thrissur local

ജനങ്ങളുടെ ദുരിതത്തിനു പരിഹാരമായില്ല; ലീഗ്-സിപിഎം വാക്‌പോര് തെരുവിലേക്ക്

കെ എം അക്ബര്‍
ചാവക്കാട്: കടലാക്രമണത്തില്‍ ജനം ദുരിതമനുഭവിക്കുമ്പോള്‍ ലീഗും സിപിഎമ്മും നടത്തുന്ന വാക്‌പ്പോര് തെരുവിലേക്ക് നീളുന്നു. വാര്‍ത്താ ചാനല്‍ പ്രവര്‍ത്തകുടെ മുന്നില്‍ വെച്ച് ഇരുവിഭാഗവും വാക്ക്‌പോര് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ജനപ്രതിനിധികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് തെരുവില്‍ നേരിട്ട് വാഗ്വദം നടത്തിയത്.
ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നോടെ കടപ്പുറം വെളിച്ചണ്ണപ്പടിയില്‍ വെച്ചാണ് സംഭവം. തീരദേശ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ അതി ഭീകരമായ കടലാക്രമണത്തിലെ നാശനഷ്ടങ്ങളെ കുറിച്ച് റിപോര്‍ട്ട് ചെയ്യാന്‍ തൃശൂരില്‍ നിന്നും ചാനല്‍ പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഇവരോട് നാശനഷ്ടങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നതിനിടയിലുണ്ടായ രാഷ്ട്രീയ നിലപാടുകളാണ് വാക്കേറ്റത്തിന് കാരണമായത്.
ഇരു വിഭാഗവും ബഹളം തുടര്‍ന്നതോടെ നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ഇരുകൂട്ടരും പ്രസ്താവനകള്‍ നടത്തി ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. മന്ത്രി എസി മൊയ്തീനും വി എസ് സുനില്‍കുമാറും മേഖലയില്‍ സന്ദര്‍ശനം നടത്തിയത് പഞ്ചായത്ത് ജനപ്രതിനിധികളെ അറിയിക്കാതേയാണെന്ന് ലീഗ് ആരോപിച്ചപ്പോള്‍, ലീഗ് ഭരിക്കുന്ന കടപ്പുറം പഞ്ചായത്തിലെ ഔദ്യോഗിക പരിപാടികള്‍ക്ക് എംഎല്‍എയെ ക്ഷണിക്കാറില്ലെന്നായിരുന്നു സിപിഎം ആരോപണം.
കൂടാതെ സമൂഹ മാധ്യമങ്ങളില്‍ ഇതേ ചൊല്ലി ഇരുവിഭാഗം പ്രവര്‍ത്തകരും പ്രകോപനപരമായ വിധത്തില്‍ പോസ്റ്റുകളിടുകയും വെല്ലുവിളികള്‍ നടത്തുകയും ചെയ്തു.
അതേ സമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ രാഷ്ട്രീയസാമൂഹികസാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ പോലും സ്ഥലം എംഎല്‍എയോ പഞ്ചായത്ത് ഭരണാധികാരികളോ ഇതുവരെ തയ്യാറായിട്ടില്ല. മേഖലയില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ 180ലധികം വീടുകളിലാണ് വെള്ളം കയറിയത്. വെള്ളത്തോടൊപ്പം ഒലിച്ചെത്തി മണ്ണ് അടുപ്പുകളില്‍ നിറഞ്ഞതോടെ പല കുടുംബങ്ങള്‍ക്കും ഭക്ഷണം പാകം ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ല. പലരും ഹോട്ടലുകളില്‍ നിന്നും ബന്ധു വീടുകളില്‍ നിന്നുമാണ് വിശപ്പടക്കുന്നത്.
ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും വലിയ കടലാക്രമണം നേരിട്ട മേഖലയില്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താതെ ലീഗും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയരുന്നത്.
Next Story

RELATED STORIES

Share it