Flash News

ജനപ്രതിനിധികളുടെ ധൂര്‍ത്ത്; മന്ത്രി മന്ദിരങ്ങളുടെ കര്‍ട്ടന് ചെലവിട്ടതു ലക്ഷങ്ങള്‍

തിരുവനന്തപുരം/കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍ ചികില്‍സയ്ക്കും വീട് മോടികൂട്ടുന്നതിനുമായി ജനപ്രതിനിധികള്‍ പൊതു ഖജനാവില്‍ നിന്നു ചിലവഴിച്ചതു വന്‍തുകകള്‍.
മന്ത്രിമന്ദിരങ്ങളിലെ കര്‍ട്ടന്‍ മാറ്റാന്‍ മാത്രം കഴിഞ്ഞവര്‍ഷം എട്ടരലക്ഷം രൂപയാണു പൊതുഖജനാവില്‍ നിന്നു ചെലവഴിച്ചത്. ഭരണ, പ്രതിപക്ഷ ഭേദമന്യേ എംഎല്‍എമാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ളവരുടെ ചികില്‍സയുടെ പേരില്‍ ലക്ഷങ്ങളാണ് എഴുതിയെടുത്തത്. മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് വഴിയാണ് പണം കൈപ്പറ്റിയത്. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരത്തിലാണു ചികില്‍സയ്ക്കായി ലക്ഷക്കണക്കിനു രൂപ കൈപ്പറ്റിയ ജനപ്രതിനിധികളുടെ പേരുവിവരമുള്ളത്. കൂടുതല്‍ എംഎല്‍എമാരും രണ്ടു ലക്ഷത്തിലധികം കൈപ്പറ്റിയവരാണ്.
2016-17 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ രൂപ ചികില്‍സാ ചെലവിനത്തില്‍ കൈപ്പറ്റിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ മുരളീധരനാണ്. സ്വന്തം ചികില്‍സയ്ക്ക് പുറമെ ഭാര്യ, മകന്‍ എന്നിവരുടെ ചികില്‍സയ്ക്കായി മുരളീധരന്‍ കൈപ്പറ്റിയത് 10 ലക്ഷത്തോളം രൂപ. പി ടി തോമസ് എംഎല്‍എയാണ് തൊട്ടുപിറകിലുള്ളത്; 9,36, 998 രൂപയാണ് ചികില്‍സയുടെ പേരില്‍ അദ്ദേഹം കൈപ്പറ്റിയത്. അതേസമയം മന്ത്രിമാരില്‍, 4,82,367 രൂപ കൈപ്പറ്റിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും മുന്നില്‍. 3,81,876 രൂപ കൈപ്പറ്റിയ ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് തൊട്ടുപിന്നില്‍. ധനമന്ത്രി 3,00,823 രൂപ ചികില്‍സയ്ക്കായി കൈപറ്റി. എന്നാല്‍, 10,145 രൂപ മാത്രം കൈപ്പറ്റിയ മന്ത്രി എ കെ ശശീന്ദ്രനാണ് ചികില്‍സാ ഇനത്തില്‍ ഏറ്റവും കുറഞ്ഞ തുക കൈപ്പറ്റിയത്.
മന്ത്രിമാരുടെ മൊത്തം ചികില്‍സയ്ക്കായി ഇക്കാലയളവില്‍ പൊതു ഖജനാവില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. അതേസമയം എല്‍ഡിഎഫ് അധികാരത്തിലേറിയ ശേഷം മന്ത്രിമന്ദിരങ്ങള്‍ക്ക് കര്‍ട്ടണ്‍ മാറ്റാന്‍ എട്ടരലക്ഷം രൂപ ചെലവഴിച്ചപ്പോള്‍ ഇതില്‍ രണ്ടര ലക്ഷവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് മോടിയാക്കാനായിരുന്നു.
മന്ത്രിമാരായ പി തിലോത്തമന്‍, കടകംപള്ളി സുരേന്ദ്രന്‍, മുന്‍മന്ത്രി തോമസ് ചാണ്ടി എന്നിവരും ഒരു ലക്ഷത്തിലധികം രൂപ ഈയിനത്തില്‍ ചെലവാക്കി. ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ഔദ്യോഗിക വസതിയായ അശോകയിലെ കര്‍ട്ടന്‍ മാറ്റാന്‍ 1,51,972 രൂപ ചെലവിട്ടപ്പോള്‍ മുന്‍ മന്ത്രി തോമസ് ചാണ്ടി പുതിയ കര്‍ട്ടന് 1,23,828 രൂപയും ആരോഗ്യമന്ത്രി കെ കെ ശൈലജ 75,516 രൂപയും ചെലവഴിച്ചു. ഏറ്റവും കുറവ് തുക ചെലവഴിച്ചത് ധനമന്ത്രി തോമസ് ഐസക്കാണ്. 5946 രൂപയാണ് ഔദ്യോഗിക വസതിയിലെ കര്‍ട്ടനായി ധനമന്ത്രി ചെലവഴിച്ചത്.
മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിച്ചത് വഴി ഒരു മാസം സര്‍ക്കാരിന് 44 ലക്ഷം രൂപയുടെ അധികബാധ്യത. എംഎല്‍എമാരുടെ മണ്ഡലം അലവന്‍സ് ഇരട്ടിയാക്കിയപ്പോള്‍ ടെലിഫോണ്‍ അനുകൂല്യം 7500ല്‍ നിന്ന് 11000 രൂപയാക്കി കൂട്ടി.  സാമ്പത്തിക പ്രതിസന്ധി കാരണം മുണ്ടുമുറുക്കി ഉടുക്കണമെന്ന് ആവര്‍ത്തിക്കുമ്പോഴാണ് അടുത്തമാസം മുതല്‍ സര്‍ക്കാര്‍ അധികബാധ്യത ഏറ്റെടുക്കുന്നത്.
Next Story

RELATED STORIES

Share it