Kottayam Local

ജനങ്ങളെ ദുരിതത്തിലാക്കി പൈപ്പ് പൊട്ടല്‍ നിത്യസംഭവമെന്ന് പരാതി

പൊന്‍കുന്നം: ഉപഭോക്താക്കളുടെ കുടിവെള്ളം മുട്ടിച്ചും റോഡ് തകര്‍ത്തും പൈപ്പ് പൊട്ടല്‍ സ്ഥിരമായതായി പരാതി. കരിമ്പുകയും ജല വിതരണ പദ്ധതിയുടെ പ്രധാന ജല വിതരണ പൈപ്പുകളാണ് അടിക്കടി പൊട്ടി ജനങ്ങളെ ദുരിതത്തിലാക്കുന്നത്. പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നതിനു പുറമേ പൈപ്പ് കടന്നുപോവുന്ന പ്രദേശത്തെ റോഡുകള്‍ക്കും പൈപ്പ് പൊട്ടല്‍മൂലം സാരമായ കേടുപാടുകള്‍ സംഭവിക്കുന്നത് നിത്യസംഭവമാണ്. കരിമ്പുകയും പദ്ധതിയുടെ നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പ്രോജക്ട് ഡിവിഷന്‍ സ്ഥാപിച്ച പൈപ്പുകളാണ് തകര്‍ന്നത്. പിവിസി പൈപ്പുകള്‍ റോഡിന്റെ വശങ്ങള്‍ നാലടി താഴ്ച്ചയില്‍ താഴ്ത്തിയാണു നിലവില്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത്. ഇവ പൊട്ടി  വെള്ളം  റോഡിലേക്ക്ു കുതിച്ച് എത്തിയതോടെ പലസ്ഥലത്തും റോഡുകളും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകര്‍ വളരെ അധികം കടന്നുപോവുന്ന വാഹനത്തിരക്കേറിയ പൊന്‍കുന്നം-എരുമേലി റൂട്ടുകൂടിയാണിത്. മണിമലയാറ്റില്‍ നിന്ന് ഗ്രാമദീപത്തില്‍ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസിലേക്ക് വെള്ളം എത്തിക്കാനായി സ്ഥാപിച്ചിട്ടുള്ള പൈപ്പ് മണ്ണംപ്ലാവ് മുതല്‍ ഗ്രാമദീപം വരെ രണ്ട് കിലോമീറ്റര്‍ ദൂരം പൈപ്പ് കടന്നുപോകുന്നത് റോഡിലൂടെയാണ്. ജല വിതരണം പുനസ്ഥാപിക്കാനായി പൈപ്പ് നന്നാക്കിയ ശേഷം പലപ്പോഴും കുത്തിപ്പൊളിച്ച ഭാഗം അലക്ഷ്യമായി മൂടുന്നത് തീര്‍ത്ഥാടക വാഹനങ്ങള്‍ അടക്കമുള്ളവ അപകടത്തില്‍പ്പെടുന്നതിനും ഇടയാക്കുമെന്ന ആക്ഷേപവും ശക്തമാണ്. മണ്ണും മെറ്റലുമിട്ട് നികത്തുന്ന കുഴികള്‍ വാഹനങ്ങള്‍ കയറി ഇറങ്ങുന്നതോടെ വീണ്ടും കുഴിയായി മാറുകയാണ്. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ വാട്ടര്‍ അതോറിറ്റി ശ്രദ്ധകാണിക്കാറില്ലെന്ന ആക്ഷേപവും ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it