ജഡ്ജി നിയമനം: വിശ്വാസ്യതയും കഴിവും മാനദണ്ഡമെന്നു സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനു വിശ്വാസ്യതയും കഴിവുമാണ് പ്രധാനമായും പരിഗണിക്കേണ്ടതെന്നു കേന്ദ്രസര്‍ക്കാര്‍. ഹൈക്കോടതി ജഡ്ജിയായിരിക്കെ അവസാന അഞ്ചുവര്‍ഷം ഒരാള്‍ പുറപ്പെടുവിച്ച വിധിന്യായങ്ങളുടെ മൂല്യനിര്‍ണയമാവണം ചീഫ്ജസ്റ്റിസ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റത്തിനുള്ള മാനദണ്ഡമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ജഡ്ജിമാരെ നിയമിക്കുന്നതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിനു സമര്‍പ്പിച്ച നടപടിക്രമങ്ങളുടെ കരടു മാര്‍ഗരേഖ (എംഒപി) യിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
മൂന്നുമാസത്തേക്കാളും കൂടുതല്‍ കാലയളവില്‍ ഒരിക്കലും ഒരു ഹൈക്കോടതിക്ക് ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഉണ്ടായിക്കൂടാ. ഹൈക്കോടതി, സുപ്രിംകോടതി ചീഫ്ജസ്റ്റിസുമാര്‍ ജഡ്ജിമാരുടെ പ്രകടനം വിലയിരുത്തണം. സുപ്രിംകോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിന് എല്ലാ ഹൈക്കോടതികള്‍ക്കും മതിയായ പ്രാതിനിധ്യം ലഭിച്ചെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെങ്കിലും ഈ വിഷയത്തില്‍ സീനിയോറിറ്റിയാണു പരിഗണിക്കേണ്ടത്. കോടതിയിലെ പ്രമുഖ അഭിഭാഷകരില്‍ നിന്നു മൂന്ന് ജഡ്ജിമാരെ വരെ നിയമിക്കാവുന്നതാണെന്ന സുപ്രധാന നിര്‍ദേശവും എംഒപിയിലുണ്ട്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അധ്യക്ഷയായ മന്ത്രിസഭാ സമിതിയാണ് കരട് എംഒപി തയ്യാറാക്കിയത്. കൊളീജിയം രൂപീകരിക്കുന്നതിനു മുമ്പ് 1999ല്‍ തയ്യാറാക്കിയ എംഒപിയില്‍ കഴിവും വിശ്വാസ്യതയും എന്ന പ്രയോഗം ഇല്ലായിരുന്നു.
സുപ്രിംകോടതി കൊളീജിയം യോഗം ചേരുന്നതു സംബന്ധിച്ച തീരുമാനങ്ങളെടുക്കാനും ഹൈക്കോടതി ജഡ്ജിമാരുടെ പ്രകടനങ്ങള്‍ സംബന്ധിച്ച റിപോര്‍ട്ട് സൂക്ഷിക്കാനും സുപ്രിംകോടതിയില്‍ സ്ഥിരമായി ഒരു സെക്രട്ടേറിയറ്റ് രൂപീകരിക്കണമെന്നും എംഒപിയിലുണ്ട്.
Next Story

RELATED STORIES

Share it