Editorial

ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്നു



ജനകീയ സമരങ്ങളെ നേരിടുന്നതില്‍ ബംഗാളിലെ ദുരനുഭവങ്ങളില്‍ നിന്നു സിപിഎം ഒന്നും പഠിച്ചില്ലെന്ന് വീണ്ടും തെളിയിക്കുന്നതാണ് എറണാകുളം പുതുവൈപ്പിനിലെ ജനകീയ പ്രക്ഷോഭത്തെ പിണറായി സര്‍ക്കാര്‍ നേരിടുന്ന രീതി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ നിര്‍ദിഷ്ട എല്‍പിജി സംഭരണപദ്ധതിക്കെതിരേ നാലുമാസത്തിലേറെയായി ജനകീയസമിതി നയിക്കുന്ന സമരം എല്ലാ അടിച്ചമര്‍ത്തലുകളും അതിജീവിച്ച്് ശക്തമായി തുടരുകയാണ്. അതിക്രൂരമായാണ് പോലിസ് സമരത്തെ നേരിട്ടത്. പോലിസ് അതിക്രമത്തില്‍ പരിക്കേറ്റ കുട്ടികളടക്കം ആശുപത്രിയിലാണ്. സ്ത്രീകള്‍ക്കു നേരെയും അതിക്രമങ്ങള്‍ നടന്നു. പലരുടെയും നില ഗുരുതരമാണ്. വഴിയാത്രക്കാരെപ്പോലും പോലിസ് വെറുതെവിട്ടില്ല. സമരക്കാരുടെ തമ്പുകള്‍ പോലിസ് തകര്‍ത്തു. അതോടെയാണ് സമരം തെരുവിലേക്കും ഹൈക്കോടതിയുടെ മുമ്പിലേക്കും മാറിയത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ കേസ് പരിഗണിക്കുന്ന ജുലൈ 4 വരെ നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഉറപ്പില്‍ സമരക്കാര്‍ തെരുവില്‍ നിന്നു പിന്മാറിയെങ്കിലും ഉറപ്പു ലംഘിച്ച്് നിര്‍മാണപ്രവൃത്തി പുനരാരംഭിച്ചതോടെയാണ് വീണ്ടും പ്രക്ഷോഭം ശക്തമായത്. നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ മുഖ്യമന്ത്രി സമ്മതിക്കുന്നില്ലെന്ന മറുപടിയാണ് മന്ത്രിയില്‍ നിന്നു ലഭിച്ചതത്രേ. കടല്‍ത്തീരത്ത്് 200-300 മീറ്ററിന് സമീപം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു തടഞ്ഞ്് 2016 ആഗസ്ത് 2ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവുണ്ട്. ഇതു ലംഘിച്ചാണ് നിര്‍മാണമെന്ന് ജനകീയസമിതി ആരോപിക്കുന്നു. പ്ലാന്റിന് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ജനവാസമേഖലയായ പുതുവൈപ്പിനില്‍ അതു പാടില്ലെന്നു മാത്രമാണ് നിലപാടെന്നും അവര്‍ വിശദീകരിക്കുന്നു. കണ്ണൂര്‍ ചാലയിലും കരുനാഗപ്പള്ളിയിലും ഉണ്ടായ എല്‍പിജി ടാങ്കര്‍ അപകടങ്ങളും ആന്ധ്രയിലെ ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ അപകടവും പാചകവാതകഗ്യാസ് കൈകാര്യം ചെയ്യുന്നിടത്തെ അപായസൂചനകളായി അവര്‍ എടുത്തുകാട്ടുന്നു.വികസനവിരുദ്ധന്‍ എന്ന മുദ്ര തന്റെ മേല്‍ പതിക്കാതിരിക്കുന്നതില്‍ അതീവ ജാഗ്രതയാണ് പിണറായി വിജയന്‍ പാലിക്കുന്നത്. ജനങ്ങള്‍ എതിര്‍ക്കുന്നുവെന്നതുകൊണ്ട് ഒരു വികസനപദ്ധതിയും പിന്‍വലിക്കില്ലെന്ന തന്റെ നിലപാട് ശനിയാഴ്ച മെട്രോ ഉദ്ഘാടനവേദിയിലും അദ്ദേഹം ആവര്‍ത്തിച്ചു. വ്യവസ്ഥകള്‍ ലംഘിച്ച് ഇന്ധനടാങ്ക് സംഭരണി സ്ഥാപിക്കാനുള്ള നീക്കം ചെറുക്കുന്ന നാട്ടുകാരെ തല്ലിയൊതുക്കുന്നതിന് സര്‍ക്കാരും പോലിസ് മേധാവികളുമല്ല, മുഖ്യമന്ത്രി നേരിട്ടാണ് പോലിസിനു നിര്‍ദേശം നല്‍കിയതെന്നാണു വിവരം.ജനവാസമേഖലകളിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരേ നടന്ന സമരം മനഷ്യത്വരഹിതമായി നേരിടുമ്പോള്‍ പോലിസ് സ്വീകരിച്ച രീതിയും നിയമസഭയില്‍ പിണറായി നല്‍കിയ മറുപടിയിലെ ധാര്‍ഷ്ട്യവും ഇതിനു സമാനമായിരുന്നു. വികസനം എന്ന കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യം കേരളം ഏറ്റെടുക്കുന്നതായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മോദി സര്‍ക്കാരിന്റെ മുദ്രാവാക്യം ഇത്രമാത്രം ഹൃദ്യമായ പിണറായി വിജയന്‍ എല്‍ഡിഎഫ് സര്‍ക്കാരിനെയും നാടിനെയും നാശത്തിന്റെ പുടുകുഴിയിലേക്കായിരിക്കും നയിക്കുക.
Next Story

RELATED STORIES

Share it