ജഡ്ജിമാര്‍ക്കെതിരായ കോഴയാരോപണം: ഹരജി തള്ളി; 25 ലക്ഷം രൂപ പിഴ

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സിറ്റിങ് ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ ലഖ്‌നോ മെഡിക്കല്‍ കോളജ് പ്രവേശന അഴിമതിയില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പ്രമുഖ അഭിഭാഷകരായ ശാന്തി ഭൂഷണും പ്രശാന്ത് ഭൂഷണും അംഗങ്ങളായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് (സിജെഎആര്‍) എന്ന സന്നദ്ധ സംഘടന നല്‍കിയ ഹരജിയാണ് 25 ലക്ഷം പിഴയോടെ തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. ജസ്റ്റിസുമാരായ ആര്‍ കെ അഗര്‍വാള്‍, അരുണ്‍ മിശ്ര, എ എം ഖാന്‍വില്‍കാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ആറു മാസത്തിനകം പിഴയടക്കണം. തുക സുപ്രിംകോടതി ബാര്‍ അസോസിയേഷന്റെ പ്രവര്‍ത്തനത്തിനു വേണ്ടി ഉപയോഗിക്കും. അതേസമയം, ഹരജിക്കാരെ ഭീഷണിപ്പെടുത്തുന്നതാണ് സുപ്രിംകോടതി വിധിയെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. ഈ കേസ് സംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച വിധിന്യായത്തില്‍ എല്ലാ വശങ്ങളും പരിഗണിച്ചിട്ടില്ലെന്ന് കേസിന്റെ വാദത്തിനിടെ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ജുഡീഷ്യറിയുടെ അന്തസ്സും സ്വാതന്ത്ര്യവും സത്യസന്ധതയും സംരക്ഷിക്കാനാണ് താന്‍ ഈ ഹരജി ഫയല്‍ ചെയ്തതെന്നും അദ്ദേഹം വാദിച്ചു. ഈ ഹരജി ഇതേ കേസില്‍ മുമ്പ് നല്‍കിയ മറ്റൊരു ഹരജിയുടെ പദാനുപദ പതിപ്പാണെന്നും ഇത് മറ്റൊരു ബെഞ്ച് തള്ളിക്കളഞ്ഞതാണെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലുള്ളത് തെറ്റായ ധാരണകളും വാദങ്ങളുമാണെന്ന് വേണുഗോപാല്‍ ആരോപിച്ചു. സിജെഎആര്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു സംഘടനയാണ് എന്നിരിക്കെ എങ്ങനെയാണ് ഹരജി ഫയല്‍ ചെയ്യുകയെന്ന് ബെഞ്ച് ചോദിച്ചു. എന്നാല്‍, സിജെഎആറിന്റെ സെക്രട്ടറിയാണ് ഹരജി ഫയല്‍ ചെയ്തതെന്നും ആവശ്യമായ എല്ലാ വിശദാംശങ്ങളും അദ്ദേഹം നല്‍കുമെന്നും ഭൂഷണ്‍ മറുപടി നല്‍കി. കാംപയിന്‍ ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോം സമര്‍പ്പിച്ച ഹരജി 28നു തീരുമാനം എടുക്കാനായി മാറ്റിവയ്ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it