Middlepiece

ജനങ്ങളെ ശരിയാക്കിയ ഒന്നാംപിറന്നാള്‍!

ജനങ്ങളെ ശരിയാക്കിയ ഒന്നാംപിറന്നാള്‍!
X


കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ “വിജയകരമായ’ ഒരു വര്‍ഷം പിന്നിടുകയാണ്. സര്‍ക്കാരും മുന്നണിയും മുന്നണിയിലെ ഘടകകക്ഷികളും കക്ഷികളുടെ ബഹുജനസംഘടനകളും പിറന്നാള്‍ വലിയ ആഘോഷമായി കൊണ്ടാടാന്‍ പോവുകയാണ്!ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ് സര്‍ക്കാര്‍ ആഘോഷം നടത്തുന്നത്. മറ്റ് ആഘോഷങ്ങളുടെ ചെലവുകളൊക്കെ ജനങ്ങളില്‍നിന്ന് സംഭാവനകള്‍ പിരിച്ച് അവരവര്‍ തന്നെ സംഘടിപ്പിക്കുന്നു. ആഘോഷം ഏതുതരത്തിലായാലും നടത്തിപ്പില്‍ ജനങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. ആഘോഷത്തില്‍ പങ്കെടുക്കേണ്ടവരും പിറന്നാള്‍ ആനുകൂല്യം കൈപ്പറ്റേണ്ടവരും പ്രസംഗങ്ങള്‍ കേള്‍ക്കേണ്ടവരും പരസ്യങ്ങളും ലേഖനങ്ങളും വായിക്കേണ്ടവരും ജനങ്ങള്‍ തന്നെയാണ്. അപ്പോള്‍ എല്ലാ അര്‍ഥത്തിലും ജനകീയമാണു പിറന്നാള്‍ ആഘോഷം. എല്ലാം ശരിയാവുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് വോട്ടുവേട്ട നടത്തി അധികാരത്തില്‍ കയറിയ സര്‍ക്കാരാണിത്. അതുകൊണ്ട് പിറന്നാള്‍ ആഘോഷത്തില്‍ ശരിയായ കാര്യങ്ങളുടെ നീണ്ട പട്ടിക നിരത്തിവയ്‌ക്കേണ്ടിവരും. ഇതിനു സര്‍ക്കാര്‍ ചെലവില്‍ തന്നെ ലഘുലേഖകളും മറ്റും അച്ചടിച്ച് എത്തിക്കുന്നതുകൊണ്ട് ജനത്തിനു സൗകര്യമാണ്. ഇനിയങ്ങോട്ട് ജനങ്ങള്‍ക്കു ശരിയാവാനുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കുകയും വേണം. അതിനാണെങ്കില്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരില്ല. സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിനു മുമ്പ് തയ്യാറാക്കിയ പട്ടിക ആവര്‍ത്തിച്ചാല്‍ മതിയാവും. ജനങ്ങളെ സംബന്ധിച്ചിടത്തോളം എന്താണു ശരിയായത് എന്ന് സ്വയം വിലയിരുത്താനുള്ള അവസരംകൂടിയാണിത്. ഒരു വര്‍ഷത്തെ ഭരണംകൊണ്ട് സര്‍ക്കാരിനെപ്പറ്റി പൊതുസമൂഹത്തിനുള്ള അഭിപ്രായം എന്തെന്നു വെളിപ്പെടുത്തേണ്ട ബാധ്യത പത്രങ്ങള്‍ക്കും വിശേഷിച്ച് ചാനലുകള്‍ക്കുമാണ്. അതവര്‍ ഭംഗിയായി നിറവേറ്റുന്നുണ്ട്. ഭരണനേതൃത്വം വഹിക്കുന്ന സിപിഎം പാര്‍ട്ടിയാണെങ്കില്‍ സാധാരണഗതിയില്‍ ഒരു മൂന്നു വര്‍ഷമെങ്കിലും ഭരണത്തിലിരുന്നതിനു ശേഷമേ ഭരണത്തെക്കുറിച്ച് വിലയിരുത്തി ചര്‍ച്ച നടത്താറുള്ളൂ. ഭരണത്തെക്കുറിച്ച് ശരിയായ ഒരു “വകതിരിവ്’ കിട്ടണമെങ്കില്‍ മൂന്നുവര്‍ഷമാവണമെന്നാണ് പാര്‍ട്ടിയുടെ നേരത്തേയുള്ള കാഴ്ചപ്പാട്. കേരളത്തിലാണെങ്കില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗങ്ങളായതിനാല്‍ പ്രത്യേകമായ ഒരു ചര്‍ച്ചയുടെ ആവശ്യവും വരുന്നില്ല. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തലനാരിഴകീറി വിമര്‍ശനം-സ്വയംവിമര്‍ശനം നടത്തിയാല്‍ മതി. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് വരെ ഈ സര്‍ക്കാര്‍ തുടരുന്നതിനാല്‍ മറ്റു പ്രശ്‌നങ്ങളും ഉണ്ടാവില്ല. ഭരണമുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയുടെ സ്ഥിതി നേരെ മറിച്ചാണ്. തൊട്ടതിനൊക്കെ ആ പാര്‍ട്ടിയില്‍ യോഗംചേരലും ചര്‍ച്ചകളും ആണ്. ഒരു വര്‍ഷത്തെ ശരിയാവലിനെക്കുറിച്ച് പാര്‍ട്ടി മണിക്കൂറുകളോളം ചര്‍ച്ച നടത്തി പലമാതിരി തീരുമാനങ്ങളും എടുത്തിട്ടുണ്ട്. പക്ഷേ, അതു പുറത്തുവിടില്ല. അതു മുന്നണിമര്യാദയ്ക്കു ചേര്‍ന്നതല്ല എന്നതാണു കാരണം. മര്യാദ വിട്ട് സിപിഐക്ക് ഒരു കളിയും ഇല്ല. മറ്റു ഘടകകക്ഷികളാണെങ്കില്‍ സിപിഎമ്മിന്റെ നയത്തിനും നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സദാസമയവും പച്ചക്കൊടി വീശിക്കൊണ്ടിരിക്കുകയാണ്. മന്ത്രിമാരുടെ പ്രവര്‍ത്തനമികവിനെപ്പറ്റി അതത് പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ നടത്തി പാസ് മാര്‍ക്കുകള്‍ കൊടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ കാര്യത്തിലാണെങ്കില്‍ ഉപദേശകര്‍ ഉള്ളതുകൊണ്ട് അതിന്റെ ആവശ്യം വരുന്നില്ല. ഉപദേശകരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാത്രമേ അവരുടെ പാര്‍ട്ടിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുള്ളൂ. ഭരണത്തിലാകെ ഉണ്ടായിരുന്ന ഒരു പ്രശ്‌നം അല്ലറചില്ലറ അഴിമതിയായിരുന്നു. ഡോ. ജേക്കബ് തോമസ് എന്ന ഡിജിപി അഴിമതി തുടച്ചുനീക്കി നീണ്ട അവധിയില്‍ പ്രവേശിച്ചതോടെ ആ പ്രശ്‌നത്തിന് അന്ത്യമായി. പിന്നെ കുഴഞ്ഞുമറിഞ്ഞ പ്രശ്‌നം മൂന്നാറിലെ കൈയേറ്റവും കുരിശും വനംവെട്ടും ഒക്കെയായിരുന്നു. സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടിയതോടെ അതും തീര്‍ന്നു. ഉഗ്രശാസന കൊടുത്തതോടെ മന്ത്രി മണിയാശാന്റെ നാവും താണു. തോമസ് ചാണ്ടി മന്ത്രിക്കസേരയില്‍ ഇരുന്നതോടെ ട്രാന്‍സ്‌പോര്‍ട്ട് പ്രതിസന്ധികള്‍ക്കും പരിഹാരമായി. വെടിക്കെട്ടോടെ തൃശൂര്‍ പൂരവും നടന്നു. കാര്യപ്രാപ്തിയുള്ള ടി പി സെന്‍കുമാര്‍ പോലിസ് മേധാവിയായി ചുമതലയേറ്റതോടെ ആഭ്യന്തരവകുപ്പും ശരിയായി. പരമോന്നത നീതിപീഠമായ സുപ്രിംകോടതിയില്‍ കാല്‍ലക്ഷം രൂപ സര്‍ക്കാര്‍ കെട്ടിവച്ച് സുപ്രിംകോടതിയെയും ശരിയാക്കി. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് പാഠപുസ്തകം ശരിയായി. എസ്എസ്എല്‍സി ഫലപ്രഖ്യാപനം ശരിയായ രീതിയില്‍ നടത്തി. കെ എം മാണി ശരിയായ ദിശയില്‍ സഞ്ചരിക്കാന്‍ തുടങ്ങി. ചൂടിന്റെ ചൂട് അല്‍പം കുറഞ്ഞു. ഇടയ്ക്ക് മഴ പെയ്യാനും തുടങ്ങി. ആകപ്പാടെ നോക്കിയാല്‍ ഭരണം പൊടിപൊടിക്കുന്നു. ജനമനസ്സില്‍ സര്‍ക്കാര്‍ നെഞ്ചുനിവര്‍ത്തി ഇരിക്കുകയാണ്. നിറഞ്ഞ സംതൃപ്തിയോടെ, ചാരിതാര്‍ഥ്യത്തോടെ സര്‍ക്കാരിനു ജനത്തെ ശരിയാക്കിയ പിറന്നാള്‍ ആഘോഷിക്കാം.
Next Story

RELATED STORIES

Share it