wayanad local

ജനനി ജന്മരക്ഷ പദ്ധതി പുനരാരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി: പട്ടികവര്‍ഗ ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കുമായി പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന ജനനി ജന്മരക്ഷ ധനസഹായ വിതരണ പദ്ധതി പുനരാരംഭിച്ചു. മുമ്പ് പോസ്റ്റ് ഓഫിസിലൂടെ മണിയോര്‍ഡറായി വിതരണം ചെയ്തിരുന്ന തുക ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസിലൂടെയാണ് ഇപ്പോള്‍ നല്‍കുന്നത്. ജില്ലയിലെ 4,205 ഗുണഭോക്താക്കള്‍ക്ക് പദ്ധതി ഗുണകരമാവും.
ഗര്‍ഭകാലത്തിലെ മൂന്നാം മാസം മുതല്‍ കുട്ടിക്ക് ഒരു വയസ്സ് പൂര്‍ത്തിയാവുന്നതു വരെ പ്രതിമാസം 1,000 രൂപ വീതമാണ് പദ്ധതി പ്രകാരം നല്‍കുക. നവജാത ശിശുക്കള്‍ക്ക് പോഷകാഹാരക്കുറവ് മൂലമുണ്ടാവുന്ന രോഗങ്ങള്‍ തടുയകയെന്നതാണ് ലക്ഷ്യം. പദ്ധതിയുടെ സഹായം ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാണെന്നതാണ് പ്രത്യേകത.
ജെപിഎച്ച്എന്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ഐടിഡിപി ഓഫിസിലോ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസിലോ സമര്‍പ്പിച്ചാല്‍ ധനസഹായം ലഭിക്കും. ജില്ലയില്‍ 4,205 ഗുണഭോക്താക്കള്‍ക്കായി കുടിശ്ശിക സഹിതം 2.30 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.
ഓരോ തവണയും ഹെല്‍ത്ത് കാര്‍ഡ്, ഇമ്മ്യൂണൈസേഷന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചതിനു ശേഷമാണ് ധനസഹായം വിതരണം ചെയ്യുക. ഗര്‍ഭിണിക്കും നവജാത ശിശുവിനും മതിയായ ആരോഗ്യ പരിചരണം ലഭിക്കുന്നെന്ന് ഇത് ഉറപ്പുവരുത്തും. നിലവില്‍ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫിസിലൂടെയുള്ള വിതരണം ജില്ലയില്‍ ആരംഭിച്ചു. മുമ്പ് പോസ്റ്റ് ഓഫിസിലൂടെ മണിയോര്‍ഡര്‍ വഴി തിരുവനന്തപുരത്ത് നിന്നായിരുന്നു തുക ഗുണഭോക്താക്കള്‍ക്ക് ലഭിച്ചിരുന്നത്.
എന്നാല്‍, പല ഗുണഭോക്താക്കള്‍ക്കും പണം ലഭിക്കുന്നില്ലന്നു പരാതി ഉയര്‍ന്നിരുന്നു. മാസങ്ങളോളം പദ്ധതി മുടങ്ങുകയും ചെയ്തു. ജനനി ജന്മരക്ഷ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹരായ ആരെങ്കിലും അപേക്ഷിക്കാന്‍ വിട്ടുപോയിട്ടുണ്ടങ്കില്‍ ജെപിഎച്ച്എന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷാഫോറം അടക്കം ആവശ്യമായ രേഖകളുമായി കല്‍പ്പറ്റ ഐടിഡിപി ഓഫിസ്, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസുകളില്‍ അപേക്ഷിക്കണം.
Next Story

RELATED STORIES

Share it