ജനകീയ ചെറുത്തുനില്‍പ്പ് തുടരും: സമര സമിതി

വൈപ്പിന്‍: ജനവാസകേന്ദ്രമായ പുതുവൈപ്പില്‍ ഐഒസി പാചകവാതക സംഭരണി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായ ജനകീയ ചെറുത്തുനില്‍പ്പ് തുടരുമെന്ന് സമര സമിതി കണ്‍വീനര്‍ കെ എസ് മുരളി. പദ്ധതിയുമായി മുന്നോട്ടുപോവാന്‍ ഐഒസിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധിയുടെ പൂര്‍ണരൂപം ലഭ്യമായിട്ടില്ല. ഞായറാഴ്ച ചേരുന്ന സമര സമിതി യോഗം ഭാവികാര്യങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. എല്ലാ അനുമതിയോടും കൂടിയാണ് ഐഒസി പ്രവര്‍ത്തിക്കുന്നതെന്ന വാദം നിലനില്‍ക്കെ തന്നെയാണ് വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ന്നത്. തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗ തീരുമാനപ്രകാരമാണ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. വിദഗ്ധ സമിതി നല്‍കിയ റിപോര്‍ട്ടില്‍ 200 മീറ്റര്‍ കടല്‍ നികത്തുകയും കരയില്‍ 300 മീറ്ററോളം പ്രദേശത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി വന്നയുടന്‍ നിരവധി പ്രദേശവാസികള്‍ സമരപ്പന്തലിലെത്തി. വൈകീട്ട് പ്രതിഷേധ പ്രകടനവും നടന്നു. ജീവിക്കാന്‍ വേണ്ടിയാണ് സമരം ചെയ്യുന്നത്. തങ്ങള്‍ക്ക് നീതി വേണം. അത് ലഭിക്കുന്നതുവരെ എന്തു സംഭവിച്ചാലും സമരം തുടരുക തന്നെ ചെയ്യുമെന്നും സമരക്കാര്‍ പറഞ്ഞു. കഴിഞ്ഞ 310 ദിവസങ്ങളായി പ്രദേശത്തെ സ്ത്രീകളും കുട്ടികളും വൃദ്ധരും അടക്കമുള്ളവര്‍ പുതുവൈപ്പ് എല്‍പിജി വിരുദ്ധ സമരപ്പന്തലില്‍ പ്രതിഷേധം തുടരുകയാണ്.
Next Story

RELATED STORIES

Share it