ernakulam local

ജനകീയ കൂട്ടായ്മയില്‍ വീട് നിര്‍മിച്ചു; കൗസല്യക്ക് കുടിലില്‍ നിന്ന് മോചനം;ജനകീയ ഉല്‍സവമാക്കി പാല്‍ കാച്ചല്‍

പള്ളുരുത്തി:  ഇന്നലെ കൗസല്യക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ഒപ്പം നാട്ടുകാര്‍ക്കും. നാട്ടുകാരുടെ ജനകീയ കൂട്ടായ്മയില്‍ ആറ് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വീടിന്റെ പാല്‍ കാച്ചല്‍ ചടങ്ങ് നാട്ടുകാര്‍ ജനകീയ ഉല്‍സവമാക്കി മാറ്റുകയായിരുന്നു. 80വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൗസല്യയും ഭര്‍ത്താവ് കരുണാകരനും പള്ളുരുത്തി എസ്.ഡി.പി.വൈ. റോഡില്‍ പുറമ്പോക്ക് ഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്. ഇതിനിടെ മരം വെട്ട് ജോലി ചെയ്തിരുന്ന കരുണാകരന്‍ ജീവിതത്തില്‍ നിന്ന് വിട പറഞ്ഞതോടെ കൗസല്യയും രോഗിയായ മകന്‍ ബോസും തനിച്ചായി. പുറമ്പോക്കിലെ ചെറ്റ കുടില്‍ വാസയോഗ്യമല്ലാതായതോടെ കൗസല്യയും മകനും ഏറെ വിഷമിച്ചു.

വീട്ട് ജോലി ചെയ്തും മെഴുക് തിരി വിറ്റും ജീവിതം തള്ളി നിക്കുന്ന കൗസല്യക്ക് വീട് നിര്‍മാണം മരീചികമായിരുന്നു. കൗസല്യയുടെ വേദന മനസ്സിലാക്കിയ നാട്ടുകാര്‍ കൗണ്‍സിലര്‍ കെ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ എട്ട് മാസം കൊണ്ട് 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഭവനമൊരുങ്ങി. പുറമ്പോക്ക് ഭൂമിയായതിനാല്‍ സര്‍ക്കാരിന്റെയോ,നഗരസഭയുടെയോ സഹായമൊന്നും ലഭിക്കില്ലായിരുന്നു. പൂര്‍ണമായും ജനകീയ സഹായത്തോടെയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പണമായും സാധന സാമഗ്രികള്‍ നല്‍കിയും നാട്ടുകാര്‍ സഹായിച്ചു.

രണ്ട് കിടപ്പ് മുറിയും,ഹാളും അടുക്കള മുറിയും അടങ്ങിയ വീടിന് ആറ് ലക്ഷം രൂപ നിര്‍മാണ ചെലവ് വന്നു. കൗണ്‍സിലര്‍ക്ക് പുറമേ എ ജെ ജയിംസ്, ബീന ടീച്ചര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. വീടിന്റെ താക്കോല്‍ ദാനം മുന്‍ എം.പി. പി രാജീവ് നിര്‍വഹിച്ചു. യോഗം മേയര്‍ ടോണിചമ്മണി ഉദ്്ഘാടനം ചെയ്തു. ഇ കെ മുരളീധരന്‍, കൗണ്‍സിലര്‍മാരായ തമ്പി സുബ്രഹ്മണ്യം, വി എ ശ്രീജിത്ത്, കെ എന്‍ സുനില്‍കുമാര്‍, ടി കെ വല്‍സന്‍, പി എ പീറ്റര്‍, കെ പി ശെല്‍വന്‍, എ ജെ ജയിംസ്, ബീന ജോണ്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it