Azhchavattam

ജഗല്‍

എ പി കുഞ്ഞാമു  

പത്തേമുക്കാലിനാണു വണ്ടി. പന്ത്രണ്ടരയ്ക്കു മുമ്പ് കണ്ണൂരിലെത്തും. ഒരു മണിക്കു മുമ്പെ എങ്ങനെയായാലും കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിലെത്താം. പക്ഷേ, മനസ്സിന്റെ ഈ ലാഘവം ട്രെയിന്‍ കയറിയപ്പോള്‍ ഇല്ലാതായി. കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന ഇന്റര്‍സിറ്റി ട്രെയിനാകയാല്‍ ഒട്ടും തിരക്കുണ്ടാവുകയില്ലെന്നായിരുന്നു കരുതിയത്. പക്ഷേ, കയറിക്കഴിഞ്ഞപ്പോഴല്ലേ തിരക്കിന്റെ പൊടിപൂരം. ചെവിയില്‍ ഇയര്‍ഫോണും മടിയില്‍ സ്മാര്‍ട്ട് ഫോണും വച്ച് മിടുക്കന്മാരും മിടുക്കികളും ഒത്തിരിയെണ്ണം. സദാ കലപിലാ കൂട്ടിക്കൊണ്ട് ആണും പെണ്ണുമായി വേറെ കുറേ പേര്‍. വിനോദയാത്രയ്‌ക്കോ മറ്റോ പോവുന്ന പിള്ളേരാണ് കംപാര്‍ട്ട്‌മെന്റ് നിറയെ. ഈ തീവണ്ടി മുറി മാത്രമല്ല, ലോകം മുഴുവനും തങ്ങളുടേത് മാത്രമാണെന്ന മട്ടിലാണ് അവര്‍ വിലസുന്നത്.
ഒരുവിധം പാടുപെട്ട് കണ്ടെത്തിയ അഞ്ചുപേര്‍ ഇരിക്കുന്ന സീറ്റില്‍ ആറാമനായി അയാള്‍ കൂടി തിക്കിത്തിരക്കി ഇരിക്കാനൊരുമ്പെട്ടപ്പോള്‍ ആദ്യം അമര്‍ഷമാണു തോന്നിയത്. പക്ഷേ, ആ മുഖത്ത് നിറഞ്ഞുനില്‍ക്കുന്ന ദൈന്യത കണ്ടപ്പോള്‍ പാവം ഇരുന്നുകൊള്ളട്ടെ എന്നായി മനസ്സില്‍. പ്രായം അറുപതിനും എഴുപതിനുമിടയ്ക്ക് എവിടെയോ എത്തിനില്‍ക്കുന്ന സാധുമനുഷ്യന്‍. വെട്ടി വെടുപ്പാക്കിയ നരച്ച താടി. കണ്‍തടങ്ങളില്‍ അവശതയുടെ കറുപ്പും ചുളിവുകളും തേഞ്ഞ പല്ലുകളിലൂടെ ഹതാശമായ ഒരു ചിരി പുറത്തേക്കു വരുന്നുണ്ട്. മെലിഞ്ഞ ശരീരം. നീലം മുക്കിയ വെള്ളക്കുപ്പായം ഇന്നലെയോ മിനിഞ്ഞാന്നോ എടുത്തിട്ടതാണ്. കൈയിലെ ഇത്തിരി മുഷിഞ്ഞ മേല്‍മുണ്ടു കൊണ്ട് ഇടയ്ക്കിടെ അയാള്‍ മുഖത്തെ വിയര്‍പ്പൊപ്പുന്നുണ്ട്. അത്തറും വിയര്‍പ്പും ചേര്‍ന്നുണ്ടാവുന്ന അസുഖകരമായ ഏതോ മണം.
ആകെക്കൂടി പറഞ്ഞാല്‍ അയാള്‍ തൊട്ടടുത്ത് വന്നിരുന്നത് എന്റെ 'ടെറിട്ടോറിയല്‍ ഇംപരറ്റീവിനു'മേല്‍ വല്ലാത്തൊരു ആഘാതം സൃഷ്ടിച്ചതുപോലെ തോന്നി. പക്ഷേ, സംസ്‌കാരസമ്പന്നരായ മനുഷ്യര്‍ അത്തരം അസൗകര്യങ്ങള്‍ പുറത്തു കാട്ടരുത്, അസ്വാസ്ഥ്യം പ്രകടിപ്പിക്കരുത്. അതിനാല്‍ ഞാന്‍ അയാളെ നോക്കിയൊന്ന് ചിരിച്ചു.
''ഇന്നെന്തോളീ വല്ലാത്ത തിരക്ക്?'' അയാള്‍ പാതി തന്നോടും പാതി എന്നോടുമായി പറഞ്ഞു. ''ഞാന്‍ കരുതിയത് തിരക്കുണ്ടാവൂലാന്നാണ്. കുറച്ചങ്ങോട്ടെത്തുമ്പം കുറഞ്ഞാ മതിയായിനും''
അയാള്‍ സംഭാഷണത്തിന്റെ ചരടുകള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു. ഞാനൊഴിച്ചു മറ്റാരും അയാളെ ശ്രദ്ധിക്കുന്ന മട്ടില്ല. കുട്ടികളും ഞങ്ങളുമല്ലാതെ അടുത്തുള്ളത് സൈഡ് സീറ്റില്‍ പുറത്തേക്ക് നോക്കിയിരിക്കുന്ന പ്രായമായ ഒരു സ്ത്രീ മാത്രമാണ്. അവര്‍ അയാള്‍ പറയുന്നതു കേള്‍ക്കുന്നേയില്ല. അതിനാല്‍ ഞാന്‍ മാത്രമാണ് അയാളുടെ ശ്രോതാവ്. അതുകൊണ്ട് വര്‍ത്തമാനം മുഴുവനും എന്റെ നേരെ നോക്കിക്കൊണ്ടാണ്.
സാധാരണയായി ഈ വണ്ടിയില്‍ തിരക്കുണ്ടാവാറില്ല. ഉണ്ടെങ്കില്‍ത്തന്നെ വടകര എത്തുമ്പോഴേക്കും ആളൊഴിയും. വലിയ ചാര്‍ജുമില്ലല്ലോ, എന്തുകൊണ്ടും സുഖകരമായി യാത്ര ചെയ്യാന്‍ പറ്റിയ വണ്ടിയാണിത്. അങ്ങനെ മരക്കൊമ്പുകളില്‍ നിന്നു മരക്കൊമ്പുകളിലേക്ക് മാറിമാറി ചിലച്ചുകൊണ്ടിരിക്കുന്ന അണ്ണാനെപ്പോലെ അയാള്‍ ഒരു വിഷയത്തില്‍നിന്ന് മറ്റൊന്നിലേക്ക് ചാടിച്ചാടി കയറിക്കൊണ്ടിരുന്നു. മുഖത്തെ ദൈന്യതയൊന്നും സംസാരിക്കുമ്പോള്‍ ഇല്ല. നല്ല ഉല്‍സാഹത്തോടെയാണ് പറച്ചില്‍. ''ഇങ്ങളെങ്ങോട്ടാ...?'' ഒടുവില്‍ അയാള്‍ നേരിട്ട്
തന്നെ സൗഹൃദം സ്ഥാപിക്കാന്‍
തയ്യാറായി.
''കണ്ണൂരു വരെ'' തെല്ലും താല്‍പ്പര്യം കാണിക്കാതെയാണ് ഞാന്‍ മറുപടി പറഞ്ഞതെങ്കിലും തുടര്‍ന്നുള്ള ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആ താല്‍പ്പര്യക്കുറവിന്റെ മഞ്ഞുപാളികളെ മുഴുവന്‍ സ്വന്തം സംഭാഷണചാതുരിയുടെയും ഊര്‍ജസ്വലതയുടെയും വൈപ്പര്‍ കൊണ്ട് അയാള്‍ തുടച്ചുമാച്ചുകളഞ്ഞു. ഞാനൊരു റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനാണെന്നും എന്റെ പഴയൊരു ചങ്ങാതിയുടെ മകളുടെ കല്യാണത്തിനു പോവുകയാണെന്നും ഇന്ന വണ്ടിക്ക് തിരിച്ചുപോരുമെന്നുമെല്ലാം അയാള്‍ അതിന്നിടയില്‍ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. എനിക്ക് എത്ര കുട്ടികളുണ്ട്, അവരുടെ തൊഴിലെന്താണ്, എന്റെ ഭാര്യ ഏതുകൊല്ലം റിട്ടയര്‍ ചെയ്യും എന്നു വേണ്ട എനിക്ക് മാസാമാസം എത്ര രൂപ പെന്‍ഷന്‍ കിട്ടും എന്നുവരെ അയാള്‍ മനസ്സില്‍ കൃത്യമായി രേഖപ്പെടുത്തിക്കഴിഞ്ഞിരിക്കണം. എത്ര തന്നെ ആഗ്രഹിച്ചാലും സംസാരം മുറിയാന്‍ മൂപ്പര്‍ സമ്മതിക്കുകയേയില്ല. എന്നെപ്പോലെയുള്ള തനി മുരടന്മാര്‍ പോലും വലയില്‍ വീണുപോവും.
വലയ്ക്കുള്ളില്‍ നിന്നു പുറത്തേക്ക് തലനീട്ടി ഞാന്‍ ചോദിച്ചു: ''നിങ്ങള്‍ നിങ്ങളെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ.'' ആ വാചകമൊന്നുമാത്രം മതിയായിരുന്നു അയാള്‍ക്ക് പിടിച്ചുകയറാന്‍. പിന്നീട് അയാള്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ വ്യക്തി ജീവിതത്തിന്റെ വ്യക്തമായൊരു ചിത്രം തന്നെ വരച്ചു.
പെരിങ്ങത്തൂരില്‍ ഒരു മദ്‌റസയിലെ ഉസ്താദാണയാള്‍. ചെറിയ ശമ്പളമേയുള്ളൂ. നാട്ടുകാര്‍ ചില്ലറ സഹായങ്ങളൊക്കെ ചെയ്യും. ഗള്‍ഫില്‍നിന്നു വരുന്നവര്‍ ഉസ്താദിനെ കണ്ട് ചെറിയ കൈമടക്കു കൊടുക്കും. പിന്നെ മദ്‌റസയില്‍ ഓത്തു പഠിപ്പിച്ച കുട്ടികളുടെ നിക്കാഹിന്റെ വേളയില്‍ ബര്‍ക്കത്തിനു വേണ്ടി ആളുകള്‍ ഉസ്താദിനെ കാണാന്‍ വരാറുണ്ട്. ചിലപ്പോള്‍ ദുഅാ ഇരപ്പിക്കാന്‍ ചിലരെത്തുന്നു. ഭക്ഷണം മദ്‌റസയ്ക്ക് തൊട്ടടുത്തുള്ള ഹോട്ടലില്‍ കമ്മിറ്റിക്കാര്‍ ഏല്‍പ്പിച്ചിട്ടുണ്ട്; പല ദിവസങ്ങളിലും ദിക്‌റോ മൗലൂദോ ഉണ്ടാവും. ആളുകള്‍ മരിച്ചാല്‍ കണ്ണോക്കു ദിവസങ്ങളില്‍ ഖത്തം ഓതാന്‍ പോയാലും കിട്ടും അത്യാവശ്യം കാശ്. അങ്ങനെ ഒരുവിധം തട്ടിയും തടഞ്ഞും നേര്‍ച്ചക്കാരുടെ ബര്‍ക്കത്തുകൊണ്ട് കഴിഞ്ഞുപോവുന്നു സാറേ... എല്ലാം പടച്ച റബ്ബിന്റെ തുണ.
''ഇതുകൊണ്ടൊക്കെ കുടുംബം പോറ്റാന്‍ കഴിയുമോ  ഉസ്താദേ...?''  എനിക്കു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഉസ്താദ് ഒന്നു ചിരിച്ചു. ഇരുണ്ട കാര്‍മേഘങ്ങള്‍ക്കിടയിലൂടെ പുറത്തേക്കു തലനീട്ടുന്ന ചന്ദ്രപ്രകാശം പോലെ ഒരു വിളറിയ ചിരി. ആ മുഖത്തെ ഉല്‍സാഹം പൊടുന്നനെ മാഞ്ഞു. ഏതോ കൊടിയ വേദനയാലെന്നോണം ഉസ്താദിന്റെ മുഖം കോച്ചി വലിഞ്ഞു.
''എനക്കെന്തിനാ അത്രക്കായിരം പണം, ഞാനൊരു ഒറ്റത്തടിയല്ലേ.''
ഉസ്താദിന്റെ ഒച്ചയിലും നിഴല്‍വീണിരുന്നു.
''അപ്പോ ഭാര്യയും മക്കളുമൊക്കെ?''
''അഞ്ചാറുകൊല്ലം മുമ്പ് ഓള് പോയി. കാന്‍സറായിരുന്നു.''
''മക്കളോ?''
പൊടുന്നനെ ഉസ്താദിന്റെ മുഖത്ത് പഴയ ഉല്‍സാഹം തിരിച്ചുവന്നു. അയാള്‍ പറഞ്ഞു:
''രണ്ടാളുണ്ട്. അങ്ങു ദൂരെയാ...''
''എവിടെ..''
സാറിന്ന് കേള്‍ക്കണോ- ഉസ്താദൊന്ന് ഞെളിഞ്ഞിരുന്നു. ഒരു വേള മങ്ങിപ്പോയ മുഖത്ത് വീണ്ടും വെളിച്ചം വീണിരിക്കുന്നു.
''ഞാന്‍ മക്കളെ നല്ലോണം പഠിപ്പിച്ചിക്കി. മൂത്തോന്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറാ.. കാസര്‍കോഡ് കോളജില്‍ എംഎസ്‌സിയും നെറ്റും പാസായി. പിഎസ്‌സിയും കിട്ടി. അവന്റെ കോളജില്‍ത്തന്നെയുള്ള ഒരു കുട്ടിയെത്തന്നെയാ കെട്ടിയത്. ഒരു പിഎച്ച്ഡിക്കാരത്തി. ഓറ് രണ്ടുപേരും അവിടെ വീടെടുത്തു കൂടി...''
ഉസ്താദ് കണ്ട പോലെയല്ല വിദ്യാഭ്യാസ കാര്യങ്ങളെപ്പറ്റിയെല്ലാം നല്ല പിടിപാടുണ്ട്. നെറ്റ്, പിഎച്ച്ഡി- എല്ലാത്തിനെപ്പറ്റിയും നല്ല ഗ്രാഹ്യം എന്നു മാത്രമല്ല, മദ്‌റസയില്‍നിന്നു കിട്ടുന്ന ചില്ലറക്കാശ് കൊണ്ട് മകനെ പഠിപ്പിച്ച് നല്ല നിലയിലാക്കുകയും ചെയ്തിരിക്കുന്നു.
''മോളോ''
''ഓള് കോഴിക്കോട്ടാ.. മെഡിക്കല്‍ കോളജാസ്പത്രീല് ഡോക്ടറാ.. മംഗലം കയിച്ച ആള് ബേബീലാ പണിയെടുക്കുന്നത്. നെഫ്രോളജീല്. മോള് പക്ഷേ, നോണ്‍ ക്ലിനിക്കലാ-മൈക്രോ ബയോളജി.''
കൂളായി ഉസ്താദ് പറഞ്ഞുനിര്‍ത്തി, രണ്ടു മക്കള്‍. ഒരാള്‍ കോളജധ്യാപകന്‍, മറ്റേ ആള്‍ ഡോക്ടര്‍, അവരുടെ ഭാര്യാഭര്‍ത്താക്കന്മാരും ഉയര്‍ന്ന പൊസിഷനില്‍. ഈമാന്‍ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും താരിഖും തജ്‌വീദും പഠിപ്പിച്ചും ഖത്തമോതിയും ദുആ ഇരന്നും പണമുണ്ടാക്കി ഈ മനുഷ്യന്‍ തന്റെ മക്കളെ പഠിപ്പിച്ചു. വലിയ ആളുകളാക്കിയിരിക്കുന്നു. ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്ക് ഉറച്ച കാല്‍വയ്പ്പുകളോടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമുദായത്തെ ഓര്‍ത്ത് എന്റെ മനസ്സില്‍ അഭിമാനം നിറഞ്ഞു.
''അപ്പോ, ഉസ്താദ് കോഴിക്കോട്ട് മോളുടെ വീട്ടീന്നുള്ള വരവാണോ?''
ഉസ്താദിന്റെ മുഖത്തേക്ക് വീണ്ടും കാര്‍മേഘപാളികള്‍ പടര്‍ന്നുകയറിയോ? ഇല്ല, എനിക്ക് വെറുതെ തോന്നിയതാണ്. വെളിമ്പറമ്പുകളിലൂടെയുള്ള തീവണ്ടിയുടെ ഓട്ടത്തിനിടയില്‍ വെളിച്ചവും നിഴലുകളും മാറിമറിഞ്ഞെത്തുന്നു എന്നേയുള്ളൂ. ആ മുഖം നിറയെ പാലുപോലെ വെളുത്ത ചിരിയാണിപ്പോള്‍.
''രണ്ടു ദിവസം അവിടെ കൂടി... ഓക്കൊരു ചെറിയ ചെക്കനുണ്ട്. വല്ലാത്ത ജഗലാ, ഉപ്പുപ്പാനെ വിടൂല ചെക്കന്‍...''   വണ്ടി തലശ്ശേരിയിലെത്തുന്നതുവരെ ഉസ്താദിന്റെ വര്‍ത്തമാനം കൊച്ചുമോന്റെ കുസൃതികളെപ്പറ്റിയായിരുന്നു. ''ഓന്‍ ബല്ലാത്ത ജഗലാ...'' ഉസ്താദ് വീണ്ടും വീണ്ടും പറഞ്ഞു.
വണ്ടി വേഗം കുറച്ചിരിക്കുന്നു. സ്‌റ്റേഷനെത്താറായി. ഉസ്താദ് കൈയിലിരുന്ന തോര്‍ത്ത് വീശിക്കുടഞ്ഞു. എന്നിട്ട് എഴുന്നേറ്റു നിന്ന് എന്റെ കൈപിടിച്ചു.
''വലിയ സന്തോഷമായി, ഇങ്ങനെയൊക്കെ മിണ്ടിപ്പറഞ്ഞിരിക്കുന്നത് തന്നെയാണല്ലോ ഒരു സുഖം.''
''അവനവന്റെ സന്തോഷങ്ങള്‍ മറ്റുള്ളവര്‍ക്കും പങ്കുവയ്ക്കുക അല്ലേ?''
ഞാനല്‍പ്പം ഫിലോസഫിക്കലായത് മനപ്പൂര്‍വം തന്നെയാണ്. ഒരു കടിക്കുള്ള വിഷം എനിക്കുമുണ്ടെന്ന് ഉസ്താദിന് തോന്നണമല്ലോ.
''വെറുതെ പറയണതല്ലല്ലോ, ഉള്ളതല്ലേ...'' ഉസ്താദും നല്ല മൂഡിലായിരുന്നു. ''വെറുതെ പറഞ്ഞാല്‍ പടച്ചോന്‍ വിടൂല. അല്ലേ സാറേ...''
ഉസ്താദ് കണ്ണിറുക്കിക്കൊണ്ട് എന്റെ കൈപിടിച്ചമര്‍ത്തി. ഞാന്‍ കംപാര്‍ട്ട്‌മെന്റിന്റെ വാതിലോളം വരെ ഉസ്താദിന്റെ കൂടെ ചെന്നു.
''ഇതുപോലെ എപ്പളെങ്കിലും കാണാം. സാറ് ദുആ ചെയ്യണം-'' ഇറങ്ങുമ്പോള്‍ ഞാന്‍ ആ മുഖത്തു നോക്കി, അയാളുടെ കണ്ണു നിറഞ്ഞിരിക്കുന്നു. അതിനുമാത്രം ഇപ്പോള്‍ ഇവിടെ എന്തുണ്ടായി, പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പാടുപെട്ട് മക്കളെ പഠിപ്പിച്ച് വലുതാക്കിയ ഒരു മനുഷ്യന്റെ ആത്മനിര്‍വൃതിയുടെ കണ്ണുനീരാവാം ഒരു പക്ഷേ അത്-
ആള്‍ക്കൂട്ടത്തിന്നിടയിലൂടെ ഉസ്താദ് ഒരു പൊട്ടായി, പൊടിയായി പിന്നീടൊരു ഓര്‍മയായി മാഞ്ഞുപോവുന്നതിനിടയില്‍ വണ്ടി വടക്കോട്ട് പാഞ്ഞു.
കല്യാണച്ചോറ് കഴിഞ്ഞ ശേഷം സ്‌നേഹിതന്‍ തന്റെ മകനെ എനിക്ക് പരിചയപ്പെടുത്തി... ഇതു മോനാ, പെരിങ്ങത്തൂരിലാ ജോലി; ഹയര്‍സെക്കന്‍ഡറി ടീച്ചറാ...
ആ ചെറുപ്പക്കാരന്‍ ഭവ്യതയോടെ   ചിരിച്ചു.
പെരിങ്ങത്തൂര്‍ എന്നു കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മവന്നത് അല്‍പ്പം മുമ്പ് തീവണ്ടിയില്‍ വച്ചു കണ്ട ഉസ്താദിനെയാണ്. എന്തെങ്കിലുമൊന്ന് പറയണമല്ലോ എന്നു കരുതിയാണ് ഞാന്‍ മൂപ്പരെ പറ്റി അവനോട് ചോദിച്ചത്.
''അറിയോന്നോ... മമ്മൂട്ടിയുസ്താദിനെ ആരാ അറിയാത്തത്?''
''ആള് വലിയ ജഗലാ അല്ലേ...''
''ഓ...'' ആ ചെറുപ്പക്കാരന്റെ മുഖം മങ്ങി... ''ഉസ്താദിന്റെ കാര്യമൊക്കെ വലിയ കഷ്ടമാ. ഒരുപാട് ബുദ്ധിമുട്ടിയാ മക്കളെ പഠിപ്പിച്ചത് നാട്ടുകാരില്‍ പലരുടെയും എതിര്‍പ്പൊക്കെ ഉണ്ടായിരുന്നുപോലും എന്നിട്ടും ഉസ്താദ് പിടിച്ചുനിന്നു.''
''അതിനെന്താ, മക്കളൊക്കെ നല്ല നിലയിലെത്തിയില്ലേ...''
''അതു ശരിയാ. പക്ഷേ, അതുകൊണ്ട് ഉസ്താദിനെന്ത് ഗുണമുണ്ടായി? മോന്‍ കാസര്‍കോട്ട് വലിയ നിലയിലാ. പക്ഷേ, സ്വന്തം ഉമ്മ മരിച്ചിട്ട് ഒന്ന് വന്നു പോയി, അത്രതന്നെ. ഉസ്താദ് ഖത്തമോതിയും നൂല് മന്ത്രിച്ചും പൈസയുണ്ടാക്കി, ഒരുപാട് വെഷമിച്ചിട്ടാ ഓറെ ചികില്‍സ നടത്തിയത്. ഓനൊന്നു തിരിഞ്ഞുനോക്കീറ്റും കൂടി ഇല്ല.''
എന്റെ കണ്ണുകളില്‍ ഇരുട്ടുകയറിത്തുടങ്ങിയോ? എന്നിട്ടും ഞാന്‍ ചോദിച്ചു.
''പക്ഷേ മോള്‍...''
''അതാ അതിനേക്കാള്‍ വലിയ ബേജാറ്. ഓള് ഡോക്ടറാ. ഓളെ കെട്ടിയതും ഡോക്ടറാ, ക്രിസ്ത്യാനി. ഒരു മോനുണ്ട്. ഉസ്താദ് ആ ചെക്കനെ കണ്ടിട്ടുകൂടിയില്ല, ഓള് കണ്‍വര്‍ട്ട് ചെയ്ത് ക്രിസ്ത്യാനി ആയിക്ക്...''
ഇപ്പോള്‍ എന്റെ കണ്ണുകളില്‍ തീര്‍ത്തും ഇരുട്ടാണ്.
''മൂപ്പരങ്ങനെ നടക്കും. തീരെ സുഖമില്ലാ, എന്നാലും യാത്രയാ. ഒഴിവുള്ളപ്പോള്‍ ഏതെങ്കിലും യാറത്തിലോ പള്ളീലോ പോയി ഒന്നുരണ്ടീസം കഴിയും. നേര്‍ച്ചയ്ക്കും ദിക്‌റിനും പോവും. കോഴിക്കോട്ട് സി എം സെന്ററിലോ മറ്റോ പോയപ്പോഴായിരിക്കും നിങ്ങള് പരിചയപ്പെട്ടത്, പെരിങ്ങത്തൂര് മദ്‌റസേന്ന് കിട്ടുന്നതും നാട്ടുകാര് കണ്ടറിഞ്ഞു കൊടുക്കുന്നതും മൂപ്പര്‍ക്ക്, ഡയാലിസിസിനുള്ള ചെലവിന് തികയൂല... രണ്ടു കിഡ്‌നിയും പോക്കാ...
തീവണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ ആ കണ്‍കോണില്‍ ഊറിനിന്ന കണ്ണുനീര്‍ത്തുള്ളി ആ സമയത്ത് എന്റെ കൈത്തണ്ടയില്‍ ഇറ്റിവീണു. അതിന്റെ ചൂട് ഞാന്‍ തൊട്ടറിഞ്ഞു. ി
Next Story

RELATED STORIES

Share it