ജനപ്രതിനിധികളുടെ ബഹിഷ്‌കരണം; എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം മുടങ്ങി

കാസര്‍കോഡ്: കൃഷി മന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത എന്‍ഡോസള്‍ഫാന്‍ സെല്‍യോഗം എംഎല്‍എമാരുടെയും ജനപ്രതിനിധികളുടെയും ബഹിഷ്‌കരണത്തെയും എതിര്‍പ്പിനെയും തുടര്‍ന്ന് മുടങ്ങി.
ഇന്നലെ രാവിലെ പത്തിനാണ് യോഗം വിളിച്ചുചേര്‍ത്തത്. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ ദുരിതബാധിതരും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ യോഗം തടയാന്‍ കലക്ടറേറ്റിനു മുന്നില്‍ എത്തിയിരുന്നു. വന്‍ പോലിസ് സംരക്ഷണത്തിലാണ് സെല്‍ അംഗങ്ങളെ യോഗഹാളിലേക്ക് കടത്തിവിട്ടത്. തിരുവനന്തപുരത്ത് ദുരിതബാധിതരുടെ അമ്മമാരും കുട്ടികളും ഉള്‍പ്പെടെ പട്ടിണിസമരം നടത്തുന്നതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമുള്‍പ്പെടെയുള്ളവര്‍ ചര്‍ച്ച നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മൂന്നാം തിയ്യതി വീണ്ടും യോഗം ചേരാമെന്നു തീരുമാനിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തില്‍ കാസര്‍കോഡ് ഒരു സെല്‍യോഗം നടത്തുന്നതിന് പ്രസക്തിയില്ലെന്ന് യോഗം ആരംഭിക്കുന്നതിന് മുമ്പ് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അറിയിച്ചു. എന്നാല്‍, സെല്‍ യോഗം മുറയ്ക്ക് നടക്കണമെന്ന് മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, ഇ ചന്ദ്രശേഖരന്‍, സെല്‍ അംഗങ്ങളായ കെ പി സതീഷ് ചന്ദ്രന്‍, ടി കൃഷ്ണന്‍, നാരായണന്‍ പേരിയ, പപ്പന്‍കുട്ടമത്ത് തുടങ്ങിയവര്‍ യോഗം ബഹിഷ്‌കരിച്ചു.
തുടര്‍ന്ന്, മന്ത്രി കെ പി മോഹനന്‍, എംഎല്‍എമാരായ പി ബി അബ്ദുര്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന് എന്നിവര്‍ പി കരുണകരന്‍ എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ എന്നിവരോട് സെല്‍യോഗം നടത്താന്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാവുകയാണെന്നും സെല്‍ രൂപീകരിച്ചതു മുതല്‍ പറയുന്ന കാര്യങ്ങളൊന്നും നടപ്പാവുന്നില്ലെന്നും യോഗം നടത്തേണ്ടെന്നും പ്രതിപക്ഷം പറഞ്ഞു. ഈ സമയം മന്ത്രി മോഹനനെതിരേ മുദ്രാവാക്യങ്ങളുമായി എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി നേതാക്കളായ മുനീസ അമ്പലത്തറ, പി കൃഷ്ണന്‍ രംഗത്ത് വന്നു. അകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച സമരസമിതി പ്രവര്‍ത്തകരെ പോലിസ് തടഞ്ഞു. യോഗഹാളിന് പുറത്തും അകത്തും ബഹളമായതോടെ സെല്‍യോഗം നടത്തുന്നില്ലെന്ന് പ്രഖ്യാപിച്ച മന്ത്രി കലക്ടറുടെ ചേംബറില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു.
Next Story

RELATED STORIES

Share it