ജഡ്ജിമാര്‍ക്കെതിരായ പരാതി അന്വേഷിക്കാന്‍ പുതിയ ബില്ല്

ന്യൂഡല്‍ഹി: സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് നിലവിലെ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രം ആലോചിക്കുന്നു. നീതിന്യായവ്യവസ്ഥയുടെ നിലവാരവും ഉത്തരവാദിത്തവും നിലനിര്‍ത്തുന്നതിനു പുതിയ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചനയെന്ന് നിയമമന്ത്രാലയം വ്യക്തമാക്കി.
നീതിന്യായസംവിധാനം സുതാര്യമാക്കുന്നതിന് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് 2015ല്‍ 15ാം ലോക്‌സഭ പിരിച്ചുവിട്ടതോടെ റദ്ദായിരുന്നു. ചില ഭേദഗതികളോടെ പുതിയ ബില്ല് അവതരിപ്പിക്കാനാണു നീക്കം. ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് നിയമനിര്‍മാണം നടത്തുമെന്ന് കഴിഞ്ഞ ഡിസംബറില്‍ നിയമമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചിരുന്നു. 2012 മാര്‍ച്ചില്‍ ലോക്‌സഭ പാസാക്കിയിരുന്നെങ്കിലും ചില ജഡ്ജിമാര്‍ ബില്ലിലെ ചില വകുപ്പുകളില്‍ എതിര്‍പ്പു പ്രകടിപ്പിച്ചതിനാല്‍ മാറ്റങ്ങള്‍ വരുത്തി.
സുപ്രിംകോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ തെറ്റായ പെരുമാറ്റങ്ങള്‍ക്കെതിരേ ജനങ്ങള്‍ ഉന്നയിക്കുന്ന പരാതികളില്‍ നടപടിയെടുക്കാനുള്ള സംവിധാനങ്ങള്‍ മുമ്പത്തെ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ മാസം ചേരുന്ന നിയമ പരിഷ്‌കാര ഉപദേശക സമിതിയുടെ യോഗത്തില്‍ പുതിയ ബില്ലിന് അന്തിമരൂപം നല്‍കുമെന്നാണറിയുന്നത്.
Next Story

RELATED STORIES

Share it