ജഗന്നാഥ ക്ഷേത്രത്തിന്റെ ട്രഷറിയുടെ താക്കോല്‍ കാണാതായി

ഭുവനേശ്വര്‍: 12ാം നൂറ്റാണ്ടില്‍ പണിത ഒഡീഷയിലെ ജഗന്നാഥ ക്ഷേത്രത്തിലെ ട്രഷറിയുടെ താക്കോലുകള്‍ കാണാതായി. ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ഉത്തരവിട്ടു. നിയമമന്ത്രി പ്രതാപ്ജന, ശ്രീ ജഗന്നാഥ ക്ഷേത്ര ഭരണമേധാവി പി കെ ജന എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. വിരമിച്ച ഹൈക്കോടതി ജഡ്ജിയായിരിക്കും അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ട്രഷറിയുടെ താക്കോലുകള്‍ കാണാനില്ലെന്ന് ഏപ്രില്‍ 4നു ചേര്‍ന്ന ശ്രീ ജഗന്നാഥ ക്ഷേത്ര മാനേജിങ് കമ്മിറ്റിയുടെ യോഗത്തിലാണ് അറിയിച്ചത്. കമ്മിറ്റി അംഗം രാമചന്ദ്രദാസ് മഹാപത്രയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചാവിഷയമായി. ക്ഷേത്ര ഭരണസമിതിയുടെയോ പുരി ജില്ലാ ട്രഷറിയുടെയോ കൈവശം താക്കോല്‍ ഇല്ലെന്നാണ് റിപോര്‍ട്ട് ചെയ്തത്.
ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം തുറക്കുന്നതിനു മുമ്പ് ഓരോ തവണയും ചട്ടപ്രകാരം സമിതി രൂപീകരിക്കണം. ഈ സമിതിയാണ് താക്കോലുകള്‍ ജോലി പൂര്‍ത്തിയായശേഷം പുരി കലക്ടര്‍ക്കു കൈമാറേണ്ടത്. രത്‌നഭണ്ഡാരം ഒടുവില്‍ തുറന്നത് 1984 ലാണ്. അതിനുശേഷം താക്കോ ല്‍ ഏല്‍പിച്ചതായി വിവരമില്ലെന്നാണ് പുരി ജില്ലാ കലക്ടര്‍ അരബിന്ദ അഗര്‍വാള്‍ ക്ഷേത്രം കമ്മിറ്റിയെ അറിയിച്ചത്.
Next Story

RELATED STORIES

Share it