wayanad local

ജനകീയ നേതാവിന്റെ പരാജയം സിപിഎമ്മില്‍ ചര്‍ച്ചയാവുന്നു

മാനന്തവാടി: ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎമ്മിലെ ജനകീയ നേതാവുമായ ഇ എം ശ്രീധരന്‍ മാസ്റ്ററുടെ പരാജയം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ചയാവുന്നു. നീണ്ട 15 വര്‍ഷത്തോളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരിക്കുകയും അഴിമതിക്കറ പുരളാത്ത വ്യക്തിത്വമെന്നും പേരുകേട്ട ഇ എം ശ്രീധരന്‍ മാസ്റ്ററുടെ പരാജയത്തിന് പിന്നില്‍ പാര്‍ട്ടിയിലും മുന്നണിയിലും ചിലര്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. മുനിസിപ്പാലിറ്റി ഭരണം ലഭിച്ചാല്‍ നിയന്ത്രണം ഇദ്ദേഹത്തിന്റെ കൈയിലെത്തുമെന്നും അതുകൊണ്ട് തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണം കൊണ്ടുപോവാന്‍ കഴിയില്ലെന്നും ബോധ്യമുള്ള ചിലരാണത്രേ മാസ്റ്ററുടെ പരാജയത്തിന് പിന്നില്‍.
സിപിഎം മുന്‍ ഏരിയാ സെക്രട്ടറി കൂടിയായ ഇദ്ദേഹത്തെ സുരക്ഷിത സീറ്റെന്ന നിലയിലാണ് മാനന്തവാടി ടൗണില്‍ മല്‍സരിപ്പിച്ചത്. നേരത്തെ ഇവിടെ നിശ്ചയിച്ചിരുന്ന സി അബൂട്ടിയെ മാറ്റിനിര്‍ത്തിയാണ് മാസ്റ്ററെ തീരുമാനിച്ചത്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി അഡ്വ. പടയന്‍ റഷീദ് 82 വോട്ടുകള്‍ക്കാണ് ഇവിടെ വിജയിച്ചത്. ബിജെപിയിലെ ഗോവിന്ദരാജ് 214 വോട്ടും ശ്രീധരന്‍ മാസ്റ്റര്‍ക്ക് 271 വോട്ടും പടയന്‍ റഷീദിന് 353 വോട്ടുകളുമാണ് ലഭിച്ചത്. പാര്‍ട്ടിക്ക് ലഭിച്ചേക്കാവുന്ന വോട്ടുകള്‍ പോലും ബിജെപിക്ക് മറിച്ചുനല്‍കുന്നതിന് ചിലര്‍ ശ്രമിച്ചതായാണ് ആരോപണം. ശ്രീധരന്‍ മാസ്റ്ററുടെ പരാജയത്തെക്കുറിച്ച് പാര്‍ട്ടിയും മുന്നണിയും പരിശോധിക്കുമെന്നു തിരഞ്ഞെടുപ്പ് ഫലം വന്നയുടന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ പറഞ്ഞിരുന്നു.
എന്നാല്‍, പിന്നീട് ഇതുസംബന്ധിച്ച അന്വേഷണങ്ങളൊന്നുമുണ്ടായില്ല. ഏതായാലും സംശുദ്ധ രാഷ്ട്രീയത്തിന്റെ വാക്താവെന്ന നിലയില്‍ അറിയപ്പെടുന്ന ഇ എം ശ്രീധരന്‍ മാസ്റ്ററുടെ പരാജയം സംബന്ധിച്ച പാര്‍ട്ടിയില്‍ വരുംദിവസങ്ങള്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കുമെന്നാണ് സൂചന.
Next Story

RELATED STORIES

Share it