Readers edit

ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു

രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളെ പ്രകോപിപ്പിച്ച് ഭീതിയിലേക്കും അക്രമത്തിലേക്കും തള്ളിവിടാനുള്ള നീക്കത്തിനെതിരേ സമൂഹത്തെ ഉണര്‍ത്താന്‍ തേജസ് പുലര്‍ത്തുന്ന പ്രതിജ്ഞാബദ്ധതയെ അനുമോദിക്കുന്നു. ഇരയെ പ്രകോപിപ്പിച്ച് അക്രമത്തിലേക്കു തള്ളിവിടാനും ഭരണകൂടത്തിന്റെ പിന്തുണയും ശക്തിയും ഉപയോഗിച്ച് അവര്‍ക്കുമേല്‍ ആഞ്ഞടിക്കാനുമുള്ള ആസൂത്രിത നീക്കം നടക്കുന്നുണ്ടോ എന്നു സംശയമുണര്‍ത്തുന്ന സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സമുദായ സ്പര്‍ധയും ശത്രുതയും വളര്‍ത്തുംവിധമുള്ള പ്രസ്താവനകള്‍ അധികാരസ്ഥാനങ്ങളിലിരിക്കുന്ന ചില നേതാക്കള്‍ പോലും നടത്തുന്നു. ആക്രമണ പരമ്പരകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നു. ന്യൂനപക്ഷങ്ങളെ മാത്രമല്ല, ഭൂരിപക്ഷ സമുദായത്തിലുള്ള സ്വതന്ത്ര ചിന്തകരെയും മതേതര ജനാധിപത്യവാദികളെയും തിരഞ്ഞുപിടിച്ച് ആക്രമിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള ശ്രമങ്ങളും വര്‍ധിച്ചുവരുന്നു.
ആര് എന്തു ചെയ്യണം, എഴുതണം, പറയണം, ഭക്ഷിക്കണം എന്നൊക്കെ മറ്റു ചിലരാണ് തീരുമാനിക്കുന്നത്. മുമ്പ് അരങ്ങേറിയിട്ടുള്ള സാംസ്‌കാരിക ഭീകരതയുടെ ഫാഷിസ്റ്റ് മുഖമാണ് മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന വികസനഭരണത്തിന്റെ മൂടുപടത്തിനു പിന്നില്‍ രാജ്യത്തിന്റെ ഭാവിയെ ഗുരുതരമായി ബാധിച്ചേക്കാവുന്ന വ്യത്യസ്തമായ ഒരു അജണ്ടയുള്ളതായി തോന്നുന്നു. ഉത്തരവാദപ്പെട്ടവരുടെ അര്‍ഥഗര്‍ഭമായ മൗനം ജനങ്ങളില്‍ വല്ലാത്ത ഭീതി പടര്‍ത്തുന്നു.
സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ നിസ്സാരവല്‍ക്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ മനസ്സില്‍ ഭീതിയുടെ കരിനിഴല്‍ മൂടല്‍മഞ്ഞുപോലെ പടരുന്നത് കണ്ടില്ലെന്നു നടിക്കരുത്. മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെ നിര്‍ബന്ധങ്ങള്‍ ആരെയൊക്കെ നിശ്ശബ്ദരാക്കുമെന്നോ ആരുടെയൊക്കെ ജീവനെടുക്കുമെന്നോ വ്യക്തമല്ലെങ്കിലും ആരും സുരക്ഷിതരല്ല എന്ന ബോധം സൃഷ്ടിക്കാന്‍ ഭരണകൂടത്തിന്റെ പരോക്ഷപിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ക്ക് ഇതിനകം തന്നെ സാധിച്ചിരിക്കുന്നു. ഏതു നേരവും തൊട്ടടുത്തുനിന്ന് ഒരു നിലവിളി ഉയരാമെന്ന അവസ്ഥയാണുള്ളത്. ഭാവിയില്‍ പ്രതിഷേധവും ചെറുത്തുനില്‍പും കുറ്റകരമായി കരുതപ്പെട്ടേക്കാം. അധികാരസ്ഥാനങ്ങളിലുള്ളവരോട് ഒരപേക്ഷയേയുള്ളൂ: അരുതേ, ഈ നാടിനെ ഭീകരതയുടെ വിളനിലമാക്കാന്‍ വിട്ടുകൊടുക്കരുതേ. അധികാരത്തിനു വേണ്ടി ആരെയും കുരുതികൊടുക്കാന്‍ അനുവദിക്കരുതേ.

ഫാ. വര്‍ഗീസ് വള്ളിക്കാട്
കൊച്ചി
Next Story

RELATED STORIES

Share it