thiruvananthapuram local

ജനകീയ മേളയ്ക്ക് ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കാഴ്ചയുടെ കാഴ്ചയുടെ ഉല്‍സവമൊരുക്കിയ ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. മേളയിലെ അവാര്‍ഡുകളും ഇന്ന് പ്രഖ്യാപിക്കും. ഒരുപിടി നല്ല ചിത്രങ്ങളും മധുരിക്കുന്ന ഓര്‍മകളും സിനിമാപ്രേമികള്‍ക്ക് സമ്മാനിച്ചാണ് ഇപ്രാവശ്യത്തെ ചലച്ചിത്രോല്‍സവം വിട പറയുന്നത്.
വിവാദങ്ങളോ പരാതികളോ കാര്യമായില്ലാതെ മേള പൂര്‍ത്തിയാക്കാനായതും ചലച്ചിത്ര അക്കാദമിക്ക് നേട്ടമായി. ദൃശ്യവൈവിധ്യങ്ങളും ക്രിയാത്മക ചര്‍ച്ചകളുമായി സജീവമായ ചലച്ചിത്രോല്‍സവ വേദികളോട് ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ ഇന്നലെ തന്നെ വിടപറഞ്ഞു. സംഘാടനത്തില്‍ ചലച്ചിത്ര അക്കാദമി എടുത്ത തീരുമാനങ്ങളും ഇപ്രാവശ്യത്തെ മേളയുടെ നടത്തിപ്പില്‍ നിര്‍ണായകമായി. പ്രധാനവേദി ടാഗോര്‍ തിയേറ്ററിലേക്ക് മാറ്റിയത് മേളയുടെ മുഖച്ഛായ തന്നെ മാറ്റി. എന്നാല്‍ ജനകീയ മേളയെന്നുള്ള ഐഎഫ്എഫ്‌കെയുടെ വിലാസം നഷ്ടപ്പെടുത്തും വിധമാണ് മേളയുടെ സംഘാടനമെന്നും വിമര്‍ശനമുണ്ട്. ചലച്ചിത്രവേദിയിലെ പതിവു പ്രതിഷേധങ്ങളും സമരവും മറ്റും ഇപ്രാവശ്യം പേരിനു മാത്രമായിരുന്നു. 178 സിനിമകളാണ് ഇക്കുറി ചലച്ചിത്രാസ്വാദകരുടെ മുന്നിലേക്കെത്തിയത്. സിനിമകളെല്ലാം ശരാശരി നിലവാരം പുലര്‍ത്തിയതായാണ് ആസ്വാദകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇപ്രാവശ്യത്തെ മേളയില്‍ എടുത്തു പറയാവുന്ന ചിത്രങ്ങള്‍ വിരളമാണെന്നും വിമര്‍ശനമുണ്ട്. ത്രീഡി സിനിമകള്‍ക്കായുളള പ്രത്യേക വിഭാഗം ഏറെ പേരെ ആകര്‍ഷിച്ചു.ഇന്ന് വൈകീട്ട് ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചലച്ചിത്രമേളയുടെ ഔദ്യോഗിക സമാപന സമ്മേളനം നടക്കും.
അവാര്‍ഡുകളും ചടങ്ങില്‍ പ്രഖ്യാപിക്കും. ഇക്കൊല്ലത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള ഐഎഫ്എഫ്‌കെ അവാര്‍ഡ് പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയിക്ക് സമ്മാനിക്കും. മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള സുവര്‍ണചകോരം, മികച്ച സംവിധായകനും നവാഗത സംവിധായകനും, പ്രേക്ഷകരുടെ സിനിമയ്ക്കും നല്‍കുന്ന രജതചകോരങ്ങള്‍, ഫെഫ്കയുടെ പത്തു ലക്ഷം രുപയുടെ മാസ്‌റ്റേഴ്‌സ് അവാര്‍ഡ്, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകള്‍ എന്നിവ ചടങ്ങില്‍ സമ്മാനിക്കും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി രാജീവ് നാഥ് അവാര്‍ഡ് പ്രഖ്യാപനം നടത്തും. ഗവര്‍ണര്‍ പി സദാശിവം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രി വി എസ് ശിവകുമാര്‍, കെ മുരളീധരന്‍ എംഎല്‍എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ് രാജേന്ദ്രന്‍ നായര്‍ പങ്കെടുക്കും. സുവര്‍ണ ചകോരം ലഭിച്ച ചിത്രത്തിന്റെ പ്രദര്‍ശനം സമാപന ചടങ്ങിനുശേഷം നിശാഗന്ധിയില്‍ നടക്കും. ഫിപ്രസി അവാര്‍ഡ് ലഭിച്ച ചിത്രം ടഗോര്‍ തിയേറ്ററിലും നെറ്റ്പാക് അവാര്‍ഡ് ലഭിച്ച ചിത്രം കലാഭവനിലും പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം രണ്ടു തിയേറ്ററുകളിലുമുണ്ടാവും.
Next Story

RELATED STORIES

Share it