ജനപ്രതിനിധികളുടെ കേസ് വിവരം ലഭ്യമാക്കണം

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ കോടതികളിലായി ജനപ്രതിനിധികളുടെ പേരിലുള്ള കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. വിവരങ്ങള്‍ കൈമാറാന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്കും ഹൈക്കോടതി രജിസ്ട്രാര്‍മാര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. മറ്റു കോടതികളിലേക്ക് മാറ്റിയ കേസുകളുടെ വിവരങ്ങളും ലഭ്യമാക്കണമെന്ന് നിര്‍ദേശമുണ്ട്.
ഒക്ടോബര്‍ 12ഓടെയാണ് ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കണമെന്ന് രണ്ട് അധികാരികള്‍ക്കും കോടതി നിര്‍ദേശം നല്‍കിയത്. ഇതുവരെ ഇതുസംബന്ധിച്ച വിവരം നല്‍കാത്ത മുഴുവന്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍മാരും കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതിന് മുമ്പ് മുഴുവന്‍ വിവരങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയത്. കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം തങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
2017ലെ വിധി അനുസരിച്ച് ജനപ്രതിനിധികളുടെ കേസുകള്‍ തീര്‍പ്പാക്കാന്‍ തുടങ്ങിയ പ്രത്യേക കോടതികളിലേക്ക് ഇത്തരം കേസുകള്‍ മാറ്റിയോ എന്നും കോടതി ആരാഞ്ഞു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
എംഎല്‍എമാരുടെയും എംപിമാരുടെയും കേസുകള്‍ പരിഗണിക്കാനായി രാജ്യത്ത് 12 പ്രത്യേക കോടതികള്‍ രൂപീകരിച്ചതായി കഴിഞ്ഞദിവസം കേന്ദ്രം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഡല്‍ഹിയില്‍ രണ്ടും ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, കേരളം, തമിഴ്‌നാട്, യുപി, ബിഹാര്‍, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഒന്നും കോടതികള്‍ സ്ഥാപിച്ചതായാണ് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചത്.
സപ്തംബര്‍ 11ന് നിയമമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച കണക്കുകള്‍ തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ജനപ്രതിനിധികള്‍ക്കെതിരായി 1,233 കേസുകള്‍ പ്രത്യേക കോടതികളുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. ഇവയില്‍ 136 കേസുകള്‍ പരിഹരിക്കുകയും 1,097 കേസുകള്‍ തീര്‍പ്പിനായി ബാക്കിയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it