wayanad local

ജനപ്രതിനിധികളുടെ ഓഫിസുകളിലെ സിസിടിവി കാമറാ കണക്ഷന്‍ വിച്ഛേദിച്ചു

കല്‍പ്പറ്റ: നഗരസഭാ കാര്യാലയത്തില്‍ ജനപ്രതിനിധികളുടെ ഓഫിസുകളിലെ സിസിടിവി കാമറാ കണക്ഷന്‍ വിച്ഛേദിച്ചു. ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍, വിദ്യാഭ്യാസ, മരാമത്ത്, ആരോഗ്യ, ക്ഷേമ, വികസന സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷര്‍ എന്നിവരുടെ ഓഫിസുകളിലെ കണക്ഷനുകളാണ് വിച്ഛേദിച്ചത്. സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ മുറികളിലെ കണക്ഷന്‍ നിലനിര്‍ത്തിയിട്ടുണ്ട്. നഗരസഭാ ഓഫിസിന്റെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി അഞ്ചുമാസം മുമ്പ് അന്നത്തെ യുഡിഎഫ് ഭരണസമിതിയാണ് രണ്ടു ലക്ഷം രൂപ ചെലവില്‍ സിസിടിവി കാമറകള്‍ സ്ഥാപിച്ചത്.
ചെയര്‍പേഴ്‌സന്റെയും സെക്രട്ടറിയുടെയും മുറികളില്‍ മോണിറ്റര്‍ സംവിധാനത്തോടുകൂടിയായിരുന്നു ഇത്. 31 കാമറകളാണ് ഓഫിസുകളിലും പുറത്തുമായി വച്ചത്. തങ്ങളോടു ആലോചിക്കുകപോലും ചെയ്യാതെയാണ് കഴിഞ്ഞ ദിവസം കണക്ഷന്‍ വിച്ഛേദിച്ചതെന്നു കൗണ്‍സിലിലെ യുഡിഎഫ് പ്രതിനിധികള്‍ പറഞ്ഞു. സ്റ്റാന്റിങ് കമ്മിറ്റികളില്‍ വികസനം ഒഴികെ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ യുഡിഎഫ് പ്രതിനിധികളാണുള്ളത്. നിലവില്‍ എല്‍ഡിഎഫ് ഭരണത്തിലാണ് നഗരസഭ. ജനപ്രതിനിധികളുടെ മുറികളില്‍ നടക്കുന്ന കാര്യങ്ങള്‍ സെക്രട്ടറിയുടെ ഓഫിസിലെ മോണിറ്ററില്‍ ലഭ്യമാവുന്നത് ഒഴിവാക്കുന്നതിനാണ് കണക്ഷന്‍ വിച്ഛേദിച്ചതെന്നും ആരോപണമുണ്ട്.
അതിനിടെ, കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി സിസിടിവി കാമറാ കണക്ഷന്‍ വിച്ഛേദിച്ച സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സെക്രട്ടറി ടി ജി രവീന്ദ്രനെ ഓഫിസില്‍ ഉപരോധിച്ചു. കൗണ്‍സിലിന്റെ തീരുമാനത്തില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വിയോജനക്കുറിപ്പ് നല്‍കി. ഉപരോധത്തിനു ശേഷം നഗരസഭ ഓഫിസിന് മുന്നില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തി. യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി പി ആലി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it