ജഡ്ജിയോട് അപമര്യാദ; പോലിസുകാര്‍ക്ക് എഴുത്തുശിക്ഷ

കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പോലിസുകാര്‍ക്കെതിരേ നടപടിയെടുക്കേണ്ടതുണ്ടോയെന്ന് അറിയിക്കാന്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണറോട് ഹാജരാവാന്‍ നിര്‍ദേശം.
ജസ്റ്റിസ് പി ഡി രാജനോട് അപമര്യാദയായി പെരുമാറിയെന്നാരോപിക്കപ്പെടുന്ന തൃപ്പൂണിത്തുറ ഹില്‍പാലസ് സ്‌റ്റേഷനിലെ പോലിസ് ഓഫിസര്‍മാരായ സതീഷ് ബാബു, രാജീവ് നാഥ് എന്നിവരാണ് കോടതി കയറേണ്ടിവന്നത്.
ഇന്നലെ ഇവരെ ഹൈക്കോടതി നേരിട്ടു വിളിച്ചുവരുത്തി. ഉച്ചവരെ കോടതിമുറിയില്‍ നിറുത്തിയ ശേഷം ഡിജിപി ഓഫിസില്‍നിന്ന് പോലിസ് മാന്വല്‍ വരുത്തിച്ചു. പോലിസിന്റെ കടമകള്‍ എന്ന ഭാഗം പോലിസുകാരെ കൊണ്ട് ജസ്റ്റിസ് പി ഡി രാജന്‍ പകര്‍ത്തിയെഴുതിച്ചു.
തുടര്‍ന്ന് വൈകീട്ട് കോടതി പിരിയുന്നതു വരെ അവിടെ നിര്‍ത്തി.ഇതിനിടെ പോലിസുകാര്‍ക്കെതിരേ സ്വമേധയാ കേസെടുക്കണമോയെന്നറിയാന്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണറോട് ഹാജരാവാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളതിനാല്‍ ഇന്നു ഹാജരാവാമെന്ന് കമ്മീഷണര്‍ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സ്വകാര്യ വാഹനത്തില്‍ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രദര്‍ശനത്തിനെത്തിയ ജസ്റ്റിസ് പി ഡി രാജന്‍ ക്ഷേത്രത്തിനു സമീപത്തെ ഡിസ്‌പെന്‍സറിയില്‍ ജോലിചെയ്യുന്ന ഭാര്യയെ വിളിക്കണമെന്ന് പോലിസുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ആരാണെന്നു വ്യക്തമാക്കാതെ വിളിക്കില്ലെന്ന പോലിസുകാരുടെ മറുപടിയാണു പ്രശ്‌നത്തിനിടയാക്കിയത്.
Next Story

RELATED STORIES

Share it