ജങ്കാര്‍ പുറം കടലിലേക്ക് ഒഴുകി

മട്ടാഞ്ചേരി: നിറയെ യാത്രക്കാരും വാഹനങ്ങളുമായി പോയ ഫോര്‍ട്ട്‌കൊച്ചി- വൈപ്പിന്‍ ജങ്കാര്‍ നിയന്ത്രണം വിട്ട് പുറംകടലിലേക്ക് ഒഴുകി. ഇന്നലെ രാവിലെ 6.15ഓടെ ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലേക്കു പോവുകയായിരുന്ന ജങ്കാറാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടത്.രാവിലെ ജെട്ടിയില്‍ നിന്നു പുറപ്പെട്ട ഉടന്‍ ജങ്കാറിന്റെ എന്‍ജിന്‍ നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് ജങ്കാര്‍ ജെട്ടിയിലേക്ക് തിരികെ അടുപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് പുറം കടലിലേക്ക് ഒഴുകി.

ഇതോടെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാര്‍ ബഹളം വച്ചു. ഈ സമയം അതുവഴി വന്ന ലക്ഷദ്വീപ് കപ്പല്‍, ജങ്കാര്‍ നിയന്ത്രണം വിട്ട് ഒഴുകുന്നതു കണ്ട് വഴിമാറി സഞ്ചരിച്ചതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിനു പോവുകയായിരുന്ന ജീസസ്, മാല്‍ക്കിയ, പ്രൈം, സനു എന്നീ ബോട്ടുകളിലെ തൊഴിലാളികള്‍ യാത്രക്കാരുടെ കരച്ചില്‍ കേട്ട് ബോട്ടുമായെത്തി ജങ്കാറിനെ കപ്പല്‍ച്ചാലില്‍ നിന്നു വലിച്ചുമാറ്റി. സംഭവമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അലിസ്റ്റര്‍ ബോട്ടെത്തി ജങ്കാര്‍ വടംകെട്ടി വലിക്കാന്‍ ശ്രമിച്ചെങ്കിലും വടം പൊട്ടി.

ഈ സമയം മല്‍സ്യബന്ധന ബോട്ടുകള്‍ ജങ്കാര്‍ ഒഴുക്കില്‍പ്പെടാതിരിക്കാന്‍ വലയം തീര്‍ത്തു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ദൗത്യം പരാജയപ്പെട്ടതോടെ മല്‍സ്യബന്ധന ബോട്ടായ സനുവിലെ തൊഴിലാളികള്‍ ജങ്കാറിനെ വടംകെട്ടി വലിച്ച് ജങ്കാര്‍ ഫോര്‍ട്ട്‌കൊച്ചി കമാലക്കടവിലെ പെട്രോള്‍ പമ്പിലെ ജെട്ടിയില്‍ അടുപ്പിച്ചു. ജങ്കാറിന്റെ പ്രൊപ്പല്ലറില്‍ റോപ്പ് കുടുങ്ങിയതാണ് എന്‍ജിന്‍ നിലയ്ക്കാന്‍ കാരണമെന്നാണു പറയുന്നത്. ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന യാത്രാബോട്ടില്‍ മല്‍സ്യബന്ധന ബോട്ടിടിച്ച് 10 പേര്‍ മരിച്ചിട്ട് ചുരുങ്ങിയ നാളുകള്‍ മാത്രമെ ആയിട്ടുള്ളൂ.
Next Story

RELATED STORIES

Share it