Editorial

ജനതാദള്‍ ചരിത്രത്തില്‍ നിന്നു മായ്ച്ചുകളയുന്നത്

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിലെ എക്കാലത്തെയും തിരുത്തല്‍ ശക്തിയായി വര്‍ത്തിച്ചവരാണ് സോഷ്യലിസ്റ്റ് നേതാക്കള്‍. അച്യുത് പട്‌വര്‍ധന്റെയും ആചാര്യ നരേന്ദ്രദേവിന്റെയും ജയപ്രകാശ് നാരായണന്റെയും റാം മനോഹര്‍ ലോഹ്യയുടെയും സമുജ്ജ്വലമായ രാഷ്ട്രീയ പാരമ്പര്യത്തെയും ഉള്‍ക്കാഴ്ചയെയും ഇച്ഛാശക്തിയെയും മഹാത്മാഗാന്ധിപോലും പ്രകീര്‍ത്തിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയിലും രാഷ്ട്രവ്യവഹാരത്തിന്റെ സകല മേഖലകളിലും ക്രിയാത്മകവും രണോല്‍സുകവുമായ പങ്ക് കൃത്യമായി നിറവേറ്റിയിട്ടുണ്ട് അവര്‍.
ഏകാധിപത്യത്തിന്റെ കുഴലൂത്തായ അടിയന്തരാവസ്ഥയ്‌ക്കെതിരായി ജനകീയ സമരം പടുത്തുയര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ചവരാണ് സോഷ്യലിസ്റ്റുകാര്‍. സവര്‍ണാധിപത്യത്തില്‍ നിന്നു പിന്നാക്ക സമുദായങ്ങളെ മോചിപ്പിക്കുക എന്ന അജണ്ട ഉയര്‍ത്തിക്കാട്ടി ജാതിസ്വത്വകല്‍പനകള്‍ക്ക് രാഷ്ട്രീയ ദിശാബോധം സൃഷ്ടിക്കാനും അവര്‍ക്കു കഴിഞ്ഞു. പിളര്‍ന്നു പിളര്‍ന്ന് ഉപ്പുവച്ച കലം പോലെ ജീര്‍ണിച്ചുവെങ്കിലും ഇന്ത്യയുടെ മതേതര ജനാധിപത്യ വ്യവസ്ഥയുടെ പാരമ്പര്യത്തിന്റെ തുടര്‍ച്ച ഇന്നും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ ബാക്കിയുണ്ട്. ഈ ഒരൊറ്റ സംഗതിയുടെ പേരിലാണ് എം പി വീരേന്ദ്രകുമാറിനെയും അദ്ദേഹത്തിനു പിന്നില്‍ അണിനിരന്ന ജനതാദളിനെയും കേരളീയ സമൂഹം മാനിക്കുന്നത്.
എന്നാല്‍, യുഡിഎഫ് വിട്ട് ഇടതു മുന്നണിയില്‍ ചേക്കേറാന്‍ തീരുമാനിച്ചതുവഴി വീരേന്ദ്രകുമാറും കൂട്ടരും ഈ പരിഗണനകള്‍ മുഴുവനും നഷ്ടപ്പെടുത്തിയിരിക്കുന്നു. ലക്ഷ്യമില്ലാക്കപ്പലാണ് യുഡിഎഫ് എന്നതു ശരി തന്നെ. അതില്‍ അള്ളിപ്പിടിച്ചുകിടക്കുന്നത് വലിയ കാര്യമൊന്നുമല്ലതാനും. യുഡിഎഫിലോ എല്‍ഡിഎഫിലോ രണ്ടിലൊന്നിന്റെ കൂടെ നിന്ന് അവര്‍ വലിച്ചെറിയുന്ന അപ്പക്കഷണങ്ങള്‍ ഭുജിച്ചു കഴിഞ്ഞുകൂടുക മാത്രമേ ഇപ്പോഴത്തെ അവസ്ഥയില്‍ ജനതാദള്‍-യു പോലുള്ള പാര്‍ട്ടികള്‍ക്ക് വഴിയുള്ളൂ എന്നതും നേരാണ്. അതിനാല്‍, യുഡിഎഫിനു പകരം എല്‍ഡിഎഫ് ആയിത്തീര്‍ന്നു ജനതാദളിന്റെ രാഷ്ട്രീയ പങ്കാളി എന്നതില്‍ എന്തു കുഴപ്പം? ഒന്നുമില്ല.
പക്ഷേ, അതിനു നിമിത്തമായതെന്ത് എന്നതാണ് വിഷയം. കണ്ടിടത്തോളം വച്ചുനോക്കുമ്പോള്‍ യുഡിഎഫുമായി തത്ത്വത്തില്‍ യാതൊരു വിയോജിപ്പും ജനതാദളിന് ഇല്ല. രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തിന്റെ കഴിഞ്ഞ മാസം നടന്ന സമാപനച്ചടങ്ങില്‍ പോലും എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ ദുര്‍ഭരണത്തിനെതിരില്‍ കത്തിക്കയറിയവരാണ് ജനതാദള്‍ നേതാക്കള്‍. കാവിരാഷ്ട്രീയത്തോടുള്ള എതിര്‍പ്പാണ് കാര്യമെങ്കില്‍ അതിനും യുഡിഎഫിനെ കുറ്റം പറയാനില്ല.
പിന്നെയുള്ള ഒരേയൊരു കാര്യം വീരേന്ദ്രകുമാറിനോ മകനോ ലഭിക്കാനുള്ള രാജ്യസഭാ സീറ്റ് മാത്രമാണ്. 'ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം...' എന്നും പറഞ്ഞ് ഒരു പാര്‍ട്ടിയെത്തന്നെ ഇടതു മുന്നണിക്കു തീറെഴുതിക്കൊടുക്കുന്നതില്‍ എന്തു രാഷ്ട്രീയ മര്യാദയാണുള്ളത്? വീരേന്ദ്രകുമാറിന്റെ ഈ സ്വാര്‍ഥപ്രേരിതമായ തീരുമാനത്തിനു കീഴൊപ്പുവച്ചുകൊടുക്കുന്ന നേതാക്കള്‍ക്ക് എന്ത് ആത്മാഭിമാനം?
സിപിഎം എല്‍ഡിഎഫിലേക്ക് ഇപ്പോള്‍ ആരെയും വലിച്ചുകയറ്റും. വീരേന്ദ്രകുമാര്‍ പറയുന്ന ആള്‍ക്ക് രാജ്യസഭാ സീറ്റും കൊടുക്കുമായിരിക്കും. ഇങ്ങനെയൊരു അല്‍പത്തം പക്ഷേ യുഗപുരുഷന്മാരായ സോഷ്യലിസ്റ്റ് നേതാക്കളുടെ പിന്മുറക്കാരില്‍ നിന്ന് ഉണ്ടാവരുതായിരുന്നു. ചരിത്രത്തിന്റെ എന്തെന്തു മഹാപാഠങ്ങളാണ് ജനതാദള്‍-യു മായ്ച്ചുകളയുന്നത്!
Next Story

RELATED STORIES

Share it