kozhikode local

ജനകീയ പ്രതിഷേധം; റോഡ് തകര്‍ന്നിടത്ത് കല്ലിട്ടത് നേരിയ ആശ്വാസമായി

വടകര: കഴിഞ്ഞ ദിവസം ശക്തമായുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 20 മീറ്ററോളം തകര്‍ന്ന താഴെഅങ്ങാടി പാണ്ടികശാല വളപ്പ് ചുങ്കം റോഡില്‍ നേരിയ ആശ്വാസമെന്നോണം കല്ല് കൊണ്ടിട്ടു. ഇന്നലെ രാവിലെയോടെയാണ് തഹസില്‍ദാര്‍ പികെ സതീഷ്‌കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇവിടെ കല്ല് എത്തിച്ചത്. വ്യാഴാഴ്ചയുണ്ടായ കടല്‍ക്ഷോഭത്തില്‍ ഈ റോഡ് പൂര്‍ണമായും തകര്‍ന്നിരുന്നു.
ഇതേ തുടര്‍ന്ന് റോഡിന് എതിര്‍വശത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ നിന്നും താമസക്കാരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംഭവസ്ഥലം സന്ദര്‍ശിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി വന്നപ്പോള്‍ തഹസില്‍ദാര്‍ ഇടപെട്ട് ജില്ലാ കലക്ടറുമായി സംസാരിച്ച് കല്ല് കൊണ്ടിടാനുള്ള നടപടികള്‍ കൈകൊള്ളാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെയോടെയാണ് പത്തോളം ചെറു ലോറികളിലായി ഇവിടേക്ക് കല്ലുകള്‍ കൊണ്ടിട്ടത്. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് കടല്‍ഭിത്തിപോലെ നേരെയാക്കുകയും ചെയ്തു.
ഇതോടെ കടല്‍ കവര്‍ന്നെടുത്ത ചുങ്കം റോഡിന് സമീപത്തുള്ളവര്‍ക്ക് നേരിയ ആശ്വാസമായി. എന്നാല്‍ കൊണ്ടിട്ട കല്ലുകള്‍ നന്നേ ചെറുതായതിനാലും കടല്‍ ശക്തമായി കരയിലേക്ക് ഇരച്ചു കയറുന്നതും ഭീഷണി അതേപടി നിലനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. കല്ല് കൊണ്ടിട്ട ശേഷം തഹസില്‍ദാര്‍ സംഭവം സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it