ജനതാദള്‍ (എസ്) സംസ്ഥാന സമിതി യോഗത്തില്‍ മാത്യു ടി തോമസിനെതിരേ വിമര്‍ശനം

കൊച്ചി: ജനതാദള്‍ (എസ്) സംസ്ഥാന സമിതി യോഗത്തില്‍ മന്ത്രി മാത്യു ടി തോമസിനെതിരേ രൂക്ഷ വിമര്‍ശനം നടന്നതായി വിവരം. ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലാണ് വിമര്‍ശനം നടന്നത്. മാത്യു ടി തോമസ് പാര്‍ട്ടിക്ക് വിധേയനല്ലെന്ന് അംഗങ്ങള്‍ ആരോപിച്ചതായാണ് അറിയുന്നത്. പാര്‍ട്ടി നേതൃത്വം പറയുന്ന ഒരു കാര്യങ്ങളും മന്ത്രി ചെവിക്കൊള്ളാറില്ലെന്നും ആക്ഷേപമുയര്‍ന്നതായും പറയുന്നു. മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുമെന്നുള്ള സൂചനയുണ്ടായിരുന്നു.
എന്നാല്‍ അത്തരത്തിലുള്ള വിഷയം അജണ്ടയില്‍ ഇല്ലെന്ന് യോഗത്തിന് മുമ്പ് സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ പ്രവര്‍ത്തനം ഇതുവരെ വിലയിരുത്തിയിട്ടില്ലെന്നും കൗണ്‍സിലിന്റെ അജണ്ടയില്‍ മാത്യു ടി തോമസിനെ മാറ്റുന്ന കാര്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ യോഗത്തിനിടെ അംഗങ്ങള്‍ മന്ത്രിക്കെതിരേ ആരോപണമുന്നയിക്കുകയായിരുന്നുവെന്നാണു വിവരം. ഇന്നു നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ നിര്‍വാഹകസമിതി യോഗത്തിലെ ചര്‍ച്ചകളുടെ റിപോര്‍ട്ട് അവതരിപ്പിക്കും.
അഖിലേന്ത്യ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും തുടര്‍ നടപടിയുണ്ടാവുകയെന്നാണ് അറിയുന്നത്. മന്ത്രിസ്ഥാനത്തു മാറ്റമുണ്ടായാല്‍ കെ കൃഷ്ണന്‍കുട്ടിയാവും മാത്യു ടി തോമസിന്റെ പിന്‍ഗാമിയാവുക.
ബിജെപിയെ രാജ്യഭരണത്തില്‍ നിന്ന് പുറത്താക്കാന്‍ കര്‍ണാടക മാതൃക തുടരുമെന്ന് ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ജനറല്‍ ഡാനിഷ് അലി. സംസ്ഥാന കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സമവാക്യങ്ങള്‍ തങ്ങളുടെ നേതൃത്വത്തില്‍ മാറ്റിമറിച്ച സംഭവമാണു കര്‍ണാടകയില്‍ കണ്ടത്. രാജ്യത്തെ ജനാധിപത്യ സംവിധാനം സംരക്ഷിക്കപ്പെടുകയും ഫാഷിസ്റ്റ് ശക്തികളെ തുടച്ചുമാറ്റുകയും വേണം. ഇതിനാണു മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍. കര്‍ണാടക സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ കണ്ട പ്രതിപക്ഷ ഐക്യം തുടര്‍ന്നുണ്ടാവണമെന്നാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it