kannur local

ജനങ്ങളെ ബന്ദിയാക്കി ബിജെപി യാത്ര ; രാജപാതയൊരുക്കി പോലിസ്



പയ്യന്നൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ ഉദ്ഘാടനസമ്മേളനവുമായി ബന്ധപ്പെട്ട് പയ്യന്നൂരില്‍ അനുഭവപ്പെട്ടത് അപ്രഖ്യാപിത ഹര്‍ത്താല്‍. ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങളുടെ പേരില്‍ പോലിസും സുരക്ഷാ വിഭാഗങ്ങളും അക്ഷരാര്‍ഥത്തില്‍ ജനത്തെ ബന്ദിയാക്കി. പൊതുസമ്മേളനം നടന്ന പഴയ ബസ് സ്റ്റാന്റ് പൂര്‍ണമായും വിട്ടുകൊടുത്തതോടെ കിലോമീറ്ററുകള്‍ ദൂരം ആറു മണിക്കൂറോളം പരിസരപ്രദേശങ്ങള്‍ സംഘപരിവാരത്തിന്റെ നിയന്ത്രണത്തിലായിരുന്നു. വ്യാപാരികളെയും സ്വകാര്യ ബസ്, ടാക്‌സി സര്‍വീസുകളെയും ഒഴിപ്പിച്ചാണ് ബസ് സ്റ്റാന്റില്‍ വേദിയൊരുക്കിയത്. തലേന്ന് തന്നെ, പ്രശ്‌നസാധ്യതയുണ്ടെന്ന കിംവദന്തി പരത്തി പോലിസ് തന്നെ വ്യാപാരികളെ കടയടക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. മെഡിക്കല്‍ ഷോപ്പ് പോലുള്ള അവശ്യ സര്‍വീസുകളുള്ള കടകള്‍ പോലും തുറന്നില്ല. സിആര്‍പിഎഫും പോലിസും ചേര്‍ന്ന് കിലോമീറ്ററുകള്‍ക്കു മുമ്പ് തന്നെ വാഹനങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ ഉദ്ഘാടനത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തിന്റെ ആള്‍ക്കൂട്ടം വരെ ഇല്ലായിരുന്നു. തിക്കുംതിരക്കുമൊന്നും ഇല്ലാതിരുന്നിട്ടും പോലിസിന്റെ മുന്നറിയിപ്പ് കാരണമാണ് പലരും കടകള്‍ അടച്ചിട്ടത്. ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനും പൂര്‍ണമായും സമ്മേളന നടത്തിപ്പുകാര്‍ക്ക് വിട്ടുനല്‍കിയതോടെ പ്രാഥമികാവശ്യത്തിനു പോലും ഏറെ ബുദ്ധിമുട്ടി. മാത്രമല്ല, ബസ് സ്റ്റാന്റില്‍ ബസ്സുകള്‍ കയറാതിരുന്നതോടെ സ്വകാര്യ ബസ് സര്‍വീസും താറുമാറായി. പലരും സര്‍വീസ് നടത്താതിരുന്നത് യാത്രക്കാരെ സാരമായി ബാധിച്ചു. പൊതുസമ്മേളനം നടന്ന ടൗണ്‍ ജുമാമസ്ജിദിനു മുകളില്‍ വരെ പോലിസുകാര്‍ നിലയുറപ്പിച്ചിരുന്നു. രാവിലെ ഏഴുമുതല്‍ തന്നെ ഇതുവഴിയുള്ള ഗതാഗതം സ്തംഭിപ്പിച്ചിരുന്നു. രണ്ടുദിവസം മുമ്പ് തന്നെ ജില്ലാ പോലിസ് മേധാവിയുടെ ഗതാഗതസ്തംഭനം സംബന്ധിച്ച അറിയിപ്പ് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചതിനാല്‍ സംഘര്‍ഷ ഭീതി കാരണം പലരും റോഡിലിറങ്ങിയില്ല. പദയാത്ര കടന്നുപോവുന്ന സ്ഥലങ്ങളിലെ പയ്യന്നൂര്‍ വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കലക്്ടര്‍ അവധി നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് യാത്രാ ബുദ്ധിമുട്ട് ഉണ്ടാവുമെന്ന പയ്യന്നൂര്‍ സിഐയുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് ഉച്ചയ്ക്കു ശേഷം അവധി നല്‍കിയത്. സംഘര്‍ഷസാധ്യതയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പതിവില്ലാത്ത അവധി പ്രഖ്യാപനം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജാഥ നടക്കുന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്നതും അപൂര്‍വമാണ്. യാത്ര കടന്നുപോവുന്ന റോഡ് നന്നാക്കിയ പൊതുമരാമത്ത് നടപടിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലത്തെന്ന പോലെ മദ്യഷാപ്പുകള്‍ക്കു മൂന്നുദിവസമാണ് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. ജനത്തെ പൂര്‍ണമായും ബന്ദിയാക്കിയുള്ള ബിജെപിയുടെ യാത്രയ്ക്കു സംസ്ഥാന സര്‍ക്കാരും ആഭ്യന്തരവകുപ്പും രാജപാതയൊരുക്കിയത് ഏറെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സിപിഎം ഭരിക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രിയുടെ നാട്ടിലൂടെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പദയാത്ര നടത്തുക വഴി സംഘര്‍ഷമുണ്ടായാല്‍ രാജ്യവ്യാപകമായി പ്രചാരണം നടത്തുകയെന്ന തന്ത്രമാണ് ഇതുവഴി ബിജെപി ലക്ഷ്യമിടുന്നത്. യാത്ര തുടങ്ങി സമാപിക്കുന്ന 17 ദിവസവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങളില്‍ ബിജെപി റാലി നടത്തുന്നുണ്ട്. മാത്രമല്ല, ഡല്‍ഹിയിലെ സിപിഎം ഓഫിസായ എകെജി മന്ദിരത്തിലേക്കും മാര്‍ച്ച് നടത്തും. കേരളത്തെ കടന്നാക്രമിച്ചു കൊണ്ടുള്ള പൊതുസമ്മേളനത്തിനും പദയാത്രയ്ക്കും എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ 1184 അംഗ പോലിസ് സേനയെയാണ് സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നത്.
Next Story

RELATED STORIES

Share it