wayanad local

ജനകീയ രാഷ്ട്രീയ സഭയുമായി മുന്നോട്ടുപോവും: സി കെ ജാനു

മാനന്തവാടി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജനകീയ രാഷ്ട്രീയ സഭയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാന്‍ സി കെ ജാനുവിന്റെ തീരുമാനം. ദേശീയ നേതാക്കളുള്‍പ്പെടെ ജാനുവിന്റെ വിജയത്തിനായി രംഗത്തെത്തിയിട്ടും മണ്ഡലത്തില്‍ ജാനു ഇഫക്ട് വോട്ടാക്കാന്‍ എന്‍ഡിഎക്ക് കഴിഞ്ഞില്ല.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിനേക്കാള്‍ 3,000ത്തോളം വോട്ടിന്റെ വര്‍ധന മാത്രമേ ജാനുവിന് മണ്ഡലത്തില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. നിരവധി സമരങ്ങള്‍ നടത്തി സര്‍ക്കാരുമായി കരാറുണ്ടാക്കി സമരം പിന്‍വലിച്ച് കാത്തിരിക്കുകയാണ് ആദിവാസികള്‍. കരാര്‍ പാലിക്കുന്നതില്‍ അലംഭാവമാണ് സര്‍ക്കാര്‍ തടരുന്നത്.
മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഭൂമി വിതരണത്തിലുള്‍പ്പെടെ ഈ അലംഭാവം വ്യക്തമാണ്. 682 കുടുംബങ്ങളായിരുന്നു മുത്തങ്ങ സമരത്തില്‍ പങ്കെടുത്തത്. ഇതില്‍ 295 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനമായി.
ഇതില്‍ 12 പേര്‍ക്ക് ഏതാനും മാസങ്ങള്‍ക്കുമുമ്പ് കൈവശ രേഖ കൈമാറി. ഇതില്‍ മുത്തങ്ങ സമരത്തില്‍ കൊല്ലപ്പെട്ട ജോഗിയുടെ മകന്‍ ശിവനും ഉള്‍പ്പെടുന്നു. എന്നാല്‍, രേഖ നല്‍കിയ ഭൂമി എവിടെയാണെന്നോ ബാക്കിയുള്ളവര്‍ക്കുള്ള ഭൂമിയും രേഖയും എപ്പോള്‍ നല്‍കുമെന്നോ ഇനിയും വ്യക്തമല്ല. ഇതിനായി വീണ്ടും സമരത്തിനിറങ്ങേണ്ട അവസ്ഥയാണ്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗമായി എത്തുന്ന എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ആദിവാസി ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് സുല്‍ത്താന്‍ ബത്തേരി മാനിക്കുനി കോളനിയുള്‍പ്പെടെയുള്ളവ സാക്ഷ്യമാണ്. അതുകൊണ്ടാണ് ദലിതരുടേതുള്‍പ്പെടെയുള്ള ആദിവാസികളുടെ രാഷ്ട്രീയ സംഘടനയായ ജെആര്‍എസിന് രൂപം നല്‍കിയത്.
വരും ദിവസങ്ങളില്‍ പാര്‍ട്ടി ശക്തിപ്പെടുത്തും. അതോടൊപ്പം തന്നെ ഗോത്രമഹാസഭയുടെ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോവും.കേരളത്തില്‍ എന്‍ഡിഎയുമായി സഹകരിക്കുന്നതിനു മുമ്പായി യുഡിഎഫോ എല്‍ഡിഎഫോ സമീപിച്ചിരുന്നെങ്കില്‍ അവരുമായി സഹകരിക്കുമായിരുന്നു. എന്‍ഡിഎ മുന്നണിയുടെ ഭാഗമായ നിലയ്ക്ക് ബിജെപിയില്‍ നിന്നു സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ടാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ഉചിതമെങ്കില്‍ സ്വീകരിക്കുമെന്നായിരുന്നു ജാനുവിന്റെ മറുപടി.
Next Story

RELATED STORIES

Share it