ജനങ്ങള്‍ക്കുവേണ്ടി വാതക പൈപ്പ്‌ലൈന്‍ തടഞ്ഞ് തമിഴ്‌നാട്; ജനങ്ങളെ മറന്ന് കേരളം

എം പി വിനോദ്

കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെയാണ് കൊച്ചി- കൂറ്റനാട്- മംഗളൂരു- ബംഗളൂരു ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ കടന്നുപോവുന്നത്. ഈ പദ്ധതിയനുസരിച്ച് കൃഷിഭൂമിയിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോവുന്നതിനെ തമിഴ്‌നാട് സര്‍ക്കാര്‍ എതി ര്‍ക്കുമ്പോള്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയകക്ഷികളും സര്‍ക്കാരും പിന്തുണയ്ക്കുകയാണ്. കൃഷിഭൂമിയിലൂടെ പൈപ്പ്‌ലൈന്‍ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യാനുമാണ് മുഖ്യമന്ത്രി ജയലളിത ഉത്തരവിട്ടത്. ഇതിനെതിരേ ഗെയില്‍ സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി നേടുകയായിരുന്നു.
പെട്രോളിയം മിനറല്‍സ് നിയമത്തില്‍ ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതി പൈപ്പ്‌ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. എന്നാല്‍, വിധിക്കെതിരേ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹരജി നല്‍കിയ തമിഴ്‌നാട് പെട്രോളിയം മിനറല്‍സ് പൈപ്പ്‌ലൈന്‍ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹരജി ഏതാനും ദിവസം മുമ്പ് സുപ്രിംകോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് മറ്റ് ചില ഹരജികള്‍ സുപ്രിംകോടതിക്കു മുമ്പിലുണ്ട്.
തമിഴ്‌നാട്ടിലെ കൃഷിഭൂമിയിലൂടെ വാതക പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതുകയും ചെയ്തു. പിഎംപി നിയമം അനുസരിച്ച് ഇറക്കിയ എല്ലാ വിജ്ഞാപനങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇതുവരെ ഇറക്കിയിട്ടുള്ള വിജ്ഞാപനം അനുസരിച്ച് മുന്നോട്ടുപോവരുതെന്ന് ഗെയിലിനു നിര്‍ദേശം നല്‍കണമെന്നുമാണ് ജയലളിത ആവശ്യപ്പെട്ടത്. ജനവാസ മേഖലകളെ ഒഴിവാക്കിയാണ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കേണ്ടതെന്ന് പിഎംപി ആക്ടിലെ 7 (എ) പ്രകാരം വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയലളിത കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, കൃഷ്ണഗിരി എന്നീ ഏഴു ജില്ലകളില്‍ 20 മീറ്റര്‍ വീതിയില്‍ 312 കിലോമീറ്റര്‍ ഭൂമിയാണ് തമിഴ്‌നാട്ടില്‍ പദ്ധതിക്കു വേണ്ടിവരുക. ഈ രീതിയില്‍ നടപ്പാക്കിയാല്‍ 1,20,000 മരങ്ങ ള്‍ മുറിച്ചു മാറ്റേണ്ടിവരും. മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും പകരം 10 മരങ്ങള്‍ വീതം നട്ടുപിടിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. 12 ലക്ഷം തൈകളാണ് ഇവിടെ ഗെയില്‍ നടേണ്ടിവരുക. ഇത് ഗെയിലിനു സാധ്യമാവുമെന്നു കരുതാനാവില്ലെന്നും ജയലളിത പറയുന്നു.
കാര്‍ഷിക മേഖലയെ തകര്‍ത്തുകൊണ്ടുള്ള വ്യവസായവ ല്‍ക്കരണത്തിനു കൂട്ടുനില്‍ക്കാനാവില്ലെന്നാണ് ജയലളിത സ ര്‍ക്കാരിന്റെയും തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നിലപാട്. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളായ എഐഎഡിഎംകെ, ഡിഎംകെ, എംഡിഎംകെ, സിപിഎം തുടങ്ങിയ കക്ഷികളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. തമിഴ്‌നാട് സ്വതന്ത്ര കര്‍ഷകസംഘം, തമിഴ്‌നാട് കര്‍ഷക അസോസിയേഷന്‍ അടക്കമുള്ള കര്‍ഷക സംഘടനകളെല്ലാം രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി സമരരംഗത്തുണ്ട്.
കേരളത്തിലെതുപോലെ തന്നെ ആദ്യം ജയലളിതയും വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് അനുകൂലമായിരുന്നു. പലയിടത്തും പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്തു. എതിര്‍ത്ത കര്‍ഷകരെ പോലിസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. ഇതിനെതിരേ കര്‍ഷകപ്രക്ഷോഭം ശക്തമായതോടെയാണ് ജയലളിത സര്‍ക്കാര്‍ മാറി ചിന്തിച്ചത്. ജനങ്ങളുമായി ചര്‍ച്ചചെയ്യാന്‍ ജയലളിത ചീഫ് സെക്രട്ടറിയെ നിയോഗിച്ചു. ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കര്‍ഷകരെയും ഗെയില്‍ അധികൃതരെയും പങ്കെടുപ്പിച്ച് മൂന്നു ദിവസത്തെ ഹിയറിങും നടത്തി. 134 ഗ്രാമങ്ങളിലെ 2428 കര്‍ഷകര്‍ ഹിയറിങില്‍ വാതക പൈപ്പ്‌ലൈന്‍ കൃഷിഭൂമിയിലൂടെ കൊണ്ടുപോവുന്നതിനെതിരേ നിലപാടെടുത്തു. ഇതോടെയാണ് സര്‍ക്കാര്‍, കൃഷിഭൂമിയിലൂടെ വാതക പൈപ്പ്‌ലൈന്‍ അനുവദിക്കില്ലെന്ന നിലപാടിലേക്കു മാറിയത്.
914 കിലോമീറ്റര്‍ കൊച്ചി- ബംഗളൂരു- മംഗളൂരു ഗെയില്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കേരളത്തില്‍ ഏതാണ്ട് 500 കിലോമീറ്റര്‍ നീളത്തില്‍ ഏഴു ജില്ലകളെ കീറിമുറിച്ചാണു കടന്നുപോവുന്നത്. തമിഴ്‌നാട്ടിലൂടെ കടന്നുപോവുന്ന 312 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ കൃഷിഭൂമിയിലൂടെ കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്ന ശക്തമായ നിലപാടാണ് മുഖ്യമന്ത്രി ജയലളിത എടുത്തത്. ജനവാസ മേഖലകളും ആശുപത്രികളും സ്‌കൂളുകളും ആരാധനാലയങ്ങളുമുള്ള കൊച്ചി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ നിര്‍ദ്ദിഷ്ട പൈപ്പ്‌ലൈന്‍ കൊണ്ടുപോവാന്‍ ശ്രമിക്കുന്നത് ജനങ്ങളുടെ സുരക്ഷാഭീതിയും ആശങ്കകളും പരിഗണിക്കുകപോലും ചെയ്യാതെയാണ്.
കേരളത്തില്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന 2007ലാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോവാന്‍ ശക്തമായ ശ്രമങ്ങളാണു നടത്തിയത്. ചീഫ് സെക്രട്ടറി ജിജി തോംസണെ പദ്ധതി ഏതുവിധേനയും നടപ്പാക്കാന്‍ രംഗത്തിറക്കി.
ഈയിടെ വിരമിച്ച ജിജി തോംസണെ കെഎസ്‌ഐഡിസി ചെയര്‍മാനാക്കി വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ നോഡല്‍ ഓഫിസറാക്കാനാണ് സര്‍ക്കാര്‍ നീക്കം.
തമിഴ്‌നാട്ടില്‍ സിപിഎം നേതൃത്വം വാതക പൈപ്പ്‌ലൈനിനെതിരേ സമരപക്ഷത്ത് ഉറച്ചുനില്‍ക്കുമ്പോള്‍ കേരളത്തില്‍ പദ്ധതിക്കുവേണ്ടി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. വാതക പൈപ്പ്‌ലൈന്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് ഇച്ഛാശക്തിയില്ലെന്ന വിമര്‍ശനമാണ് ചിന്ത വാരികയില്‍ എഴുതിയ ലേഖനത്തില്‍ സിപിഐ (എം) പിബി അംഗം പിണറായി വിജയന്‍ ഉന്നയിക്കുന്നത്. കേരളത്തിന്റെ ഊര്‍ജരംഗത്തെ സ്വപ്‌നപദ്ധതിയെന്നാണ് ലേഖനത്തില്‍ എല്‍എന്‍ജി ടെര്‍മിനലിനെ പിണറായി വാഴ്ത്തുന്നത്. ഇവിടെ വികസനമുടക്കികളായി ആരുമില്ലെന്നും പിണറായി പറയുന്നു.തമിഴ്‌നാട്ടില്‍ സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും ജനപക്ഷത്തു നില്‍ക്കുമ്പോള്‍ കേരളത്തില്‍ പെട്രോനെറ്റിന്റെയും ഗെയിലിന്റെയും അദാനിയുടെയും കോര്‍പറേറ്റു പക്ഷത്താണ് സര്‍ക്കാരും ഇടതു- വലതു- ബിജെപി ഭേദമില്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍.
കേരളത്തില്‍ നവരാഷ്ട്രീയ പ്രസ്ഥാനമായ എസ്ഡിപിഐയാണ് ഗെയിലിന്റെ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയക്കുറിച്ച് ജനപക്ഷത്തുനിന്നു പോരാട്ടം നടത്തിയത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് വാതക പൈപ്പ്‌ലൈന്‍ മാറ്റണമെന്നാവശ്യപ്പെട്ട് പൈപ്പ്‌ലൈന്‍ കടന്നുപോവുന്ന മേഖലകളിലൂടെ സമരജാഥയും നടത്തി. കലക്ടറേറ്റ് മാര്‍ച്ചുകള്‍ അടക്കമുള്ള ശക്തമായ സമരപരിപാടികളാണ് ഗെയില്‍ വിക്ടിംസ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയും സമരം നടത്തിയിരുന്നു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അണികളും പ്രവര്‍ത്തകരുമെല്ലാം സമരങ്ങളില്‍ സജീവമായിരുന്നു. പക്ഷേ, മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും നേതൃത്വവും മൗനം പാലിക്കുകയാണ്. ഈ മൗനത്തിന് അവര്‍ മറുപടി പറയേണ്ടിവരും, തീര്‍ച്ച.
(അവസാനിച്ചു)
Next Story

RELATED STORIES

Share it