Alappuzha local

ജനകീയ സമരവുമായി കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്ത്

എടത്വ: ജനവാസ കേന്ദ്രത്തില്‍ കള്ളുഷാപ്പ് തുറന്നു പ്രവര്‍ത്തിക്കുന്നതിനെതിരെ ജനകീയ സമരവുമായി കുടുംബശ്രീ എഡിഎസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തെത്തി. തലവടി ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡ്  നീരേറ്റുപുറം എസ്ബിഐ ബാങ്കിനു സമീപത്തായാണ് ഷാപ്പ് തുറക്കാന്‍ ശ്രമം നടന്നത്.
ഷാപ്പ് തുറക്കുന്നതിനായി സാധന സാമഗ്രികള്‍ എത്തിക്കുന്നതറിഞ്ഞ് ശനിയാഴ്ച വൈകീട്ട് ജനങ്ങള്‍ സംഘടിച്ച് തടഞ്ഞിരുന്നു. ഷാപ്പുടമ സാധനങ്ങളുമായി തിരികെ പോകുകയായിരുന്നു. പിന്നീട് രാത്രി ഒരുമണി വരെ ജനങ്ങള്‍ കാവല്‍ നിന്നെങ്കിലും അവര്‍ മടങ്ങിയതോടെ പുലര്‍ച്ചെ നാലുമണിയോടെ ഉടമ വീണ്ടും എത്തി സാധനങ്ങള്‍ ഇറക്കി വെച്ചു. ഇന്നലെ രാവിലെ ഷാപ്പ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍  നാട്ടുകാര്‍ സംഘടിച്ച് തടയുകയായിരുന്നു. ഇതിനിടയില്‍ ഉടമയും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ചെയ്തു. പ്രിന്‍സിപ്പല്‍ എസ്‌ഐ കെ ജി രതീഷ്  ഇടപെട്ട് പ്രശ്‌നം തീര്‍ത്ത് ഷാപ്പ് തുറക്കുന്നത് താല്‍ക്കാലത്തേക്ക് വിലക്കി. എന്നാല്‍ ഷാപ്പുടമ വൈകുന്നേരത്തോടെ എത്തി വീണ്ടും തുറക്കാന്‍ ശ്രമം നടത്തി.
ഇതറിഞ്ഞ് നൂറുകണക്കിനു ജനങ്ങള്‍ കെട്ടിടത്തിനു മുന്നില്‍ കുത്തിയിരിപ്പാരംഭിച്ചിരിക്കുകയാണ്. നീരേറ്റുപുറം പെട്രോള്‍ ബങ്കിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ഷാപ്പ് സംസ്ഥാന പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന നിയമം വന്നതോടെ നിര്‍ത്തിയതാണ്.
ഇപ്പോള്‍ പ്രധാന പാതയില്‍ നിന്നും മാറി ഉള്‍പ്രദേശത്തേക്കുള്ള വഴിയില്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. എഡിഎസ് കുടുംബശ്രീ  പ്രവര്‍ത്തകരായ സാറാമ്മ തങ്കപ്പന്‍, കൊച്ചുമോള്‍ ഉത്തമന്‍, ഉഷവിക്രമന്‍, വി കെ കുഞ്ഞുമോന്‍, ടി കെ തങ്കപ്പന്‍, ലാലി അലക്‌സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം.
Next Story

RELATED STORIES

Share it