Districts

ജനതാപാര്‍ട്ടികളുടെ ലയനം: ഇരു മുന്നണികളും ആശങ്കയില്‍

കെ അരുണ്‍ലാല്‍

കോഴിക്കോട്: ബിഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം ദേശീയ രാഷ്ട്രീയത്തിലെ മാറ്റത്തിനൊപ്പം കേരളത്തിലും മാറ്റമുണ്ടാകുമെന്ന ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാറിന്റെ പ്രസ്താവന ഇരുമുന്നണികളിലും ഒരേസമയം ആശങ്കയുണര്‍ത്തുന്നു. ബിഹാറിലെ ഫലം വന്‍ രാഷ്ട്രീയ മാറ്റമുണ്ടാക്കുമെന്നും ജെഡിഎസ് വന്നാല്‍ ലയിക്കാന്‍ തയ്യാറാണെന്നുമായിരുന്നു കഴിഞ്ഞദിവസം വീരേന്ദ്രകുമാര്‍ പറഞ്ഞത്. ജെഡിയു ഇപ്പോള്‍ യുഡിഎഫിലാണെന്നും ലയനശേഷം ഏത് പഌറ്റ്‌ഫോമിലാണെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും വീരന്‍ പറഞ്ഞിരുന്നു. ലയനത്തെ സ്വാഗതം ചെയ്യുന്നതായി ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎല്‍എ പ്രതികരിച്ചു.
കോണ്‍ഗ്രസ്സിനോടൊപ്പം ചേര്‍ന്നാണ് ബിഹാറില്‍ ജനതാദള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ഇതേനയം കേരളത്തിലും തുടരാന്‍ കേന്ദ്രനേതാക്കള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ വെട്ടിലാവുക ഇടതുമുന്നണിയായിരിക്കും. നാല് എംഎല്‍എമാരാണ് ജനതാദള്‍ എസിന് നിയമസഭയിലുള്ളത്. ലയനനീക്കം മുന്നില്‍ക്കണ്ട സിപിഎം ജനതാപരിവാര്‍ നേതാക്കളുമായി കേന്ദ്രതലത്തില്‍ ആദ്യവട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടുംമുമ്പേ വീരന്‍ വെടിപൊട്ടിച്ചത് ഇടതുമുന്നണിയില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്. ഇടതുമുന്നണിയോടൊപ്പം നില്‍ക്കാനാണ് കേന്ദ്രനേതൃത്വം നിര്‍ദേശിക്കുന്നതെങ്കില്‍ വെട്ടിലാവുക കോണ്‍ഗ്രസ്സും യുഡിഎഫുമായിരിക്കും. മുന്നണി മാറ്റത്തോട് മന്ത്രി കെ പി മോഹനന് എതിര്‍പ്പുണ്ട്. അഞ്ച് വര്‍ഷം മുന്നണിയില്‍നിന്ന ശേഷം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണി വിടുന്നത് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുമെന്നാണ് മോഹനന്റെ വാദം.
Next Story

RELATED STORIES

Share it