kannur local

ജനങ്ങള്‍ക്ക് രക്ഷ വേണ്ടത് സംഘപരിവാരത്തില്‍ നിന്ന്: വെല്‍ഫെയര്‍ പാര്‍ട്ടി



കണ്ണൂര്‍: ദേശീയ നേതാക്കളെ അണിനിരത്തി ബിജെപി കേരളത്തില്‍ ജനരക്ഷായാത്ര നടത്തുന്നത് സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കാനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം ധ്രുവീകരണം വഴിയുണ്ടായ കലാപങ്ങളിലൂടെയാണ് ബിജെപി രാജ്യത്ത് അധികാരം നേടിയത്. അതിനായി വ്യാജപ്രചാരണങ്ങളും ഏറ്റുമുട്ടലുകളും നടത്തി കുപ്രസിദ്ധി നേടിയ അമിതാഷായെയും യോഗി ആദിത്യനാഥിനെയും കേരളത്തിലേക്ക് നിയോഗിച്ചതില്‍നിന്ന് സംഘപരിവാര്‍ പദ്ധതി വ്യക്തമാണ്. കേരളത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ പാതയിലേക്ക് കൊണ്ടുപോവാനുള്ള കൊലവിളിയാണ് കുമ്മനത്തിന്റെ യാത്ര. കൊടിഞ്ഞി ഫൈസല്‍, റിയാസ് മൗലവി, കാസര്‍ക്കോട്ടെ ഫഹദ് തുടങ്ങിയവരെ കൊലപ്പെടുത്തിയതും ലൗ ജിഹാദ് വിവാദം സൃഷ്ടിച്ചതും ഇപ്പോള്‍ ഹാദിയയുടെ വീട്ടുതടങ്കലുമെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും യഥാര്‍ഥത്തില്‍ രക്ഷവേണ്ടത് സംഘപരിവാര ഫാഷിസത്തില്‍ നിന്നാണ്. നനഞ്ഞ പടക്കമായി മാറിയ ജാഥ അവസാനിപ്പിച്ച് കേരളത്തിലെ ജനതയോട് കുമ്മനവും കൂട്ടരും മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ജില്ലാ പ്രസിഡന്റ് ജബീന ഇര്‍ഷാദ്, ജനറല്‍ സെക്രട്ടറി പള്ളിപ്രം പ്രസന്നന്‍, സി ഇംതിയാസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it