kannur local

ജനത്തെ ഭീതിയിലാഴ്ത്തിയ ആനകളെ കാട്ടിലേക്ക് തുരത്തി

ഇരിട്ടി: മുഴക്കുന്ന് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകളെ മണിക്കുറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ കാട്ടിലേക്ക് തുരത്തി. ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് ആനകളെ ബാവലിപ്പുഴ കടത്തി ഫാമിലേക്ക് കയറ്റിവിട്ടത്. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നു ബാവലിപ്പുഴ കടന്നാണ് കാട്ടാനക്കൂട്ടം കിലോമീറ്ററുകള്‍ അകലെയുള്ള മുഴക്കുന്ന് പഞ്ചായത്തിലെ ജനവാസ കേന്ദ്രത്തിലെത്തിയത്. രണ്ടുദിവസം മുമ്പ് കല്ലേരിമലയിലെ സ്വകാര്യവ്യക്തിയുടെ കൃഷിയിടം ഉള്‍പ്പെടെ നശിപ്പിച്ച് കാട്ടാനക്കൂട്ടം പിന്നീട് മുഴക്കുന്ന് വട്ടപ്പൊയില്‍, കൂളിക്കുന്ന് മേഖലയിലേക്ക് കടക്കുകയായിരുന്നു.
ഇതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ വട്ടപ്പൊയില്‍ സ്വദേശികളായ ബൈക്ക് യാത്രികന്‍ ഉള്‍പ്പടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആനയെ തുരത്താന്‍ വനംവകുപ്പിന്റെയും പോലിസിന്റെയും ശ്രമം നടത്തിയെങ്കിലും വിഫലമായി. പിന്നീട് കാട്ടാന ഇറങ്ങിയ മുഴക്കുന്ന് പഞ്ചായത്തില്‍ അധികൃതര്‍ ജാഗ്രാത നിര്‍ദേശം നല്‍കുകയും കാട്ടാനയെ തുരത്താന്‍ ശ്രമം തുടരുകയുമായിരുന്നു.
ശനിയാഴ്ച വൈകീട്ട് മൂന്നോടെ കുളിക്കുന്ന് മേഖലയില്‍ നിന്നു നീങ്ങിയ കാട്ടാനക്കൂട്ടം കാക്കയങ്ങാട് ടൗണിനടുത്ത് വരെയെത്തി. ഇതേത്തുടര്‍ന്ന് കാക്കയങ്ങാട് എടത്തൊട്ടി റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. എന്നിട്ടും ആനയെ തുരത്താനായില്ല. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെ 3.30ഓടെയാണ് കാട്ടാനക്കൂട്ടത്തെ ബാവലിപ്പുഴ കടത്തിവിട്ടത്.
Next Story

RELATED STORIES

Share it