malappuram local

ജനകീയ കൂട്ടായ്മയില്‍ ചുങ്കത്തറയില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി



എടക്കര: ജനകീയ കൂട്ടായ്മയില്‍ വൃക്ക രോഗികള്‍ക്ക് ആശ്വാസമായി ചുങ്കത്തറയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോട്ടേപ്പാടം സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ആരംഭ ദിനമായ ബുധനാഴ്ച ഒരു രോഗിയെ ഡയാലിസിസിന് വിധേയനാക്കി. മേഖലയിലെ പ്രവാസി കൂട്ടായ്മകളുടെയും വ്യാപരികളുടെയും സഹായത്തോടെ എട്ട് ഡയാലിസിസ് മെഷീനുകളാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത്. ചുങ്കത്തറ സിഎച്ച്‌സിയില്‍ ഡയാലിസിസ് സെന്റര്‍ ആരംഭിക്കാന്‍ ഏറെ നാളുകളായി രാഷ്ട്രീയ, സാമൂഹിക, സന്നദ്ധപ്രവര്‍ത്തകരും, പ്രവാസി കൂട്ടായ്മകളും, വ്യാപാരി സമൂഹവും ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍, സര്‍ക്കാരില്‍ നിന്നു അനുമതി ലഭിച്ചത് അടുത്തിടെയാണ്. ആശുപത്രിയില്‍ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനുവേണ്ടി നിര്‍മിച്ച കെട്ടിടത്തിലാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. വെള്ളിയാഴ്ച മുതല്‍ രണ്ട് രോഗികള്‍ക്ക് ഡയാലിസിസ് നല്‍കാനാവും. രണ്ട് ഷിഫ്റ്റുകളിലായി ഇരുപത് ദിവസംകൊണ്ട് പതിനാറ് വൃക്ക രോഗികളെ ഡയാലിസിസിന് വിധേയമാക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഭാരവാഹികള്‍. ചുങ്കത്തറ, വഴിക്കടവ്, പോത്തുകല്‍, ചാലിയാര്‍, മൂത്തേടം എടക്കര പഞ്ചായത്തുകളില്‍ രൂപീകരിച്ചിട്ടുള്ള സപ്പോര്‍ട്ടിങ് കമ്മിറ്റികള്‍വഴിയാണ് അര്‍ഹരായ രോഗികളെ തിരഞ്ഞെടുക്കുന്നത്. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി സുഗതന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ കെ സ്വപ്‌ന, സി ടി രാധാമണി, ആലീസ് അമ്പാട്ട്, വൈസ് പ്രസിഡന്റ് സജീന സക്കരിയ, ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി വര്‍ഗീസ്, ബ്ലോക്ക് അംഗങ്ങളായ കെ ടി കുഞ്ഞാന്‍, വല്‍സമ്മ സെബാസ്റ്റ്യന്‍, ഉഷ സന്തോഷ്, പി ഇല്‍മുന്നീസ, മെഡിക്കല്‍ ഓഫിസര്‍ ഡോ. അബ്ദുള്‍ ജലീല്‍ വല്ലാഞ്ചിറ, എം ആര്‍ ജയചന്ദ്രന്‍, അബ്ദുള്‍ ഷക്കീം ചങ്കരത്ത്, ടി രവീന്ദ്രന്‍, മൈലാടി റഹ്മത്തുള്ള, പറമ്പില്‍ ബാവ, മുസ്തഫ കൊക്കഞ്ചേരി ചടങ്ങില്‍ സംബന്ധിച്ചു. സെന്ററിന്റെ ഔദേ്യാഗിക ഉദ്ഘാടനം പിന്നീട് നടക്കും.
Next Story

RELATED STORIES

Share it