍ അതത് സ്ഥാപനത്തില്‍ സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടന്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടെയും ആദ്യയോഗം ആദ്യംപ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയില്‍ ചേരണം. യോഗത്തില്‍ അധ്യക്ഷന്‍, ഉപാധ്യക്ഷന്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കണം. കമ്മീഷന്‍ നിശ്ചയിക്കുന്ന തിയ്യതിയും സമയവും അംഗങ്ങളെ അറിയിക്കണം.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ഗ്രാമപ്പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍)മാരും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അതത് സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍മാരും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
Next Story

RELATED STORIES

Share it