'ജനങ്ങള്‍ ദുരിതത്തിലാണ്; അവരതിന് പകരം വീട്ടാതിരിക്കില്ല'

ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയും കോട്ട (രാജസ്ഥാന്‍) മണ്ഡലം സ്ഥാനാര്‍ഥിയുമായ മുഹമ്മദ് ശഫിയുമായി തേജസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി എ എം ഹാരിസിന്റെ അഭിമുഖം

* നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ രാജസ്ഥാനിലെ ജനവികാരമെന്താണ്?
കര്‍ഷക ആത്മഹത്യകള്‍, ദലിത് അതിക്രമങ്ങള്‍, മുസ്‌ലിംകളെ അടിച്ചുകൊല്ലല്‍, നീരവ് മോദിയുടേതുള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, അഴിമതി, തൊഴിലില്ലായ്മ തുടങ്ങിയവ ജനജീവിതം ദുസ്സഹമാക്കിയ കാലമാണ്. ജനങ്ങള്‍ ഇതിന് പകരം വീട്ടാതിരിക്കില്ല. രാജസ്ഥാനില്‍ മുമ്പും ബിജെപിയുടെ മന്ത്രിസഭ വസുന്ധരരാജ സിന്ധ്യയുടെ നേതൃത്വത്തിലുണ്ടായിരുന്നു. കഴിഞ്ഞ തവണ പൊതുവെ വലിയ കുഴപ്പമില്ലാതെ പ്രവര്‍ത്തിച്ചു. ഇത്തവണ വളരെ മോശമാണ്. ജനങ്ങള്‍ ദുരിതത്തിലാണ്.

* ബിജെപിയുടെ കഴിഞ്ഞ മന്ത്രിസഭയെ അപേക്ഷിച്ച് ഇത്തവണ ഭരണം വളരെ മോശമാവാന്‍ എന്താവാം കാരണം
വര്‍ഗീയ അജണ്ട നടപ്പാക്കുന്നതിലാണ് ഇപ്പോള്‍ മുഖ്യശ്രദ്ധ. ജനക്ഷേമത്തിനല്ല മുന്‍ഗണന. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടയാണ് നടപ്പാക്കുന്നത്. പാര്‍ട്ടിയില്‍ തന്നെ ഇതുകൊണ്ടുള്ള ഭിന്നത വ്യക്തമാണ്. പ്രമുഖ നേതാവായിരുന്ന ഘനശ്യാം തിവാരി ബിജെപി വിട്ടിരിക്കുന്നു.

* ബിജെപി വിട്ട ഘനശ്യാം തിവാരി പുതിയ പാര്‍ട്ടി രൂപീകരിച്ചുവല്ലോ. അത് തിരഞ്ഞെടുപ്പില്‍ കാര്യമായി പ്രതിഫലിക്കാനിടയുണ്ടോ?
സംസ്ഥാന അടിസ്ഥാനത്തില്‍ വലിയ വ്യത്യാസം വരില്ല. എങ്കിലും അദ്ദേഹം പരിചയസമ്പന്നനായ ആര്‍എസ്എസുകാരനാണ്. തിവാരി കുലത്തിലെ അംഗമാണ്. അതൊക്കെ അദ്ദേഹത്തിന്റെ സ്വാധീന മേഖലകളില്‍ ബിജെപിക്ക് ദോഷം ചെയ്യും.

*എന്താണ് കോണ്‍ഗ്രസ്സിന്റെ സാധ്യതകള്‍?
വസുന്ധര നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ എല്ലാ ദൂഷ്യങ്ങളും കോണ്‍ഗ്രസ്സിനു ഗുണമാവും. വിഭാഗീയത ഒഴിവായതും കോണ്‍ഗ്രസ്സിന് ഉപകരിക്കും. രണ്ടുമൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്‌ലോട്ട് എഐസിസി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനാല്‍ സംസ്ഥാനത്ത് നേതൃത്വം രാജേഷ് പൈലറ്റിന്റെ മകനായ സചിന്‍ പൈലറ്റിനാണ്. സചിന്‍ നല്ല യുവനേതാവാണ്. സജീവമാണ്. എംഎല്‍എ കൂടിയായ അമ്മ രമാ പൈലറ്റും ഒപ്പമുണ്ട്.

* കോണ്‍ഗ്രസ്സിന്റെ സംഘടനാ വ്യവസ്ഥ നിലവിലുണ്ടോ?
സംഘടനാ തലത്തില്‍ കോണ്‍ഗ്രസ് ശക്തമല്ല. വ്യക്തമായ ഘടനയില്ല, ആദര്‍ശവുമില്ല എന്നതാണ് പ്രധാനം. പക്ഷേ, രാജസ്ഥാനില്‍ ബിജെപിക്ക് ബദലായി മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനമില്ല എന്നതാണ് കോണ്‍ഗ്രസ്സിനുള്ള സാധ്യത.

* നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങള്‍ എന്താണ്. എല്ലാ സര്‍വേകളിലും കോണ്‍ഗ്രസ് മുന്നിലാണല്ലോ?
നോട്ട് നിരോധവും ജിഎസ്ടിയും ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ജനങ്ങളെ ദുരിതത്തിലാക്കിയവയാണ്. എല്ലായിടത്തും സാധാരണക്കാരെയും ഇടത്തരക്കാരെയും അതു കാര്യമായി ബാധിച്ചു. അതിനാല്‍ തന്നെ സാധാരണക്കാര്‍ക്ക് ഈ ദുരിതം മനസ്സിലാവും. ഇപ്പോള്‍ സര്‍വേയില്‍ റഫേല്‍ അഴിമതിപോലുള്ളവയും വോട്ടര്‍മാരെ സ്വാധീനിക്കും.

* ബിഎസ്പി, എഎപി, ഭീം ആര്‍മി സ്വാധീനം?
കഴിഞ്ഞ തവണ ബിഎസ്പിയും എഎപിയും കുറച്ചു വോട്ടുകള്‍ പിടിച്ചിരുന്നു. പക്ഷേ, സംസ്ഥാനത്തെ ബിഎസ്പി നേതൃത്വങ്ങള്‍ക്ക് യാതൊരു ശബ്ദവുമില്ല. പാര്‍ട്ടി നേതാവ് മായാവതി നേരിട്ടാണ് തീരുമാനങ്ങള്‍. ഇതിനു മുമ്പുള്ള നിയമസഭയില്‍ ആറ് എംഎല്‍എമാരുണ്ടായിരുന്നു. അവര്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. മുമ്പുണ്ടായിരുന്ന സ്വാധീനം ബിഎസ്പിക്കും എഎപിക്കും ഇപ്പോഴില്ല. ദലിതുകളുടെ പുതിയ സംഘടനയായ ഭീം ആര്‍മിക്കും രാജസ്ഥാനില്‍ വേരോട്ടം കിട്ടിയിട്ടില്ല.

* ഇടത് കക്ഷികളുടെ നിലപാട്?
സിപിഎമ്മിന് ഒരു എംഎല്‍എയുണ്ടാവാറുണ്ട്. അദ്ദേഹം നല്ല വ്യക്തിയാണ്. അദ്ദേഹമാണ് ജയിക്കുന്നത്, പാര്‍ട്ടിയല്ല എന്നതാണ് ശരി. സംസ്ഥാനത്തെ സിപിഐ, സിപിഎം ഇടത് കക്ഷികള്‍ എസ്ഡിപിഐയുമായി നല്ല ബന്ധം പുലര്‍ത്തുന്നു.

* ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍?
ജനക്ഷേമം അവരുടെ അജണ്ടയിലില്ല. വര്‍ഗീയ പ്രശ്‌നങ്ങളല്ലാതെ അവര്‍ക്ക് പറയാനില്ല.

* എസ്ഡിപിഐയുടെ ഇടം
എസ്ഡിപിഐയില്‍ നിരവധി ദലിതുകളും ഗോത്രവര്‍ഗക്കാരും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷിക പ്രശ്‌നങ്ങള്‍ സംബന്ധമായി ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ വാര്‍ത്തകളില്‍ കര്‍ഷകര്‍ക്കു വേണ്ടി പ്രതികരിച്ചത് എസ്ഡിപിഐയാണ്. ആദിവാസി പ്രശ്‌നങ്ങളില്‍ വിശേഷിച്ചും മേവാദ്, ചിത്തോര്, ഉദയ്പൂര്‍ മേഖലകളില്‍ എസ്ഡിപിഐ സജീവമായി ഇടപെട്ടു. ദലിതുകള്‍ക്ക് വേണ്ടി പൊരുതി, നിയമപോരാട്ടം നടത്തി.
ജാഗോ രാജസ്ഥാന്‍ എന്ന കാംപയിന്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പാര്‍ട്ടിയുടെ സ്വാധീനം വ്യാപിക്കുന്നതിന് ഉപകരിച്ചു. കര്‍ഷക ആത്മഹത്യ നടന്ന മേഖലകളിലും ദലിത് പീഡനം നടന്ന പ്രദേശങ്ങളിലും എത്തി. പ്രതാപ്ഗഡിലും ഹിന്ദുത്വരുടെ ആള്‍ക്കൂട്ട കൊലകള്‍ നടന്ന മേഖലകളിലും എത്തി. അഫ്‌റാസുലിന്റെ കുടുംബത്തെയുള്‍പ്പെടെ സന്ദര്‍ശിച്ച് ആത്മധൈര്യം പകര്‍ന്നു. മാരുള്‍ നഗരസഭയില്‍ എസ്ഡിപിഐക്ക് രണ്ട് അംഗങ്ങളുണ്ട്്. ബാര കോര്‍പറേഷനില്‍ എസ്ഡിപിഐ വലിയതോതില്‍ വോട്ട് നേടിയിരുന്നു.
എസ്ഡിപിഐ തൃണമൂല തലത്തില്‍ പ്രവര്‍ത്തിക്കുന്നു, മതേതര കക്ഷികളോട് തുറന്ന സമീപനം പുലര്‍ത്തുന്നു. ഫാഷിസ്റ്റ് വര്‍ഗീയ കക്ഷികളെ അധികാരത്തില്‍ നിന്നു തുരത്തുന്നതിനു മതേതര കക്ഷികളുമായി സഹകരിക്കാന്‍ പാര്‍ട്ടി സന്നദ്ധമാണ്. എന്നാല്‍, കോണ്‍ഗ്രസ്സിനെ ഞങ്ങളാണ് ഭയക്കേണ്ടത്. രാജീവ്ഗാന്ധി തറക്കല്ലിട്ട രാമക്ഷേത്രം ഞങ്ങള്‍ പണിയുമെന്നു പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് വക്താവ് രാജീവ് ത്യാഗിയാണ്. നല്ല ഹിന്ദുക്കള്‍ മസ്ജിദ് തകര്‍ത്ത് ക്ഷേത്രം പണിയാന്‍ ആഗ്രഹിക്കില്ലെന്നു വ്യക്തമാക്കിയ ശശി തരൂരിനെ അപലപിച്ചത് കോണ്‍ഗ്രസ്സാണ്. പണ്ട് തന്നെ രാജ്യമെങ്ങും തിരഞ്ഞെടുപ്പു കാംപയിന് വിളിച്ചിരുന്നു. ഇപ്പോള്‍ തന്നെ വിളിക്കാന്‍ ഭയമാണെന്നും അതിനാല്‍ വിളിക്കാറില്ലെ’ന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറയുന്നു. അതാണ് ഞാന്‍ പറഞ്ഞത്, ഈ കോണ്‍ഗ്രസ്സിനെ എസ്ഡിപിഐയാണ് ഭയക്കേണ്ടത്. പക്ഷേ, രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി മതേതര കക്ഷികളുമായി സഹകരിക്കാനുള്ള തുറന്ന മനസ്സ് എസ്ഡിപിഐ പ്രകടിപ്പിക്കുന്നു. രാജസ്ഥാനില്‍ എസ്ഡിപിഐ പരിപാടിയില്‍ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍ച്ചന ശര്‍മ പങ്കെടുത്തു. തമിഴ്‌നാട്ടിലെ തൃച്ചിയിലെ മഹാസമ്മേളനത്തില്‍ പങ്കെടുത്ത തമിഴ്‌നാട് പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് എസ്ഡിപിഐയുമായി സഹകരിക്കുമെന്നു പ്രഖ്യാപിച്ചത് ഏതാനും ദിവസം മുമ്പാണ്.
46 മണ്ഡലങ്ങളില്‍ മല്‍സരിക്കാനാണ് എസ്ഡിപിഐയുടെ തീരുമാനം. 26 മണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടു വനിതകളും ഒരു ദലിതുമുള്‍പ്പെടെ എട്ടു സ്ഥാനാര്‍ഥികളുടെ പേരുകളും പ്രസിദ്ധീകരിച്ചു.
Next Story

RELATED STORIES

Share it