kozhikode local

ജനപ്രതിനിധികളുടെ പരിശീലനപരിപാടിയുടെ പേരില്‍ കോടികള്‍ തട്ടാന്‍ സ്വകാര്യ ഏജന്‍സികള്‍

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികള്‍ അധികാരമേറ്റിട്ട് ആഴ്ചകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും പരിശീലനത്തിന്റെ പേരില്‍ വന്‍ അഴിമതി നടത്താന്‍ നീക്കം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പരിശീലനത്തിനായുള്ള സംഘാടനം സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചാണ് കില അഴിമതിക്ക് കളമൊരുക്കിയിരിക്കുന്നത്.
ജനപ്രതിനിധികളുടെ പരിശീലനപരിപാടിയുടെ വിശദാംശങ്ങള്‍ അറിയിച്ചുകൊണ്ട് അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കില ഡയറക്ടറുടെ പേരിലുള്ള കത്തുകള്‍ നല്‍കുന്നത് ഇത്തരം ഏജന്‍സിയുടെ ആളുകള്‍ നേരിട്ടാണ്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേരിട്ട് കത്ത് കൊടുക്കാനുള്ള മര്യാദപോലും കാണിക്കാത്ത കില ഡയറക്ടറുടെ നടപടിയില്‍ തദ്ദേശസ്വയംഭരണ സ്ഥാനങ്ങളില്‍ പുതുതായി സ്ഥാനമേറ്റ അധ്യക്ഷന്മാര്‍ കടുത്ത പ്രതിഷേധത്തിലാണ്. തങ്ങള്‍ ഭരണം തുടങ്ങുന്നതിന് മുമ്പ് തന്നെ പരിശീലനത്തിന്റെ പേരില്‍ വന്‍തുക അടിച്ചുമാറ്റാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നാണ് പഞ്ചായത്ത്-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറയുന്നത്.
കോഴിക്കോട് ജില്ലയില്‍ ജനപ്രതിനിധികളുടെ പരിശീലനത്തിനുള്ള സംഘാടത്തിനായി കില തിരഞ്ഞെടുത്തിരിക്കുന്നത് നഴ്‌സുമാര്‍ക്കും വിദേശത്ത് പഠനത്തിനും ജോലിക്കും പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ഇംഗ്ലീഷ് പരിജ്ഞാനത്തിന് പരിശീനം നല്‍കുന്ന താമരശേരി ആസ്ഥാനമായുള്ള സ്ഥാപനത്തെയാണ്. ഡിസംബര്‍ മാസം ആദ്യ ആഴ്ചയിലാണ് ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഡീംഡ് യൂണിവേഴ്‌സിറ്റിയുടെ പദവിയില്‍ അതിവിപുലമായ സംവിധാനങ്ങളുള്ള കിലയ്ക്ക് ജില്ലാതലങ്ങളിലും അതിന് താഴെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഡിനേറ്റര്‍മാരും റിസോഴ്‌സ് പേഴ്‌സണ്‍മാരുമുണ്ട്. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും ഫാക്കല്‍ട്ടികളുമുണ്ട്.
പരിശീലനപരിപാടികളുടെ ആസൂത്രണവും നടത്തിപ്പും ഇത്രയും കാലം കില നേരിട്ടാണ് നടപ്പിലാക്കിക്കൊണ്ടിരുന്നത്. ഇതിന്റെ നിര്‍വഹണവും ഏകോപനവും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതിന്റെ സെക്രട്ടറിമാരുമാണ് നടത്തുക.
ഗ്രാമപ്പഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതിനാവശ്യമായ ഓഫിസ് സംവിധാനങ്ങളും ഉദ്യോഗസ്ഥരും പശ്ചാത്തല സംവിധാനങ്ങളുമുണ്ട്. എന്നാല്‍ വളരെ ആസൂത്രിതമായാണ് ഇത്തവണ കിലയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടയ്ക്ക് സ്വകാര്യ ഏജന്‍സികള്‍ കടന്നുവന്നിരിക്കുന്നത്.
Next Story

RELATED STORIES

Share it