malappuram local

ജനങ്ങളെ പരിഭ്രാന്തരാക്കി സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ സന്ദേശം

മഞ്ചേരി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത ജില്ലയില്‍ അധ്യാപകരേയും രക്ഷിതാക്കളേയും പരിഭ്രാന്തിയുടെ മുള്‍മുനയില്‍ നിര്‍ത്തി. ഇന്നലെ രാവിലെ 9.30നു സ്‌കൂളിലെക്കു വരുന്നതിനിടയില്‍ ഒമ്‌നി വാഹനത്തില്‍ എത്തിയ സംഘം നെല്ലിക്കുത്ത് ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്നായിരുന്നു സന്ദേശം.
വിദ്യാര്‍ഥിനി സഹപാഠികളോട് തമാശ പറഞ്ഞതാണു സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കാന്‍ കാരണമായത്. മറ്റു വിദ്യാര്‍ഥികള്‍ വിവരം അധ്യാപകരോടു പറയുകയുകയും ഉടന്‍ തന്നെ മഞ്ചേരി പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞെത്തിയ പോലിസ് കുട്ടിയുമായി സംസാരിക്കുന്ന ഫോട്ടോയും വാട്ട്‌സ് ആപ്പില്‍ പ്രചരിച്ചു. സംഭവം സംസ്ഥാനത്താകമാനം ചര്‍ച്ചയായതോടെ നാട്ടുകാരും രക്ഷിതാക്കളും ഏറെ പരിഭ്രാന്തരായി. ഇതിനിടെ സ്‌കൂള്‍ പിടിഎ ഭാരവാഹിയുടേതെന്ന പേരില്‍ സംഭവം സംബന്ധിച്ചു ശബ്ദ സന്ദേശവും വാര്‍ട്‌സ് ആപ്പില്‍ പ്രചരിച്ചു. പരിസരത്തെ സ്‌കൂളുകളിലുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ സ്‌കൂളിലെത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്നായിരുന്നു സന്ദേശം.
ഇതോടെ രക്ഷിതാക്കള്‍ സ്‌കൂളിലേക്കു നെട്ടോട്ടമോടുന്ന അവസ്ഥയുമുണ്ടായി. നീല ഓമ്‌നി വാനിലെത്തിയ സംഘം കുട്ടിയെ പിടിച്ചു ബലമായി വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നും ഇതിനിടെ കുട്ടിയുടെ വാച്ച് പൊട്ടിയെന്നും വാനിനകത്തു കൂടുതല്‍ കുട്ടികളുണ്ടെന്നുമായിരുന്നു പ്രചാരണം. വാനിനകത്തുള്ള കുട്ടികളുടെ മുടി വെട്ടുന്നതായും സന്ദേശം പ്രചരിച്ചിരുന്നു.
എന്നാല്‍ പോലിസ് സംഘമെത്തി നടത്തിയ പരിശോധനയില്‍ സംഭവം വ്യാജമാണെന്നു തെളിയുകയായിരുന്നു.  സമീപത്തെ വിദ്യാലയങ്ങളില്‍ ഹാജരാവാത്ത കുട്ടികളുടെ രക്ഷിതാക്കളെ അധ്യാപകര്‍ വിളിച്ചു കാര്യമന്വേഷിക്കുന്ന നിലയില്‍ വരെ കാര്യങ്ങളെത്തി. ഇത്തരത്തില്‍ വ്യാജ പ്രചാരണത്തിനു തുടക്കമിട്ടയാളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നു പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it