kozhikode local

ജനതാദള്‍ യു (ലെഫ്റ്റ്) - ജനതാദള്‍ എസ് ലയന സമ്മേളനം 8ന്‌

കോഴിക്കോട്: കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണനും എടയത്ത് ശ്രീധരനും നേതൃത്വം നല്‍കുന്ന ജനതാദള്‍ (ലെഫ്റ്റ്)  ജനതാദള്‍ എസില്‍ ലയിക്കുന്നു. ലയന സമ്മേളനം 8ന് കോഴിക്കോട്ട് നടക്കും. മൂന്നിന് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലയന സമ്മേളനം ജനതാദള്‍ എസ് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ കുന്‍വര്‍ ഡാനിഷലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍ കുട്ടി എംഎല്‍എ, മന്ത്രി മാത്യു ടി തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുവില്‍ നിന്ന് വേറിട്ട് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇടതുപക്ഷത്തോടൊപ്പം പ്രവര്‍ത്തിച്ചു വരുകയായിരുന്നു ജനതാദള്‍ ലെഫ്റ്റ്. വര്‍ഗീയ ശക്തികളുടെ ഭീഷണി നേരിടാന്‍ മത നിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റുകള്‍ ഐക്യപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണനും എടയത്ത് ശ്രീധരനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോഷ്യലിസ്റ്റ് ചിന്തയുള്ളവര്‍ യോജിപ്പിന്റെ മേഖല തേടുന്ന കാലഘട്ടമായതിനാലാണ് ലയിക്കാന്‍ തീരുമാനിച്ചത്. വീരേന്ദ്രകുമാറും ഇടതുപക്ഷത്തേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനതാദള്‍ ലെഫ്റ്റിന്റെ നിലപാടിലേക്ക് വീരേന്ദ്രകുമാറും വന്നുകൊണ്ടിരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു. അദ്ദേഹം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാവാണ്. ജന.സെക്രട്ടറിമാരായ വി കെ വസന്തകുമാര്‍, എന്‍ സക്കറിയ, ജില്ലാ പ്രസിഡന്റ് എ കെ മുഹമ്മദ് അഷ്‌റഫ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it